പത്തനംതിട്ട: മാർത്തോമ സഭയിലുണ്ടായ പള്ളിത്തർക്കത്തിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയാക്കുന്നുവെന്ന അധ്യാപികയുടെ പരാതിയിൽ പൊലീസ് ഒടുവിൽ കേസെടുത്തു.ഏഴ് പേർക്കെതിരെയാണ് നിലവിൽ പൊലീസ് കേസെടുത്തത്.
പത്തനംതിട്ട അടൂർ സ്വദേശിയായ കോളേജ് അധ്യാപികയാണ് സൈബർആക്രമണത്തിനെതിരെ പരാതി നൽകിയത്. പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്ന വിവരം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
മാർത്തോമ സഭയ്ക്ക് കീഴിലെ ഒരു പള്ളിയിലെ തർക്കത്തിന്റെ പേരിൽ, തന്റെ കുടുംബ സുഹൃത്തായ വൈദികനുമൊത്ത് പൊതുസ്ഥലത്ത് നിൽക്കുന്ന ചിത്രം മോശം പരാമർശങ്ങളോടെ പ്രചരിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.
മാർത്തോമാ സഭാ വിശ്വാസിയായ ഒരു വനിത ഉൾപ്പെടെ ആറു പേർക്കെതിരെയും ഒരു യൂട്യൂബ് ചാനൽ നടത്തിപ്പുകാരനെതിരെയുമാണ് കേസ്. എന്നാൽ നിലവിൽ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പരാതിക്കാരി മുഖ്യമന്ത്രിയുടെ ഓഫീസിനെയും സമീപിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. പിന്നാലെ ആഴ്ചകളായി നടപടി എടുക്കാതിരുന്ന പൊലീസ് രാത്രി തന്നെ പരാതിക്കാരിയുടെ മൊഴിയെടുത്ത് പുലർച്ചെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
കുടുംബസുഹൃത്തായ വൈദികനുമൊത്ത് പത്തനംതിട്ട അടൂരിലെ ഒരു ഭക്ഷണശാലയിൽ നിൽക്കുന്ന ചിത്രമാണ് മോശം വാചകങ്ങളോടെ പ്രചരിപ്പിച്ചത്.
പ്രതികൾ ഉന്നതസ്വാധീനമുള്ളവരായതിനാൽ ഡിജിപിക്ക് ഉൾപ്പെടെ പരാതി നൽകിയിട്ടും നീതി ലഭിക്കുന്നില്ലെന്ന് നേരത്തെ അധ്യാപിക തുറന്നടിച്ചിരുന്നു.
വൈദികൻ അടങ്ങുന്ന സഭയ്ക്ക് കീഴിലെ പള്ളിയിൽ ചില തർക്കങ്ങളുണ്ട്. അതിൻറെ ബാക്കിപത്രമാണ് സൈബർ ആക്രമണമെന്നും അധ്യാപിക പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.