പന്തളം: പൊലീസ് സ്റ്റേഷനില്‍ തൊണ്ടിമുതലുകള്‍ കുന്നുകൂടുന്നു. ചിലയിടങ്ങളില്‍ വഴി പോലും അടച്ച് പഴയ വാഹനങ്ങള്‍ തുരുമ്പിച്ചുകിടക്കുന്നു. പാഴ്വസ്തുക്കള്ക്കിടയിലുള്ള ഇഴജന്തുക്കളുടെ ശല്യമാണ് പൊലീസ് നേരിടുന്ന വലിയ വെല്ലുവിളി.
ചില വാഹനങ്ങള്‍ ലേലം ചെയ്തും മറ്റും സ്ഥലം ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഇതുസംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ആസ്ഥാനത്ത് നിന്ന് ശേഖരിച്ചിരുന്നു. കോടതിയുടെ അനുമതി ലഭിച്ചശേഷമേ ലേലം ചെയ്യാന്‍ കഴിയൂ. ജില്ലതലത്തില്‍ പല ദിവസങ്ങളിലായാണ് ലേലം നടത്തുക.
പന്തളം സ്റ്റേഷന് പരിസരത്ത് 29 ബൈക്ക് ഉള്‍പ്പെടെ 42 വാഹനങ്ങളാണ് തൊണ്ടിയായി സൂക്ഷിച്ചിരിക്കുന്നത്. കാര്‍ – 4, വാന്‍ – 3, ഓട്ടോ – 4. കോടതിയില്‍ വിചാരണയുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ കോടതി നിര്‍ദേശപ്രകാരം ഹാജരാക്കേണ്ടി വരും. ചില കേസുകളില്‍ ഉടമകള്‍ കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങി കൊണ്ടുപോകാറുണ്ട്. പിന്നീട് കോടതി ആവശ്യപ്പെടുമ്പോള്‍ ഉടമ തന്നെ വാഹനം ഹാജരാക്കണം.
പിടികൂടിയിട്ട് ഏഴു വര്‍ഷം വരെയായ വാഹനങ്ങള്‍ കൂട്ടത്തിലുണ്ട്. സ്റ്റേഷനില്‍ ഇതുമൂലം പാര്‍ക്കിങ് സൗകര്യവും തീരെയില്ലാത്ത അവസ്ഥയാണ്. അപകട മരണത്തെ തുടര്‍ന്ന് പിടിച്ചിട്ട നിരവധി വാഹനങ്ങളുണ്ട്. കവര്‍ച്ചക്കേസിലും നിരോധിച്ച പുകയില ഉല്പന്നങ്ങളുമായും പിടികൂടിയ കാറുകള്‍, ബൈക്കുകള്‍ എന്നിവയാണ് കൂടുതലും.
സ്റ്റേഷന് മുന്നിലെ റോഡരികിലാണ് ലോറിയുള്‍പ്പെടെ കിടക്കുന്നത്. ഇവയില്‍ പാഴ്ചെടികള്‍ പടര്‍ന്നുകയറുന്നുണ്ട്. കേസുകളുടെ തീര്‍പ്പിന് ശേഷമേ ഇവ ഒഴിവാക്കാനാകൂ. മണ്ണ് കടത്തിന് പിടിയിലായ ലോറികളും തൊണ്ടികളുടെ കൂട്ടത്തിലുണ്ട്.
ചില വാഹനങ്ങള്‍ ക്വാര്‍ട്ടേഴ്സ് വളപ്പില്‍ കിടന്ന് നാശത്തിന്റെ വക്കിലാണ്. വ്യക്തമായ രേഖകളില്ലാത്തതും അപകടത്തില്‍പ്പെട്ട് നന്നാക്കാന്‍ കഴിയാത്തവയുമാണ് കൂട്ടിയിട്ടിരിക്കുന്നവയില് ഭൂരിഭാഗവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.