കോഴിക്കോട്: നിപയുടെയും കോവിഡിന്റെയും ജാഗ്രതക്കാലം കഴിഞ്ഞതോടെ ആശുപത്രികളിൽപ്പോലും മാസ്കിടാതെ ജനം. മഴക്കാലത്ത് പകർച്ചപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നുപിടിക്കുമ്പോഴാണ് ഒരുജാഗ്രതയുമില്ലാതെ ആളുകൾ ആശുപത്രികൾ കയറിയിറങ്ങുന്നത്.
മെഡിക്കൽ കോളേജിൽ അതീവ ശ്രദ്ധവേണ്ട വിഭാഗങ്ങളിൽപ്പോലും ആരും മാസ്ക് ധരിക്കുന്നില്ല. സാനിറ്റൈസറും മിക്കയിടത്തുമില്ല. ജൂലായിൽ നിപ റിപ്പോർട്ട് ചെയ്തപ്പോൾ മെഡിക്കൽ കോളേജിൽ മാസ്ക് നിർബന്ധമാക്കിയിരുന്നെങ്കിലും ആശങ്കയകന്നപ്പോൾ അത് ഉപേക്ഷിച്ചു.
മുൻപ് കേട്ടിട്ടില്ലാത്ത പലരോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ആശുപത്രികളിലെത്തുന്നവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു. മഴക്കാലം തുടങ്ങിയപ്പോൾ മുതൽ 11-ഓളം പകർച്ചവ്യാധികളാണ് കേരളത്തിൽ പടർന്നുപിടിക്കുന്നത്.
ഇതിൽ വായുവിലൂടെ പകരുന്നവയുടെ എണ്ണം കുറവാണെങ്കിലും അതിജാഗ്രതവേണം. ഇൻഫ്‌ലുവൻസ് എ വൈറസ് മൂലമുണ്ടാകുന്ന പനിയും മറ്റുമായി ഒട്ടേറെപ്പേർ ചികിത്സതേടുന്ന സാഹചര്യത്തിൽ മാസ്കില്ലാതെ ആശുപത്രികളിലെത്തുന്നവർ അസുഖം ചോദിച്ചുവാങ്ങുകയാണെന്ന് ഡോക്ടർമാർ പറയുന്നു.
ഇൻഫ്ലുവൻസ പോലുള്ളവ കൂടുന്ന സാഹചര്യത്തിൽ ഇങ്ങനെയുള്ള രോഗികളുണ്ടാവാൻ സാധ്യതയുള്ള ആശുപത്രികളിൽ പോകുന്നവർ മാസ്ക് ധരിക്കുന്നത് നല്ലതാണ്.
നിപ കൂടുതൽപ്പേരിലേക്ക് പടർന്ന 2018-ലും 2023-ലും ആശുപത്രിയിൽ നിന്നാണ് കൂടുതൽപേർക്ക് രോഗം പിടിപെട്ടത്. ഇവിടങ്ങളിൽ മാസ്ക് ഇടുന്നതുതന്നെയാണ് നല്ലത്. മഞ്ചേരി മെഡിക്കൽ കോളേജിലൊക്കെ മാസ്ക് നിർബന്ധമായും ഉപയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.