ന്യൂഡൽഹി: സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി ദില്ലി മുഖ്യമന്ത്രിയുടെ വസതിയില്‍ ദേശീയ പതാക ഉയരാതിരുന്നത് വേദനാജനകം എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ഭാര്യ സുനിത കെജ്‍രിവാള്‍.
കെജ്‍രിവാള്‍ ജയിലില്‍ തുടരുന്നതിനെ കുറിച്ചാണ് സുനിത കെജ്‍രിവാളിന്റെ പ്രതികരണം.തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ ജയിലില്‍ അടയ്ക്കാൻ ഏകാധിപത്യത്തിന് കഴിയും, പക്ഷേ ഹൃദയത്തിലെ രാജ്യസ്നേഹത്തെ എങ്ങനെ തടയും എന്നാണ് സുനിത സോഷ്യല്‍ മീഡിയ പ്ലാറ്റേഫോമായ എക്സില്‍ കുറിച്ചത്.
ദില്ലി സർക്കാരിനായി മന്ത്രി അതിഷിയെ പതാക ഉയർത്താൻ അനുവദിക്കണം എന്ന കെജ്‍രിവാളിന്‍റെ ആവശ്യം ലെഫ്റ്റനന്‍റ് ഗവർണർ തളളിയിരുന്നു.
മന്ത്രി കൈലാഷ് ഗെലോട്ടാണ് ഔദ്യോഗിക പരിപാടിയില്‍ ലെഫ്റ്റനന്‍റ് ഗവർണറുടെ നിർദ്ദേശ പ്രകാരം പതാക ഉയർത്തിയത്. ഇന്ത്യൻ നിയമ സംവിധാനത്തില്‍ വിശ്വാസമുണ്ടെന്നും കെജ്‍രിവാള്‍ ഉടൻ ജയിലില്‍ നിന്ന് പുറത്തിറങ്ങി ദേശീയ പതാക ഉയർത്തുമെന്ന് ഉറപ്പാണെന്നും കൈലാഷ് ഗലോട്ട് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
മന്ത്രി അതിഷിയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സ്വതന്ത്ര ഇന്ത്യയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ കള്ളക്കേസ് ചുമത്തി മാസങ്ങളോളം തടവിലിടുമെന്ന് ആരും കരുതിയിരിക്കില്ല. ഈ സ്വാതന്ത്ര്യ ദിനത്തില്‍, സ്വേച്ഛാധിപത്യത്തിനെതിരെ അവസാന കാലം വരെ പോരാടുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാമെന്ന് അതിഷി കുറിച്ചു.
സിബിഐ കേസില്‍ അറസ്റ്റിലായ കെജ്‍രിവാള്‍ ഇപ്പോഴും തീഹാർ ജയിലില്‍ തുടരുകയാണ്. അടുത്ത ആഴ്ച അറസ്റ്റിനെതിരായ കെജ്‍രിവാളിന്റെ ഹർജി സുപ്രീംകോടതി പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.