മലബാര്‍ മേഖലയില്‍ സജീവമായ സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങള്‍ തലസ്ഥാനത്തും കളം മുറുക്കുന്നു;തിരുവനന്തപുരത്ത് മലയാളികളുടെയും തമിഴ്‌നാട് സ്വദേശികളുടെയും സ്വര്‍ണക്കടത്തു സംഘങ്ങൾ

തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ സജീവമായ സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങള്‍ തലസ്ഥാനത്തും കളം മുറുക്കുന്നതിന്റെ സൂചനയാണു തിരുവനന്തപുരം നഗരമധ്യത്തില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന തട്ടിക്കൊണ്ടുപോകല്‍.

വടക്കന്‍ ജില്ലകളില്‍ പൊലീസ് കൂടുതല്‍ ജാഗ്രത പാലിക്കുന്നതിനാല്‍ മറ്റു വിമാനത്താവളങ്ങളിലേക്കു കളം മാറാനുള്ള ശ്രമമാണോ നടക്കുന്നതെന്നും പൊലീസിനു സംശയമുണ്ട്. 

സ്വര്‍ണക്കടത്തിനിടെ ഉണ്ടായ അപ്രതീക്ഷിത ട്വിസ്റ്റാണ് കഴിഞ്ഞ രാത്രി തിരുവനന്തപുരത്തു നടന്ന സ്വര്‍ണം പൊട്ടിക്കല്‍ എട്ടുനിലയില്‍ പൊട്ടാന്‍ കാരണം. സിംഗപ്പുരില്‍നിന്നു സ്വര്‍ണം കൊണ്ടുവന്ന യാത്രക്കാരനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവച്ചതോടെ പൊട്ടിക്കല്‍ ശ്രമം പാളുകയായിരുന്നു. 

സിംഗപ്പുരില്‍നിന്നും സ്വര്‍ണവുമായി ആള്‍ വരുന്നുണ്ടെന്നും അയാളില്‍നിന്നു സ്വര്‍ണം വാങ്ങാന്‍ തമിഴ്‌നാട്ടില്‍നിന്ന് മുഹമ്മദ് ഉമര്‍ എത്തുമെന്നും കൃത്യമായി വിവരം കിട്ടിയതിനെ തുടര്‍ന്നാണ് രണ്ടു കാറുകളില്‍ പൊട്ടിക്കല്‍ സംഘം വിമാനത്താവളത്തിനു സമീപം കാത്തുകിടന്നത്. 

ഇവര്‍ ഏറെ സമയമായി ഉമറിനെ നിരീക്ഷിച്ചിരുന്നു. ഉമറാകട്ടെ ഇതൊന്നും അറിയാതെ സ്വര്‍ണവുമായി വരുന്നയാളെ വിമാനത്താവളത്തിനു പുറത്തു കാത്തുനില്‍ക്കുകയായിരുന്നു. യാത്രക്കാരനില്‍നിന്ന് സ്വര്‍ണം വാങ്ങി മറ്റൊരു സംഘത്തെ ഏല്‍പ്പിക്കുക എന്നതായിരുന്നു ഉമറിന്റെ ദൗത്യം. 

ഒടുവില്‍ ആള്‍ വരാതിരുന്നതിനെ തുടര്‍ന്ന് ഉമര്‍ രാത്രിയില്‍ വിമാനത്താവളത്തിന്റെ രാജ്യാന്തര ടെര്‍മിനലിനു പുറത്തെത്തി ഓട്ടോയില്‍ മടങ്ങാന്‍ തീരുമാനിച്ചു. തിരുനെല്‍വേലി ഭാഗത്തേക്കുള്ള ബസ് പിടിക്കാനായാണ് ഉമര്‍ ഓട്ടോയില്‍ കയറിയത്. 

ഉമര്‍ സ്വര്‍ണവുമായാണു മടങ്ങുന്നതെന്നു തെറ്റിദ്ധരിച്ചു പൊട്ടിക്കല്‍ സംഘം രണ്ടു കാറുകളില്‍ ഓട്ടോയെ പിന്തുടര്‍ന്നു. അഞ്ചുപേരാണു സംഘത്തിലുണ്ടായിരുന്നത്. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലേക്കു പോകുന്നതിനിടെ രാത്രി പന്ത്രണ്ടരയോടെ നഗരമധ്യത്തില്‍ തകരപ്പറമ്പ് റോഡില്‍ വച്ചാണ് കാര്‍ തടഞ്ഞത്. തുടര്‍ന്ന് ഓട്ടോഡ്രൈവറെ കീഴ്പ്പെടുത്തി യുവാവിനെ ക്രൂരമായി മര്‍ദിച്ചു ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. 

