ന്യൂഡൽഹി: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ.ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം തുടങ്ങി. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്കരിച്ചാണ് പ്രതിഷേധം.
സംസ്ഥാനത്ത് മെഡിക്കല്‍ പിജി അസോസിയേഷന്‍റെ നേതൃത്വത്തിലും സമരം നടക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ഒപി ഡോക്ടര്‍മാർ ഒ.പി ബഹിഷ്കരിക്കുമെന്ന് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.അതേസമയം, വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമ്പൂർണ സമരത്തില്‍ നിന്ന് സംഘടന ഒഴിവാക്കിയിട്ടുണ്ട്. വയനാട്ടിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും.
തിരുവനന്തപുരം റീജ്യണല്‍ ക്യാൻസർ സെന്ററിലെ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ഡെന്റല്‍ കോളേജ് ആശുപത്രികളിലും ഇന്ന് ഒ.പി സേവനം ഉണ്ടാകില്ല.
അത്യാഹിത വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തില്‍ കേരളത്തിലെ സർക്കാർ മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎയും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.
നാളെ രാവിലെ ആറുമണിവരെയാണ് പണിമുടക്ക്. സമരത്തോട് കെജിഎംഒഎയും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഒ.പി, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തുടങ്ങിയവ മുടങ്ങുമെന്നാണ് ഐ.എം.എ. വാർത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്. മെഡിക്കല്‍ പിജി അസോസിയേഷന്‍റെ നേതൃത്വത്തില്‍ രാവിലെ 9.30ന് തിരുവനന്തപുരം ഉള്ളൂര്‍ കവലയിലേക്ക് സംയുക്ത പ്രതിഷേധമാർച്ച് നടക്കും
വനിതാ ഡോക്ടറുടെ ബലാത്സംഗക്കൊലയില്‍ ഡോക്ടർമാരുടെ പ്രതിഷേധം കൊല്‍ക്കത്തക്ക് പുറത്തേക്ക് കടന്നുകൊണ്ടാണ് ഇന്ന് രാജ്യവ്യാപക സമരം ആരംഭിച്ചിരിക്കുന്നത്. ബംഗാള്‍ സർക്കാരിന് പുറമേ കേന്ദ്രസർക്കാരിനെതിരെയും സമരം കടുപ്പിച്ചിരിക്കുകയാണ് ഡോക്ടർമാർ.
ഇന്ന് ചേരുന്ന ഡോക്ടർസ് സംഘടനകളുടെ ജനറല്‍ ബോഡി യോഗത്തില്‍ സമരം കടുപ്പിക്കാനുള്ള നടപടികള്‍ തീരുമാനിക്കും. ദില്ലിയില്‍ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നിലാണ് തലസ്ഥാനത്തെ ഡോക്ടർമാർ പ്രതിഷേധിച്ചത്
ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാരംഭിച്ച ദില്ലിയില്‍ ആരംഭിച്ച സമരത്തില്‍ നൂറു കണക്കിന് ഡോക്ടർമാരാണ് അണിനിരന്നത്. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെ മലയാളത്തിലും തമിഴിലുമടക്കം പ്ലക്കാർഡുകളുണ്ടായിരുന്നു .
കൊല്‍ക്കത്ത സംഭവവും സെൻട്രല്‍ പ്രൊട്ടക്ഷൻ ആക്ടുമടക്കം ഉന്നയിച്ച വിഷയങ്ങളില്‍ രേഖാമൂലം മറുപടി കിട്ടാതായതോടെ സമരം എട്ട് മണിക്കൂറോളം നീണ്ടു. രാത്രിയേറെ വൈകി നടന്ന മൂന്നാം ചർച്ചയില്‍ അധികൃതർ അയഞ്ഞതോടെ സമരം താത്കാലികമായി അവസാനിപ്പിച്ചു.
ഇന്ന് നടക്കുന്ന ഡോക്ടർ സംഘടനകളുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം സമരം കടുപ്പിക്കാനാണ് നിലവിലെ തീരുമാനം. നിർഭയക്കേസിന് ശേഷം വന്ന നിയമങ്ങള്‍ ദുർബമാകുന്നെന്ന ആക്ഷേപം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെ ഉയർത്തിയിരുന്നു.
സമീപകാലത്തായി രാജ്യത്ത് ആരോഗ്യ പ്രവർത്തകർക്കെതിരെ ആക്രമണങ്ങള്‍ പതിവാകുന്ന സാഹചര്യവും ഡോക്ടർമാരെ തെരുവിലിറക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.