കൊച്ചി: സുരക്ഷാപരിശോധനയ്ക്കിടെ 'ഭയപ്പെടുത്തുന്ന പ്രസ്താവന' നടത്തിയതിന് കൊച്ചി വിമാനത്താവളത്തില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കൊച്ചിയില്‍നിന്ന് മുംബൈയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ടിക്കറ്റെടുത്ത മനോജ് കുമാര്‍ (42) എന്നയാളാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പോകാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു മനോജ്. പ്രീ എമ്പാര്‍ക്കേഷന്‍ സെക്യൂരിറ്റി ചെക്കിങ്ങിന്റെ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥനോട് 'എന്റെ ബാഗിലെന്താ ബോംബുണ്ടോ ?' എന്നാണ് ഇയാള്‍ ചോദിച്ചത്. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം, ഭീഷണിയില്ലെന്ന് തെളിഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണത്തിനായി മനോജ് കുമാറിനെ ലോക്കല്‍ പോലീസിന് കൈമാറി. കസ്റ്റിഡിയിലെടുത്തപ്പോഴാണ് താന്‍ തമാശ പറഞ്ഞതാണെന്ന് ഇയാള്‍ മൊഴി നല്‍കിയത്. മറ്റ് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം കൃത്യസമയത്ത് തന്നെ വിമാനം കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചു.
കഴിഞ്ഞ ദിവസവും സമാനമായ സംഭവം കൊച്ചി വിമാനത്താവളത്തില്‍ നടന്നിരുന്നു. ലഗേജില്‍ ബോംബുണ്ടെന്ന യാത്രക്കാരന്റെ തമാശ കാരണം നെമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെട്ടത് രണ്ട് മണിക്കൂര്‍ വൈകിയാണ്. ആഫ്രിക്കയില്‍ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് സുരക്ഷാ പരിശോധനയില്‍ അസ്വസ്ഥനായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടിയായി ബാഗില്‍ ബോംബാണെന്ന് പറഞ്ഞത്.
മറ്റു പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാനത്തിലേക്ക് കയറുന്ന സമയത്ത് നടത്തുന്ന സെക്കന്‍ഡറി ലാഡര്‍ പോയിന്റ് സെക്യൂരിറ്റി (SLPC) പരിശോധനാ സമയത്തായിരുന്നു പ്രശാന്തിന്റെ ബോംബ് പരാമര്‍ശം. ഭാര്യക്കും മകനുമൊപ്പമാണ് പ്രശാന്ത് യാത്രയ്ക്കായി എത്തിയിരുന്നത്.പ്രശാന്ത് അറസ്റ്റിലായതോടെ ഭാര്യയും മകനും യാത്ര വേണ്ടെന്നുവെച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നെടുമ്പാശ്ശേരി പോലീസ് പ്രശാന്തിനെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.
സ്വാതന്ത്ര്യദിനം മുന്‍നിര്‍ത്തി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യഘട്ട സുരക്ഷാ പരിശോധനകള്‍ക്കുശേഷം വിമാനത്തില്‍ കയറും മുന്‍പുള്ള സെക്കന്‍ഡറി ലാഡര്‍ പോയിന്റ് പരിശോധനയുമുണ്ട്. വിമാനക്കമ്പനി ജീവനക്കാരാണ് ഇവിടെ പരിശോധന നടത്തുന്നത്.
കര്‍ശനമായ സുരക്ഷാ നടപടികള്‍ക്ക് ശേഷം യാതൊരു അപകട സാധ്യതകളുമില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഒരോ വിമാനങ്ങളും പറന്നുയരുന്നത്. ഇതിനിടയില്‍ യാത്രക്കാരുടെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റങ്ങള്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. വലിയ ശിക്ഷകളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.
തമാശയായിട്ടാണെങ്കില്‍ പോലും ബോംബ് എന്ന വാക്ക് വിമാനത്താവളങ്ങളില്‍ പറയാന്‍ പാടില്ലെന്ന് അധികൃതര്‍ പറയുന്നു. ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ ഭാഗത്ത് നിന്ന് റാഞ്ചല്‍, ബോംബ് പോലുള്ള വാക്കുകള്‍ കേട്ടാല്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അഞ്ച് വര്‍ഷം തടവ് മുതല്‍ ആജീവനാന്ത കാലം വിമാനയാത്രാ വിലക്ക് വരെ ലഭിക്കുന്ന കുറ്റകൃത്യമാണ് ഇത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.