സിഡ്നി: പീഡന പരാതിയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുന്‍ ഓസ്ട്രേലിയന്‍ ബാറ്ററും ഓപ്പണറുമായ മൈക്കല്‍ സ്ലേറ്ററുടെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് മുന്‍ താരത്തിന്റെ ജാമ്യം തള്ളുന്നത്.
ഗാര്‍ഹിക പീഡനമുള്‍പ്പെടെ 25 കുറ്റങ്ങളാണ് താരത്തിനെതിരെ ഉള്ളത്. ബ്രിസ്ബെയ്ന്‍ സുപ്രീം കോടതിയാണ് താരത്തിനു ജാമ്യം നിഷേധിച്ചത്.2023 ഡിസംബര്‍ മുതല്‍ 2024 ജനുവരി മാസത്തിനും ഇടയിലുണ്ടായ സംഭവങ്ങളാണ് മുന്‍ ഓസീസ് താരത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
നൂസ മേഖലയിലുള്ള ഒരു സ്ത്രീയെ താരം ലൈംഗികമായി ആക്രമിച്ചതായും വീട്ടില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തിയെന്നും ദിവസങ്ങളോളം അശ്ലീല ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതായും പരാതിയിലുണ്ടായിരുന്നു. ഒരു ദിവസം 100 മെസേജുകള്‍ വരെ ഇത്തരത്തില്‍ താരം സ്ത്രീക്ക് അയച്ചതായും കണ്ടെത്തിയിരുന്നു.
പിന്നാലെയാണ് അറസ്റ്റ്. ആദ്യ ഘട്ടത്തില്‍ ജാമ്യം നിഷേധിച്ചതോടെ താരം ജയിലില്‍ തന്നെയായിരുന്നു. 130 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് രണ്ടാം തവണയും താരം ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ അതും തള്ളുകയായിരുന്നു.
1993 മുതല്‍ 2001 വരെ ഓസ്ട്രേലിയക്കായി കളിച്ച താരമാണ് സ്ലേറ്റര്‍. 74 ടെസ്റ്റുകളില്‍ നിന്നു 5000 റണ്‍സും 14 സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഓസീസിനായി 42 ഏകദിനങ്ങളും കളിച്ചു. 2004ലാണ് സ്ലേറ്റര്‍ സജീവ ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. പിന്നീട് ടെലിവിഷന്‍ അവതാരകനും മറ്റുമായി പ്രവര്‍ത്തിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.