ന്യൂഡൽഹി: സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റിലെ ലൈബ്രറിയില്‍ മലിനജലം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തിൽ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചു. കോച്ചിങ് സെന്ററുകൾക്ക് എന്തെല്ലാം നിയമങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടെന്ന് കോടതി വിമർശിച്ചു. കോച്ചിങ് സെന്ററുകളെ മരണ അറകൾ എന്ന് വിശേഷിപ്പിച്ച കോടതി, ഇത്തരം സ്ഥാപനങ്ങൾ കുട്ടികളുടെ ജീവൻ വെച്ച് കളിക്കുകയാണെന്നും വിമർശിച്ചു. നൂറോളം കോച്ചിങ് സെന്ററുകളാണ് ഡൽഹിയിൽ മാത്രമുള്ളത്. ഐ.എ.എസ്. പരീക്ഷയ്ക്കുള്ള പരിശീലനത്തിന് വിദ്യാർഥികളിൽനിന്ന് അമിത ഫീസ് ഈടാക്കുന്ന ഇവർ പക്ഷെ മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്ന വിമർശനവും കോടതി നടത്തി.
അതിനിടെ, അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള ഡൽഹി സർക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ, കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫെഡറഷന് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി.
'റാവൂസ്' എന്ന സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറി എറണാകുളം സ്വദേശി നെവിന്‍ ഡാല്‍വിന്‍ (28) അടക്കം മൂന്ന് വിദ്യാർഥികളായിരുന്നു അപകടത്തിൽ മരിച്ചത്. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) ഗവേഷക വിദ്യാര്‍ഥിയായിരുന്നു നെവിന്‍.
തെലങ്കാന സ്വദേശിനിയായ തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശിനി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ജൂലായ് 27-ന് വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്മെന്റിൽ പ്രവർത്തിച്ചിരുന്ന കോച്ചിങ് സെന്‍റർ ലൈബ്രറിയിലേക്ക് വെള്ളം കയറുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.
വിഷയത്തില്‍ വിദ്യാര്‍ഥികള്‍ കടുത്ത പ്രതിഷേധം ഉയർത്തിയതിനു പിന്നാലെ നടപടികളുമായി കോര്‍പഷേന്‍ രംഗത്തെത്തിയിരുന്നു. ദാരുണസംഭവം നടന്ന റാവൂസ് ഐ.എ.എസ്. സ്റ്റഡി സര്‍ക്കിള്‍ പോലീസ് അടച്ചുപൂട്ടുകയും ഉടമ അഭിഷേക് ഗുപ്തയേയും കോഓര്‍ഡിനേറ്റര്‍ ദേശ്പാല്‍ സിങ്ങിനേയും അറസ്റ്റുചെയ്യുകയുമുണ്ടായി.
തുടർന്ന് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ഓള്‍ഡ് രാജേന്ദ്രനഗറിലെ 13 പരീക്ഷാപരിശീലന കേന്ദ്രങ്ങളും അടച്ചുപൂട്ടി. വിദ്യാർഥികളുടെ മരണത്തിൽ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയേയും രൂപവത്കരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.