ഡല്‍ഹി: കൊല്‍ക്കത്ത ആർജി കാർ മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം വ്യാപകമാകുന്നതിനിടെ ബംഗാള്‍ ഗവർണർ സി വി ആനന്ദബോസ് ഡല്‍ഹിയിലെത്തി.
ഇന്നലെ രാത്രിയാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും ഉന്നത നേതാക്കളുമായും സി വി ആനന്ദബോസ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.കൊലപാതക വിവരം ആശുപത്രി അധികൃതർ മറച്ചുവയ്‌ക്കാൻ ശ്രമിച്ചുവെന്നും, കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് സംസ്ഥാനത്ത് വലിയ പ്രതിഷേധ സമരങ്ങളാണ് ഡോക്ടർമാരുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തില്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ഗവർണർ ആശുപത്രിയിലെത്തി സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുമായി സംസാരിക്കുകയും, നീതി ഉറപ്പാക്കുമെന്നും വ്യക്തമാക്കിയിരുന്നു.
കൊല്‍ക്കത്ത രാജ്ഭവനില്‍ രക്ഷാബന്ധൻ പരിപാടിക്കിടെ നിരവധി വനിതാ ഡോക്ടർമാർ തന്റെ കയ്യില്‍ രാഖി കെട്ടിത്തന്നുവെന്നും, സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം എന്ന അവരുടെ ആവശ്യങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ ജനാധിപത്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇത് അനുവദിക്കാനാകില്ല. നമ്മുടെ പെണ്‍മക്കളേയും സഹോദരിമാരേയും സംരക്ഷിക്കുമെന്നും നാം പ്രതിജ്ഞയെടുക്കണം.
സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും സന്തോഷവും പകരുന്ന ഇടമായി ഈ സമൂഹം മാറണം. എന്നാലിപ്പോള്‍ നമ്മുടെ സഹോദരിമാരോടുള്ള കടമ നിർവഹിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഗവർണർ എന്ന നിലയില്‍ ജനങ്ങളെ സേവിക്കുക എന്നതാണ് എന്റെ ഉത്തരവാദിത്വം.
ഇപ്പോഴുള്ള ലക്ഷ്യം നേടുന്നതില്‍ നീണ്ട യാത്ര വേണ്ടി വന്നേക്കാം. എന്നാല്‍ അവിടേക്ക് ഒരുമിച്ച് തന്നെ മുന്നോട്ട് പോകും. ഒടുവില്‍ നമ്മള്‍ ലക്ഷ്യസ്ഥാനത്ത് എത്തും. ഏത് പ്രതിസന്ധിയിലും നിങ്ങളോടൊപ്പമുണ്ടാകുമെന്നും" ഗവർണർ ഡോക്ടർമാർക്ക് ഉറപ്പ് നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.