തിരുവനന്തപുരം∙ സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 207.9 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്.
ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ആയുഷ് സേവനങ്ങളുടെ ഉന്നത പരിശീലനം നല്‍കുന്നതിനായി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിങ് ഇന്‍ ആയുഷിന് കേന്ദ്രാനുമതി ലഭ്യമായി. 79 ആയുഷ് ആശുപത്രികളെ 30 ലക്ഷം മുതല്‍ 1 കോടി രൂപവരെ ചെലവഴിച്ച് നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍/ എയ്ഡഡ് ആയുഷ് മെഡിക്കല്‍ കോളജുകള്‍ക്കും അവശ്യ മരുന്നുകള്‍ ലഭ്യമാക്കാനും ഗുണനിലവാര മാനദന്ധങ്ങളനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും ധനസഹായം ലഭ്യമാക്കും.
താൽക്കാലിക ആയുഷ് ഡിസ്പെന്‍സറികള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ആയുഷ് ചികിത്സാ സ്ഥാപനങ്ങള്‍ക്കും അവശ്യ മരുന്നുകളും കന്റീന്‍ജന്‍സി ഫണ്ടുകളും ലഭ്യമാക്കും.
നിര്‍ണയ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ലബോറട്ടറികള്‍ക്ക് 20 ലാബ് ജീവനക്കാരുടെ സേവനം ലഭ്യമാക്കും. ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ഹബ് ആന്റ് സ്പോക്ക് മാതൃകയില്‍ ലബോറട്ടറി സേവനങ്ങള്‍ ഒരുക്കും.
നാലായിരത്തിലധികം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആയുഷ് ആരോഗ്യ പ്രവര്‍ത്തകരുടെ വിവിധ പരിശീലനങ്ങള്‍ക്കായും തുക വകയിരുത്തി. സംസ്ഥാനത്ത് ആദ്യമായി ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങളുടെ ശുചിത്വം, അണുബാധ നിയന്ത്രണ മാനദണ്ഡങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയ ‘കായകല്‍പ്പ്’ അവാര്‍ഡ് നടപ്പിലാക്കും.
എന്‍എബിഎച്ച് ഗുണനിലവാര പ്രക്രിയയുടെ രണ്ടാം ഘട്ടമായി 150 ആയുഷ് സര്‍ക്കാര്‍ ഡിസ്പെന്‍സറികളും 6 സര്‍ക്കാര്‍ ആയുഷ് ആശുപത്രികളും സജ്ജമാക്കും.
ആയുഷ് മേഖലയിലെ സിദ്ധ, യുനാനി ചികിത്സാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. ആയുഷ് മേഖലയിലെ ഗുണഫലങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍, സ്കൂള്‍ ഹെല്‍ത്ത് സേവനങ്ങള്‍, കൂടുതല്‍ ട്രൈബല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ എന്നിവ സജ്ജമാക്കും.
ആയുഷിലൂടെ വയോജന ആരോഗ്യ പരിപാലനം ഉറപ്പാക്കുവാനായി എല്ലാ തദേശ സ്ഥാപന പരിധിയിലും ആയുഷ് വയോജന മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും എല്ലാ ചികിത്സാ കേന്ദ്രങ്ങള്‍ക്കും ഈ പദ്ധതി അംഗീകാരങ്ങളുടെ ഗുണഫലങ്ങള്‍ ഉണ്ടാകുന്നതാണ്.
ഇതിലൂടെ കേരളത്തിലെ ആയുര്‍വേദവും ഹോമിയോപ്പതിയും ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാ ശാഖകള്‍ മുഖേന കൂടുതല്‍ ശാസ്ത്രീയവും ഗവേഷണാടിസ്ഥാനത്തിലുമുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കും. നാഷണല്‍ ആയുഷ് മിഷന് മുഖേനയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.