ആലപ്പുഴ: കവിയും ഗ്രന്ഥകാരനും രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകനുമായ കൈനകരി സുരേന്ദ്രൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ചലച്ചിത്ര പിന്നണി ഗായകൻ സുദീപ്കുമാർ മകനാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഒരു മണിവരെ പറവൂരിലെ പുന്നപ്ര നോർത്ത് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.ആലപ്പുഴയുടെ രാഷ്ട്രീയ - സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന കൈനകരി സുരേന്ദ്രൻ. ദേശാഭിമാനി സ്റ്റഡി സർക്കിൾ ജില്ലാ ഭാരവാഹിയായി സാംസ്കാരിക പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി - സംസ്ഥാന സമിതി അംഗം, കുഞ്ചൻ സ്മാരക ട്രസ്റ്റ് മെമ്പർ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കെഎസ്ഇബിയിൽ നിന്നും സൂപ്രണ്ടായാണ് കൈനകരി സുരേന്ദ്രൻ വിരമിച്ചത്.
വസന്തം, ചന്ദനഗന്ധിയായ പൊന്നുപോലെ (ലേഖന സമാഹാരങ്ങൾ), കൊന്നപ്പൂക്കൾ (കവിതാ സമാഹാരം), വഞ്ചിപ്പാട്ട്, ജലോത്സവങ്ങളുടെ നാട്ടിൽ, നാടൻപാട്ടുകൾ, സാഹിത്യ മരതകങ്ങൾ (പഠനങ്ങൾ) എന്നിവയാണ് പ്രധാന കൃതികൾ. ‘കഥാപ്രസംഗകലയുടെ നാൾവഴികൾ’ എന്ന കൃതിക്ക് കഥാപ്രസംഗ അക്കാദമി അവാർഡും ലഭിച്ചു.
ഭാര്യ: കെ.എം രാജമ്മ, മക്കൾ: സുദീപ് കുമാർ, സുധീഷ് കുമാർ (കെ.എസ്.ഇ.ബി എംപ്ലോയീസ് കോ ഓപറേറ്റീവ് സൊസൈറ്റി). മരുമക്കൾ: കലാമണ്ഡലം സോഫിയ, മായ മോൾ (സ്റ്റാഫ് നഴ്സ്, ഡബ്ള്യൂ ആന്റ് സി ഹോസ്പിറ്റൽ, ആലപ്പുഴ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.