കീവ്: റഷ്യന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് വ്ളാഡിമര്‍ പുടിനെ ആലിംഗനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്.
ആളുകളെ കാണുമ്പോള്‍ ആലിംഗനം ചെയ്യുന്നത് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണെന്നായിരുന്നു ജയ്ശങ്കറിന്റെ മറുപടി. മോദി പുടിനെ ആലിംഗനംചെയ്തതില് യുക്രൈന് പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കി തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ നേതാവ്, ലോകത്തിലെ ഏറ്റവും രക്തദാഹിയായ കുറ്റവാളിയെ ആലിംഗനംചെയ്യുന്നത് വളരെ നിരാശാജനകമാണെന്നായിരുന്നു സെലന്‍സ്കിയുടെ പരാമര്‍ശം. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു എസ്. ജയ്ശങ്കറിനോടുള്ള ബി.ബി.സി. മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
‘ഞങ്ങളുടെ നാട്ടില്‍ ആളുകള്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം ആലിംഗനം ചെയ്യാറുണ്ട്. ഇത് നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമല്ലായിരിക്കാം. പക്ഷേ, ഞങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ഞാന്‍ അടിവരയിടുന്നു.
പ്രധാനമന്ത്രി പ്രസിഡന്റ് സെലന്‍സ്കിയെ ആശ്ലേഷിക്കുന്നത് ഞാന്‍ കണ്ടു. മുമ്പ് പല നേതാക്കളേയും പല അവസരങ്ങളിലും ആലിംഗനംചെയ്തിട്ടുണ്ട്’, ജയ്ശങ്കര് ചൂണ്ടിക്കാട്ടി.
കീവിലെ ആശുപത്രിയില്‍ റഷ്യ ബോംബിട്ടതിന് പിന്നാലെയായിരുന്നു മോദി പുടിനെ ആലിംഗനംചെയ്യുന്ന ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജൂലായിലായിരുന്നു മോദിയുടെ റഷ്യന്‍ സന്ദര്‍ശനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.