കൊച്ചി: യുഡിഎഫിലെ എല്ലാ എംഎൽഎമാരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ അറിയിച്ചു. ദുരന്തത്തിനിരയായ വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളിലും യുഡിഎഫ് പങ്കാളിയാവും.
മുസ്‌ലിം ലീഗ് വലിയ പുനരധിവാസ പദ്ധതി ഇതിനകം പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി 100 വീടുകൾ വച്ചുനൽകുമെന്ന് അറിയിച്ചു. യുഡിഎഫിലെ എല്ലാ കക്ഷികളും പുനരധിവാസ പദ്ധതിയിൽ പങ്കാളിയാവും. ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളെയും ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ കഴിയണം. അതിനു വേണ്ട എല്ലാ സഹായവും, ഇപ്പോൾ പ്രഖ്യാപിച്ചതിനു പുറമെ യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടാവും. പുനരധിവാസത്തിൽ പൂർണമായി സഹകരിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
‘‘ഇത്തരം ദുരന്തങ്ങൾ കേരളത്തിൽ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യാനാവുമെന്ന് ആലോചിക്കണം. രാജ്യാന്തര തലത്തിലുള്ള പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യം 2021 ൽ അടിയന്തര പ്രമേയമായി കൊണ്ടുവന്നതാണ്. അതിനു ശേഷവും പലവട്ടം നിയമസഭയിൽ ഉന്നയിച്ചു. മലയിടിച്ചിലിനു സാധ്യതയുള്ള എല്ലാ ഏരിയയും മാപ്പ് ചെയ്യണം. വകുപ്പുകളെ ഏകോപിപ്പിക്കണം. മണ്ണിന്റെ ഘടന പരിശോധിക്കണം. കുസാറ്റ് കാലാവസ്ഥാ വകുപ്പു രാജ്യാന്തര നിലവാരത്തിലെ സൗകര്യങ്ങളുള്ളതാണ്. അവരെക്കൂടി ലിങ്ക് ചെയ്യണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ മലയിടിച്ചിലും മറ്റും മുൻകൂട്ടി അറിയാൻ കഴിയണം. ഇപ്പോഴുള്ള പുനരധിവാസത്തിനൊപ്പം അതിനുവേണ്ടിയുള്ള ശ്രമം ഉണ്ടാവണം. മുന്നറിയിപ്പു സംവിധാനം വേണം. മുന്നറിയിപ്പുണ്ടായാൽ എത്രയും വേഗം ആളുകളെ മാറ്റിപ്പാർപ്പിക്കാൻ കഴിയണം’’ – വി.ഡി. സതീശൻ പറഞ്ഞു.
2016 ൽ തയാറാക്കിയ ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാനാണു നിലവിലുള്ളത്. ദുരന്തങ്ങളുടെ സ്വഭാവം തന്നെ മാറി. ഇതു സംബന്ധിച്ചു ഞങ്ങൾക്ക് ഒരു പ്ലാനുണ്ട്. അതു സർക്കാരിനു സമർപ്പിക്കും. കാലാവസ്ഥാ മാറ്റം സർക്കാർ നിസാരമായി എടുക്കരുത്.
പുതിയ നയങ്ങൾ പോലും അതിനെ ആധാരമാക്കി വേണം. കെ റെയിലിനെയും തീരദേശ ഹൈവേയെയും എതിർക്കുന്നത് അതുകൊണ്ടാണ്. കാലാവസ്ഥ പ്രശ്നങ്ങൾ ഗുരുതരമാണ്. മഴയുടെ അളവ്, മണ്ണിന്റെ ഘടന, കാലാവസ്ഥ എല്ലാം ഏകോപിപ്പിച്ചുള്ള മുന്നറിയിപ്പു സംവിധാനവും പുനരധിവാസത്തിനൊപ്പം വേണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.