എന്നാല്‍ തുടര്‍ന്നുള്ള യാത്രയിലാണു വമ്പന്‍ ട്വിസ്റ്റിനെക്കുറിച്ചു പൊട്ടിക്കല്‍ സംഘത്തിനു മനസിലായത്. ഉമറിന്റെ കൈയില്‍ സ്വര്‍ണത്തിന്റെ പൊടിപോലുമില്ലെന്നു മനസിലായതോടെ അയാളെ വഴിയില്‍ ഇറക്കി സംഘം തടിതപ്പി. 

പരിഭ്രാന്തനായ ഓട്ടോ ഡ്രൈവര്‍ വൈശാഖ് പൊലീസില്‍ വിവരം അറിയിച്ചില്ലായിരുന്നെങ്കില്‍ പൊട്ടിക്കല്‍ കഥ ആരുമറിയാതെ പോകുമായിരുന്നു. വൈശാഖ് പറഞ്ഞ വിവരങ്ങള്‍ കേട്ടപ്പോള്‍ തന്നെ പൊലീസിനു ‘സ്വര്‍ണം’ മണത്തു. 

ചൊവ്വാഴ്ച രാത്രി സിംഗപ്പൂരില്‍നിന്നു വന്ന തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി എന്നാണു പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ സിസിടിവി കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ കഥ മാറി മറിഞ്ഞു. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും ഇമിഗ്രേഷന്‍ രേഖകളും പരിശോധിച്ചതില്‍നിന്നു തട്ടിക്കൊണ്ടുപോയതു യാത്രക്കാരനെ അല്ലെന്നു കണ്ടെത്തി. 

ദൃശ്യങ്ങളില്‍നിന്ന് ഉമര്‍ വിമാനത്താവളത്തിനുള്ളില്‍ കയറിയിട്ടില്ലെന്നും വ്യക്തമായി. ഇതോടെയാണു സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണു തട്ടിക്കൊണ്ടുപോകലിനു പിന്നില്ലെന്നു പൊലീസ് ഉറപ്പിച്ചത്. 

ഇതോടെ അന്വേഷണം സിസിടിവി ദൃശ്യങ്ങളില്‍ കണ്ട കാറുകള്‍ കേന്ദ്രീകരിച്ചായി. റെന്റ് എ കാറിലാണു തട്ടിക്കൊണ്ടുപോയതെന്നും കാര്‍ കാക്കാമൂല സ്വദേശിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണെന്നും തിരിച്ചറിഞ്ഞു. അവരില്‍നിന്നു മറ്റൊരാള്‍ വാടകയ്ക്ക് എടുത്ത കാര്‍ അഞ്ച് കൈമറിഞ്ഞാണു പ്രതികളുടെ പക്കല്‍ എത്തിയതെന്നും കണ്ടെത്തിയതോടെ പ്രതികളിലേക്കുള്ള വഴി എളുപ്പമായി. 

ചിലരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. തലസ്ഥാനത്തു മുന്‍പും പൊട്ടിക്കല്‍ 2023 ഫെബ്രുവരിയില്‍ ഗള്‍ഫില്‍നിന്നു വന്നയാളെ ചാക്കയില്‍ വച്ച് ആക്രമിച്ച് സ്വര്‍ണം പൊട്ടിച്ചിരുന്നു. 

ഗള്‍ഫില്‍നിന്നു കടത്തിക്കൊണ്ടുവന്ന ഒരു കിലോ സ്വര്‍ണം തിരുവനന്തപുരത്തു കൈമാറ്റം ചെയ്തതു ‘സ്വര്‍ണം പൊട്ടിക്കല്‍’ ആണെന്ന് പേട്ട പൊലീസിന്റെ അന്വേഷണത്തിലാണു വ്യക്തമായത്. സംഭവത്തില്‍ കൊല്ലം പള്ളിമുക്ക് സ്വദേശികളായ മുഹമ്മദ് ഷാഹിദ് (28), സെയ്ദലി അലി (28) എന്നിവരെ അറസ്റ്റ് ചെയ്തു. 

ഫെബ്രുവരി ആറിന് ഗള്‍ഫിലുള്ള കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇസ്മായില്‍ സുഹൃത്തും കൊല്ലം സ്വദേശിയുമായ മുഹമ്മദ് ഷമീം വഴി കൊടുത്തുവിട്ട ഒരു കിലോ സ്വര്‍ണം തട്ടിയെടുത്ത സംഭവത്തിലായിരുന്നു അറസ്റ്റ്. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ സ്വര്‍ണം വാങ്ങാന്‍ തന്റെ സുഹൃത്തുക്കള്‍ എത്തുമെന്ന് ഇസ്മായില്‍ ഷമീമിനെ അറിയിച്ചിരുന്നു. 

