ഇടുക്കി: ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ രാമക്കല്‍മേട്ടിലേക്കുള്ള വഴി തമിഴ്നാട് വനംവകുപ്പ് അധികൃതര്‍ അടച്ചു. ജില്ലയിലെതന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്. ഇവിടേക്കുള്ള നടപ്പുവഴിയാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച രാവിലെ 11-ന് അടച്ച് ബോര്‍ഡ് സ്ഥാപിച്ചത്.
രാമക്കല്‍മേട്ടില്‍ എത്തുന്ന സഞ്ചാരികള്‍ പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിഞ്ഞ് തമിഴ്നാടിന്റെ സ്ഥലം മലിനപ്പെടുത്തുന്നതാണ് നടപടിക്ക് പിന്നിലെ കാരണമെന്നാണ് വാദം.
അതിക്രമിച്ചുകടന്നാല്‍ 500 രൂപ പിഴയും ആറുമാസംവരെ തടവും ലഭിക്കാമെന്ന മുന്നറിയിപ്പ് ബോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍, മറ്റൊരു ബോര്‍ഡുകൂടി സ്ഥാപിക്കാന്‍ ശ്രമിച്ച സംഘത്തെ പ്രദേശവാസികള്‍ തടഞ്ഞതിനെത്തുടര്‍ന്ന് നേരിയതോതില്‍ വാക്കുതര്‍ക്കം ഉണ്ടായി. പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ എത്തി തേനി ഫോറസ്റ്റ് ഡിവിഷന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ബോര്‍ഡ് സ്ഥാപിക്കാതെ തമിഴ്നാട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിരിഞ്ഞുപോയി.
തമിഴ്നാടിന്റെ വിദൂര കാഴ്ചകളാല്‍ പ്രസിദ്ധമായ രാമക്കല്ലാണ് രാമക്കല്‍മേട്ടിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഇവിടെക്കുള്ള ഏക പ്രവേശന കവാടം തമിഴ്നാട് അധികൃതര്‍ അടച്ചതോടെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി നേരിടും. മുന്‍പും അധികൃതര്‍ വഴി അടച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ച് കോണ്‍ക്രീറ്റില്‍ ഉറപ്പിച്ചാണ് അധികൃതര്‍ മടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.