തിരുവനന്തപുരം: സിനിമാ മേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരട്ടെയെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പറഞ്ഞു.
കമ്മിറ്റിയുടെ ശുപാർശകൾ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം. ഒപ്പം വരുംതലമുറയ്ക്ക് നിർഭയമായി പ്രവർത്തിക്കാനും ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ജനപ്രതിനിധിയെന്ന നിലയിൽ റിപ്പോർട്ടിനെ കുറിച്ച് പഠിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് നടനും കൊല്ലം എം എൽ എയുമായ മുകേഷും പറഞ്ഞിരുന്നു. ഹേമ കമ്മിറ്റിയോട് താൻ നാല് മണിക്കൂറോളം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ മേഖലയിലെ മാത്രമല്ല, എല്ലാ മേഖലയിലെയും സ്ത്രീകൾ സുരക്ഷിതരായിരിക്കണമെന്നും മുകേഷ് പറഞ്ഞു.
റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാനും വ്യക്തമാക്കിയിട്ടുണ്ട്. തിരക്ക് വേണ്ടെന്നും വിധി വരട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം കോടതിയിലാണ്. എന്തിനാണ് തിടുക്കമെന്ന് മന്ത്രി ചോദിച്ചു.
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നടി രഞ്ജിനി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇന്ന് റിപ്പോർട്ട് പുറത്തുവിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. തിങ്കളാഴ്ച ഹർജി പരിഗണിക്കുമെന്നും കോടതി നേരത്തെ അറിയിച്ചിരുന്നു.
പുറത്തുവിടുന്ന റിപ്പോർട്ടിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിനി കോടതിയെ സമീപിച്ചത്.ഹേമ കമ്മിറ്റിക്ക് മുന്നിൽമൊഴി നൽകിയവരുടെ കൂട്ടത്തിൽ താനുമുണ്ടെന്ന് നടിയുടെ ഹർജിയിൽ പറയുന്നു.
മൊഴി നൽകിയവർക്ക് പകർപ്പ് ലഭ്യമാക്കി അവരെ കൂടി ബോദ്ധ്യപ്പെടുത്തിയാകണം റിപ്പോർട്ട് പുറത്തുവിടേണ്ടതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.