എന്നാല്‍ വിമാനത്താവളത്തിനു പുറത്തിറങ്ങിയ ഷമീം, ഇസ്മായിലിന്റെ കൂട്ടുകാരെ കാത്തുനില്‍ക്കാതെ കൊല്ലത്തെ തന്റെ സുഹൃത്തുക്കള്‍ക്ക് ഒപ്പം കടന്നു. കരിക്കകത്തെ പെട്രോള്‍ പമ്പിലെത്തിയശേഷം ഷമീം ഇസ്മായിലിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പമ്പില്‍ വച്ച് സ്വര്‍ണം തന്റെ കയ്യില്‍നിന്നു മറ്റൊരു സംഘം തട്ടിയെടുത്തതായി പറഞ്ഞു.

ഇസ്മായില്‍ ഇക്കാര്യം വിമാനത്താവളത്തിനു പുറത്ത് കാത്തുനിന്ന തന്റെ കൂട്ടുകാരെ അറിയിച്ചു. ഇവര്‍ പമ്പിലെത്തി ഷമീമും സംഘവുമായി വാക്കുതര്‍ക്കവും കയ്യാങ്കളിയുമായി. പമ്പ് ജീവനക്കാര്‍ വിവരം അറിയിച്ചതനുസരിച്ച് 11 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 13 പവന്റെ മാല നഷ്ടപ്പെട്ടെന്നായിരുന്നു ചോദ്യം ചെയ്യലില്‍ പൊലീസിനോട് ഇവര്‍ പറഞ്ഞത്. 

സിസിടിവി പരിശോധയിലാണ് ഷമീമില്‍നിന്ന് മുഹമ്മദ് ഷാഹിദ്, സെയ്ദലി അലി എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗസംഘം കാറിലെത്തി ‘സ്വര്‍ണം പൊട്ടിച്ച’തായി കണ്ടെത്തിയത്. തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. 

എന്നാല്‍ എല്ലാം ഷമീമിന്റെ ആസൂത്രണമായിരുന്നു എന്നാണ് ഇരുവരുടെയും മൊഴി. പട്രോള്‍ പമ്പിനു സമീപത്തുവച്ച് ഷമീം തങ്ങള്‍ക്കു സ്വര്‍ണം അടങ്ങിയ ബാഗ് നല്‍കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. 2021ല്‍ സമാനമായി ഗള്‍ഫില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ കല്ലറ സ്വദേശിയെ പൊട്ടിക്കല്‍ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. 

 പരാതികളില്ല, കേസില്ല സ്വര്‍ണക്കടത്തിലും പൊട്ടിക്കലിലും പരാതികളും കേസുകളും ഉണ്ടാകാറില്ല എന്നതാണ് ഇത്തരം സംഘങ്ങള്‍ വിലസാനുള്ള കാരണം. ചതിയും ചതിയില്‍ ചതിയുമാണ് ഈ രംഗത്തിന്റെ പ്രത്യേകത. 

വാട്‌സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണു പൊട്ടിക്കല്‍ ആസൂത്രണം ചെയ്യുന്നത്. സ്വര്‍ണക്കടത്തു പൊട്ടിക്കല്‍ സംഘങ്ങള്‍ക്കു വിവരം ചോര്‍ത്തുന്നതു മറ്റു സ്വര്‍ണക്കടത്തുകാര്‍ തന്നെയാണെന്നും ഒരേ കാരിയര്‍ തന്നെ ഒന്നിലേറെ പൊട്ടിക്കല്‍ സംഘങ്ങളുമായി ധാരണയിലെത്തുന്നുവെന്നും പൊലീസ് പറയുന്നു. 

തിരുവനന്തപുരത്ത് മലയാളികളുടെയും തമിഴ്‌നാട് സ്വദേശികളുടെയും സ്വര്‍ണക്കടത്തു സംഘങ്ങളുണ്ട്. ഇവര്‍ തമ്മിലുള്ള കുടിപ്പകയാണു മിക്കവാറും സ്വര്‍ണം പൊട്ടിക്കലില്‍ കലാശിക്കുന്നത്. 

പൊട്ടിക്കല്‍ സംഘങ്ങള്‍ ഇപ്പോള്‍ സാധാരണയായി കാരിയര്‍മാരെ തട്ടിക്കൊണ്ടു പോകാറില്ല. പകരം, കാരിയര്‍മാരുമായി ധാരണയിലെത്തി അവരുമായി മുങ്ങുകയാണു ചെയ്യുന്നത്.

പലപ്പോഴും സ്വര്‍ണക്കടത്തുകാര്‍ക്കു വേണ്ട കാരിയര്‍മാരെ നല്‍കുന്നതുപോലും പൊട്ടിക്കല്‍ സംഘങ്ങളാണ്. യുഎഇയിലും സൗദിയിലും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നവരില്‍ സ്വര്‍ണക്കടത്തു സംഘാംഗങ്ങളുമുണ്ട്. ആകെ കുഴഞ്ഞുമറിഞ്ഞ രീതിയിലാണു സ്വര്‍ണക്കടത്തു സംഘങ്ങളും കാരിയര്‍മാരും പൊട്ടിക്കല്‍ സംഘങ്ങളും തമ്മിലുള്ള ബന്ധം. 

കേരളത്തിലെമ്പാടും സ്വര്‍ണക്കടത്തു പൊട്ടിക്കല്‍ സംഘങ്ങളുണ്ടെന്നു പൊലീസ് പറയുന്നു. കണ്ണൂരിലും കോഴിക്കോട്ടുമുള്ള മൂന്നു വീതം സംഘങ്ങളാണ് പ്രധാനപ്പെട്ടവ. പാലക്കാട്ടും തൃശൂരിലും പെരുമ്പാവൂരിലും പ്രബല സംഘങ്ങളുണ്ട്. തെക്കോട്ട് നെയ്യാറ്റിന്‍കര വരെ സംഘങ്ങളുണ്ടെങ്കിലും മിക്കതും സജീവമായിരിക്കുന്നതു മലബാര്‍ മേഖലയിലാണ്. 

സ്വര്‍ണം മാത്രമല്ല, ഹവാല പണവും ഇവര്‍ തട്ടിയെടുക്കാറുണ്ട്. ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നു. കാരിയര്‍ക്കു ജീവഹാനിയുണ്ടാകുമ്പോഴോ ഗുരുതര പരുക്കേല്‍ക്കുമ്പോഴോ മാത്രമാണു പരാതിയും കേസുമൊക്കെയാകുന്നത്. 

കോഴിക്കോട്ട് കാരിയറുടെ ഡബിള്‍ ഗെയിം 2021 ജൂണില്‍ കോഴിക്കോട് വിമാനത്താവളത്തിന്റെ പരിസരത്ത് അരങ്ങേറിയത് ഏറെ രസകരമായ സ്വര്‍ണം പൊട്ടിക്കലും ആന്റി ക്ലൈമാക്‌സുമായിരുന്നു. 2.33 കിലോഗ്രാം സ്വര്‍ണവുമായി എത്തുന്ന മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് എന്ന കാരിയറെ കാത്തുനിന്നത് അറുപതിലേറെ വാഹനങ്ങളിലായി നൂറോളം പേരാണ്. 

കള്ളക്കടത്തുകാര്‍ മാത്രം ഏര്‍പ്പെടുത്തിയത് അന്‍പതോളം വാഹനങ്ങളാണ്. പൊട്ടിക്കാന്‍ എത്തിയവര്‍ വേറെയും. സ്വര്‍ണം കാരിയറുടെ സഹായത്തോടെ തന്നെ ‘പൊട്ടിക്കു’മെന്ന വിവരം സ്വര്‍ണക്കടത്തുകാര്‍ക്കു ലഭിച്ചതോടെയാണ് കളം മുറുകിയത്. പക്ഷേ, കാത്തിരിപ്പെല്ലാം വിഫലമാക്കി കാരിയറെ കസ്റ്റംസ് പിടികൂടുകയായിരുന്നു. 

കാരിയറായി എത്തിയ ഷഫീഖ് സ്വര്‍ണം പൊട്ടിക്കാന്‍ അര്‍ജുന്‍ ആയങ്കിയുടെ സംഘത്തിനു പുറമേ, കണ്ണൂരില്‍നിന്നുള്ള യൂസഫ് എന്നയാളുടെ സംഘവുമായും ധാരണയിലെത്തിയിരുന്നുവെന്നു കസ്റ്റംസും പൊലീസും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 

കോഴിക്കോട് ജില്ലയിലെ 5 സംഘങ്ങള്‍ ചേര്‍ന്നാണ് 2.33 കിലോഗ്രാം സ്വര്‍ണക്കടത്തില്‍ നിക്ഷേപിച്ചത്. സൂഫിയാനായിരുന്നു ഏകോപനം. കാരിയര്‍ മുഹമ്മദ് ഷഫീഖ്. സ്വര്‍ണം ഒളിപ്പിച്ചത് കോഫി മേക്കറില്‍. സ്വര്‍ണം അടിച്ചുമാറ്റി മുങ്ങാന്‍ നേരത്തേതന്നെ അര്‍ജുന്‍ ആയങ്കിയുടെ സംഘം ഷഫീഖുമായി ധാരണയിലെത്തിയിരുന്നു. 

ഷഫീഖിന് 15 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ധാരണ. സ്വര്‍ണക്കടത്തു സംഘം ഇതൊന്നും അറിഞ്ഞില്ല. വിമാനത്തില്‍ കയറിയയുടന്‍ ഷര്‍ട്ടു മാറിയ ഷഫീഖ്, തന്റെ ഫോട്ടോ എടുത്ത് ആയങ്കിക്കു വാട്‌സാപ് ചെയ്തു. വിമാനം പുറപ്പെടും മുന്‍പു വീണ്ടും ഷര്‍ട്ട് മാറിയ ഷഫീഖ്, ഫോട്ടോ എടുത്ത് മറ്റൊരു ‘സ്വര്‍ണക്കടത്ത് പൊട്ടിക്കല്‍’ സംഘത്തിന്റെ തലവനായ യൂസഫിന് വാട്‌സാപ് ചെയ്തു. 

സ്വര്‍ണം തുല്യമായി വീതിക്കാനാണു യൂസഫും ഷഫീഖും തമ്മില്‍ ധാരണയാക്കിയിരുന്നത്. മൂന്നാമത്തെ ഷര്‍ട്ട് ധരിച്ചാണ് ഷഫീഖ് യാത്ര ചെയ്തത്. എന്നാല്‍ ഷഫീഖ് ഷര്‍ട്ട് മാറുന്നത്, അതേ വിമാനത്തിലുണ്ടായിരുന്ന ഒരു സ്വര്‍ണക്കടത്തുകാരന്‍ കാണുകയും അയാളത് അപ്പോള്‍ത്തന്നെ സ്വര്‍ണക്കടത്തുകാരുടെ വാട്‌സാപ് ഗ്രൂപ്പായ 'കോവിഡ് 19'ല്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

വിവരമറിഞ്ഞ സൂഫിയാന്‍, പൊട്ടിക്കല്‍ തടയാനും കാരിയറെയും ആയങ്കിയെയും കയ്യോടെ പൊക്കാനുമായി അന്‍പതോളം വാഹനങ്ങില്‍ നൂറിലേറെ പേരെ സംഘടിപ്പിച്ച് അതിവേഗം കരിപ്പൂരിലെത്തി. സ്വര്‍ണക്കടത്തു പൊട്ടിക്കാന്‍ ആയങ്കിയും സംഘവും അതറിയാതെ യൂസഫിന്റെ സംഘവും അതേ സ്ഥലത്തു തന്നെ എത്തി. ഒടുവില്‍ ദുബായ് വിമാനം നിലം തൊട്ടു. 

പുറത്ത്, ആകാംക്ഷയോടെ സൂഫിയാന്‍, ആയങ്കി, യൂസഫ്, പിന്നെ ഗുണ്ടകളും വാഹനങ്ങളും. പക്ഷേ, ഷഫീഖ് മാത്രം എത്തിയില്ല. സ്വര്‍ണക്കടത്തിനെപ്പറ്റി വിവരം ലഭിച്ച കസ്റ്റംസ് വിഭാഗം ഷഫീഖിനെ കസ്റ്റഡിയിലെടുത്തു. ഇക്കാര്യം അപ്പോള്‍ത്തന്നെ അറിഞ്ഞ ആയങ്കി കണ്ണൂരിലേക്കു സ്ഥലം വിടുകയും ചെയ്തു. 

ഷഫീഖ് ആയങ്കിക്കൊപ്പമുണ്ടെന്നു കരുതി യൂസഫും സംഘവും പിന്തുടര്‍ന്നു. ഒടുവില്‍ കോഴിക്കോട്ടു വച്ചാണ്, ആയങ്കിക്കൊപ്പം ഷഫീഖില്ലെന്നു സ്വര്‍ണക്കടത്തു സംഘം തിരിച്ചറിഞ്ഞത്. 

ഇതോടെ, ഷഫീഖിനെ കണ്ടെത്താന്‍ അതിവേഗം കരിപ്പൂരില്‍ തിരിച്ചെത്താനായി ശ്രമം. ഇതിനിടയിലാണ്, സംഘത്തിന്റെ വാഹനം രാമനാട്ടുകരയില്‍ അപകടത്തില്‍പെടുന്നതും 5 പേര്‍ കൊല്ലപ്പെടുന്നതും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !