ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കണം; ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി, വനിതാ കമ്മിഷനെയും കക്ഷി ചേർത്തു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തു നടപടിയെടുക്കാൻ സാധിക്കുമെന്ന് സർക്കാർ അറിയിക്കണമെന്നും സമ്പൂർണ റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കാനും ആക്ടിങ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് നിർദേശിച്ചു.

മൊഴി നല്‍കിയവരുടെ സ്വകാര്യത സംരക്ഷിച്ചു കൊണ്ട് ഗുരുതര കുറ്റങ്ങളിൽ എന്തു നടപടി എടുക്കാൻ സാധിക്കുമെന്ന് അറിയിക്കാനും സർക്കാരിന് നിർദേശിച്ചു. നടപടിയെടുത്തില്ലെങ്കിൽ കമ്മിറ്റി രൂപീകരിച്ചത് ഉൾപ്പെടെയുള്ളവ പാഴ്‌വേലയാകുമെന്നു കോടതി ചൂണ്ടിക്കാട്ടി.

ലൈംഗികാതിക്രമം ഉൾപ്പെടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ക്രിമിനൽ നടപടി ആരംഭിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവർത്തകൻ പായിച്ചറ നവാസ് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വനിതാ കമ്മിഷനെയും കക്ഷി ചേർത്തു.

ബലാത്സംഗം, ലൈംഗിക താൽപര്യങ്ങൾക്കു വഴങ്ങാത്തതിനു വിവേചനം തുടങ്ങിയവ ഉൾപ്പെടെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും കുറ്റങ്ങളും കമ്മിറ്റി റിപ്പോർട്ടിലുണ്ടെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

മൊഴികൾ നൽകിയവർക്കു മുന്നോട്ടുവരാൻ പറ്റാത്ത സാഹചര്യമാണ്. കമ്മിറ്റിയോടു പേര് പറയാൻ സർക്കാരിന് ആവശ്യപ്പെടാനാവില്ല. സർക്കാരിന്റെ ധർമസങ്കടം മനസ്സിലാകും. എന്നാൽ കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയുണ്ടാകണമെന്നു കോടതി നിർദേശിച്ചു.

അതേസമയം, ഹേമ കമ്മിറ്റി ജുഡീഷ്യൽ കമ്മിഷനല്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കാനാണു കമ്മിറ്റി വച്ചത്. ഇതിൽ മൊഴി നൽകിയവർ‍ക്ക് മുന്നോട്ടു വരാൻ പറ്റാത്ത അവസ്ഥയാണ്. 

കമ്മിറ്റിയോടു പേര് പറയാൻ സർക്കാരിന് ആവശ്യപ്പെടാനാവില്ല. അത് അവരെ ബുദ്ധിമുട്ടിക്കലാക്കും. എല്ലാ പേരുകളും രഹസ്യമാണ്. സർക്കാരിന്റെ പക്കലും പേരുകളില്ല. എന്നാൽ ആരെങ്കിലും പരാതിയുമായി മുന്നോട്ടു വന്നാൽ നിയമനടപടി എടുക്കാനാവുമെന്നും സർക്കാർ വ്യക്തമാക്കി.

സർക്കാരിന്റെ ബുദ്ധിമുട്ട് മനസിലാകുമെന്ന് അഭിപ്രായപ്പെട്ട കോടതി, എന്നാൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അവഗണിക്കാൻ സാധിക്കുമോ എന്ന് ചോദിച്ചു. മൊഴികൾ നൽകിയവർക്ക് അതുമായി പൊതുസമൂഹത്തിലേക്ക് വരാൻ കഴിയാത്തവരാണ്. 

എന്നാൽ അവർ നേരിട്ടിട്ടുള്ള അനുഭവങ്ങൾ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഈ സാഹചര്യത്തിൽ റിപ്പോർട്ടിൽ രഹസ്യമാക്കിവച്ചിരിക്കുന്ന ഭാഗങ്ങളിൽ കേസെടുക്കാൻ പറ്റിയ വസ്തുതകളുണ്ടോയെന്നു പരിശോധിച്ചശേഷം നടപടി സ്വീകരിക്കാൻ പറ്റില്ലേ എന്ന് കോടതി ആരാഞ്ഞു. 

പുറത്തുവന്ന റിപ്പോർട്ടിൽ ഗുരുതരമായ കുറ്റകൃത്യം വെളിപ്പെട്ടാൽ നടപടിയെടുക്കാൻ വകുപ്പില്ലേയെന്നു കോടതി ചോദിച്ചു. പോക്സോയാണെങ്കിൽ നടപടിയെടുക്കാനാവുമെന്നു സർക്കാർ വ്യക്തമാക്കി. കേസ് വീണ്ടും സെപ്റ്റംബർ 10ന് പരിഗണിക്കും.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !