വിരമിക്കല്‍ ഉണ്ടാവില്ല; വിനേഷ് ഫോഗട്ട് ഗുസ്തിയിലേക്ക് മടങ്ങിയെത്തുമെന്ന് സൂചന

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടിട്ടും വിനേഷ് ഫോഗട്ട് രാജ്യത്ത് തിരിച്ചെത്തിയപ്പോള്‍ ഉജ്ജ്വലസ്വീകരണമായിരുന്നു ലഭിച്ചത്.

ആര്‍പ്പും ആരവവും ആഹ്ലാദവും ഉയര്‍ത്തി ഡല്‍ഹി വിമാനത്താവളത്തില്‍ തുടങ്ങി, 20 ഓളം സ്വീകരണയോഗങ്ങളില്‍ പങ്കെടുത്ത് വിനേഷ് സ്വന്തം ഗ്രാമത്തിലെത്തിയപ്പോള്‍ പുലര്‍ച്ചെ ഒരു മണിയായിരുന്നു. 

നീണ്ട യാത്രയ്‌ക്കൊടുവില്‍ ഹരിയാണയിലെ ചാര്‍ഖി ദാദ്രി ജില്ലയിലെ ബാലാലി ഗ്രാമത്തിലെത്തിയപ്പോഴേക്കും വിനേഷ് ക്ഷീണിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പ്രിയ താരത്തെ കാത്ത് നൂറു കണക്കിന് ഗ്രാമീണര്‍ ഉറക്കമിഴിച്ച് അവിടെ തടിച്ചുകൂടിയിരുന്നു.

'ഒളിമ്പിക്സ് മെഡല്‍ നഷ്ടമായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ മുറിവ് ഉണക്കാന്‍ എത്ര സമയമെടുക്കുമെന്ന് എനിക്കറിയില്ല. എന്നാല്‍ എന്റെ സഹ ഇന്ത്യന്‍ താരങ്ങളില്‍ നിന്നും എന്റെ ഗ്രാമത്തില്‍ നിന്നും എന്റെ കുടുംബാംഗങ്ങളില്‍ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള സ്‌നേഹം, ഈ മുറിവ് ഉണക്കാന്‍ എനിക്ക് കുറച്ച് ധൈര്യം ലഭിക്കും. 

ഒരുപക്ഷേ, എനിക്ക് ഗുസ്തിയിലേക്ക് മടങ്ങാം. ഞാന്‍ ഗുസ്തി പിന്തുടരുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ഇന്ന് എനിക്ക് ലഭിച്ച ധൈര്യം, അത് ശരിയായ ദിശയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല, പോരാട്ടം തുടരും, സത്യം ജയിക്കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു' വിനേഷ് തന്റെ ഗ്രാമത്തിലുള്ളവരോട് പറഞ്ഞു.

100 ഗ്രാം അധികമായതിനെത്തുടര്‍ന്ന് അയോഗ്യയാക്കിയതിന് പിന്നാലെ വിനേഷ് വിരമിക്കല്‍ പ്രഖ്യപിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് തിരിച്ചെത്തിയ ശേഷം നടത്തിയ പ്രതികരണത്തില്‍ വിനേഷ് ഗുസ്തിയിലേക്ക് മടങ്ങിയെത്തുമെന്ന സൂചനയാണ് നല്‍കുന്നത്.

അവശയായ വിനേഷിന് സംസാരിക്കുന്നതിനിടെ ഒ.ആര്‍.എസ് ലായനി നല്‍കുന്നുണ്ടായിരുന്നു. എല്ലാ അംഗീകാരങ്ങള്‍ക്കും താന്‍ അര്‍ഹയാണോ അല്ലയോ എന്ന് തനിക്കിപ്പോഴും അറിയില്ല. പക്ഷേ, ഈ ഗ്രാമത്തില്‍ ജനിക്കാന്‍ കഴിഞ്ഞതില്‍ ഏറ്റവും വലിയ ഭാഗ്യമായി താന്‍ കരുതുന്നുവെന്നും അവര്‍ പറഞ്ഞു.

'എന്റെ ഗ്രാമം എനിക്ക് നല്‍കിയിട്ടുള്ള സ്‌നേഹത്തിന്റെ കടം തീര്‍ക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. സ്ത്രീകളുടെയും ഈ ഗ്രാമത്തിന്റെയും അഭിമാനത്തിനായി ഞാന്‍ എപ്പോഴും പോരാടുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു. ഗ്രാമത്തില്‍ നിന്നുള്ള ആരെങ്കിലും എന്റെ പാരമ്പര്യം പിന്തുടരുകയും എന്റെ റെക്കോഡുകള്‍ തകര്‍ക്കുകയും ചെയ്യണമെന്ന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 

എന്റെ നാടിന്റെ, മണ്ണിനോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. എന്റെ ഗ്രാമത്തിലെ വനിതാ ഗുസ്തിക്കാരെ എനിക്ക് കഴിയുന്ന വിധത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെങ്കില്‍, അത് എന്റെ ഏറ്റവും വലിയ നേട്ടമായിരിക്കും' വിനേഷ് പറഞ്ഞു.

അയോഗ്യതയ്‌ക്കെതിരേ നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായികക്കോടതി തള്ളിയതിനു പിന്നാലെയാണ് വിനേഷ് ഇന്ത്യയിലേക്ക് മടങ്ങിയത്. വിങ്ങിപ്പൊട്ടിയ മനസ്സുമായി ശനിയാഴ്ച രാവിലെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങി. കഴുത്തില്‍ മെഡലണിഞ്ഞല്ല തിരികെയെത്തിയതെങ്കിലും കാത്തുനിന്നവര്‍ വിനേഷിനെ വരവേറ്റത് തികഞ്ഞ ആവേശത്തോടെയാണ്. 

ഇന്ത്യക്കാര്‍ക്ക് വിനേഷ് അന്നും ഇന്നും എന്നും ചാമ്പ്യന്‍ തന്നെയെന്ന് തോന്നിക്കുംവിധമായിരുന്നു സ്വീകരണം. വിനേഷിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമല്ല, ബലാലി ഗ്രാമത്തിലെ ജനങ്ങളും എത്തിയിരുന്നു. സഹതാരങ്ങളായ സാക്ഷി മാലിക്, ബജ്റംഗ് പൂനിയ എന്നിവര്‍ക്കുപുറമേ കോണ്‍ഗ്രസ് നേതാവും ഹരിയാണയില്‍നിന്നുള്ള ലോക്സഭാംഗവുമായ ദീപേന്ദര്‍ സിങ് ഹൂഡയും എത്തി. 

'വിനേഷിനെ സ്വീകരിക്കാന്‍ ഞങ്ങളുടെ ഗ്രാമത്തില്‍നിന്നും അടുത്തഗ്രാമങ്ങളില്‍നിന്നും ആളുകളെത്തിയിട്ടുണ്ട്. അവള്‍ എനിക്ക് എപ്പോഴും ചാമ്പ്യനാണ്' -വിനേഷിന്റെ അമ്മ പ്രേം ലത പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

മുടി വളരുന്ന അത്ഭുതരൂപം.. വിശ്വാസികളുടെ നിലയ്ക്കാത്ത പ്രവാഹം.. 𝕋ℍ𝔸ℕ𝕂𝔼𝕐 Church | തങ്കിപ്പള്ളി

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !