കൊച്ചി: വയനാട് ഉരുൾപൊട്ടൽ ബാധിതരിൽ ഇപ്പോഴും ക്യാംപിൽ കഴിയുന്നവരെ ഒരാഴ്ചയ്ക്കുള്ളിൽ വീടുകളിലേക്കു മാറ്റി താമസിപ്പിക്കണമെന്നു ഹൈക്കോടതി. ദുരന്തമുണ്ടായിട്ട് ഒരു മാസം കഴിഞ്ഞു.
ക്യാംപിൽ ജീവിക്കുന്നതു സന്തോഷകരമായ കാര്യമല്ല. ആരെങ്കിലും ക്യാംപിൽനിന്നു മാറാൻ തയാറാകുന്നില്ലെങ്കിൽ പിന്നിൽ ചില കാരണങ്ങളുണ്ടാകും. അത് പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനു ടൗൺഷിപ് അടക്കമുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനു മുൻപ് കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
വയനാട് ദുരന്തമുണ്ടായ ശേഷം സ്വമേധയാ എടുത്ത കേസിൽ എല്ലാ വെള്ളിയാഴ്ചയും കോടതി വാദം കേൾക്കുന്നുണ്ട്.
വയനാട്ടിലെ പുനരധിവാസം വൈകിപ്പിക്കരുതെന്നു കോടതി ഓർമിപ്പിച്ചു. വലിയ ദുരന്തത്തിന്റെ ആഘാതം മനസ്സിലേറ്റവരാണ് അവിടെയുള്ളത്. ബന്ധുവീടുകൾ, വാടകവീടുകൾ അടക്കമുള്ളവയിലേക്കാണു ക്യാംപിലുള്ളവരെ മാറ്റുന്നതെന്നു സർക്കാർ അറിയിച്ചു.
എത്ര പേർ ഇനിയും ക്യാംപിലുണ്ടെന്ന് ആരാഞ്ഞ കോടതി ഒരാഴ്ചയ്ക്കുള്ളിൽ ഇവരെ മാറ്റണമെന്നും നിർദേേശിച്ചു. ഇതിന്റെ കണക്കിലുള്ള അവ്യക്തത സംബന്ധിച്ച് സർക്കാർ വിശദീകരിക്കണം.
അടുത്ത വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോൾ ഇതുസംബന്ധിച്ചു റിപ്പോർട്ട് തയാറാക്കിയ വ്യക്തി ഓൺലൈന്‍ വഴി ഹാജരാകുന്നതു വിശദീകരണം തേടുന്നത് എളുപ്പമാക്കുമെന്നും കോടതി പറഞ്ഞു.
മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ പുനരധിവാസം, പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചിലവ്, കുട്ടികളുടെ വിദ്യാഭ്യാസം, നഷ്ടപരിഹാരമായി നൽകുന്ന തുക അർഹരിലെത്തുന്നുണ്ടോ തുടങ്ങി ഒട്ടുമിക്ക കാര്യങ്ങളിലും ഉണ്ടായിട്ടുള്ള പുരോഗതി കോടതി ആരാഞ്ഞു.
ദുരന്തത്തിൽ അകപ്പെട്ടവർക്കു തങ്ങളുടെ പ്രശ്നങ്ങൾ അറിയിക്കാൻ കൂടുതൽ പരാതി പരിഹാര സെല്ലുകൾ തുടങ്ങണം. ഇതിനു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ സഹായം തേടാം. ദുരിതബാധിതർക്ക് പറയാനുള്ളത്, അത് എന്തായാലും, രേഖപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ ബില്ലുകൾ സർക്കാർ നേരിട്ട് നൽകുന്നതും ആലോചിക്കണമെന്നു കോടതി പറഞ്ഞു. ചിലപ്പോൾ ബിൽ തുകയിൽ വ്യത്യാസമുണ്ടാകും. ക്യാഷ്‍ലെസ് സൗകര്യം പോലെയാക്കുന്നത് പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
വയനാട്ടിലെ നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ഉള്ളതിനാൽ ടൗൺഷിപ്പ് അടക്കമുള്ളവയുടെ കാര്യങ്ങൾ എങ്ങനെയാണ് ആലോചിക്കുന്നത് എന്നും കോടതി ആരാഞ്ഞു.
നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് കോടതിയെ അറിയിക്കണം. എത്രയും വേഗം വയനാടിനെ പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികളായിരിക്കണം ഉണ്ടാകേണ്ടതെന്നും കോടതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.