ഹന്നസ്ബെർഗ് : ദക്ഷിണാഫ്രിക്കയിലെ ഏക ദേശീയ മൃഗശാലയായ പ്രിറ്റോറിയ നാഷണല്‍ സുവോളജിക്കല്‍ ഗാർഡനിലെ അവസാനത്തെ ആനയായ ചാർലിയെ വനത്തിലേക്ക് സ്വതന്ത്രനാക്കി.നീണ്ട 40 വർഷമാണ് ചാർലി മനുഷ്യരുടെ സംരക്ഷണത്തില്‍ കഴിഞ്ഞത്.
1984ല്‍ രണ്ട് വയസുള്ളപ്പോള്‍ ചാർലിയെ സിംബാബ്‌വേയിലെ ഹ്വാംഗേ നാഷണല്‍ പാർക്കില്‍ നിന്ന് വേട്ടക്കാർ പിടികൂടുകയായിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കയിലെ ബോസ്‌വെല്‍ വില്‍കീ സർക്കസിലായിരുന്നു ചാർലിയുടെ ജീവിതം. സർക്കസില്‍ നിന്ന് പഠിച്ച അഭ്യാസങ്ങളൊക്കെ ചാർലിക്ക് അറിയാം.2001ല്‍ പ്രിറ്റോറിയ മൃഗശാലയില്‍ എത്തിപ്പെട്ടു. സമീപ വർഷങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടതോടെ പരിസ്ഥിതി പ്രവർത്തകർ ചാർലിയുടെ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തി.
ഏറെ പ്രതിഷേധങ്ങള്‍ക്കും ചർച്ചകള്‍ക്കും ഒടുവില്‍ ലിംപോപോ പ്രവിശ്യയിലെ ഷാംബാല പ്രൈവറ്റ് റിസേർവ് മേഖലയിലേക്കാണ് ചാർലിയെ സ്വതന്ത്രമാക്കിയത്.
10,000 ഹെക്ടറില്‍ വ്യാപിച്ചുകിടക്കുന്ന ഇവിടെ ചാർലിയെ പോലെ സ്വതന്ത്രമാക്കപ്പെട്ട നിരവധി ആനകളുണ്ട്. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ സമയമെടുത്തേക്കാം എന്നതിനാല്‍ ചാർലിയെ നിരീക്ഷിക്കാൻ വിദഗ്ദ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തന്റെ കുട്ടിയടക്കം നാല് ആനകളുടെ മരണമാണ് മൃഗശാലയില്‍ വച്ച് ചാർലിക്ക് കാണേണ്ടിവന്നത്. ഇതിന് ശേഷം മൃഗശാലയില്‍ ഒറ്റപ്പെട്ട ചാർലി കടുത്ത വിഷാദത്തിലായിരുന്നു.
സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മടങ്ങിയ ചാർലിക്ക് ഇനി സന്തോഷത്തോടെ ജീവിക്കാനാകുമെന്നതിന്റെ ആശ്വാസത്തിലാണ് മൃഗശാലയില്‍ ചാർലിയെ പരിപാലിച്ചവരും പരിസ്ഥിതി പ്രവർത്തകരും.
അതേ സമയം, ജോഹന്നസ്ബർഗില്‍ അടക്കം ഏതാനും ദക്ഷിണാഫ്രിക്കൻ മൃഗശാലകളില്‍ ഇനിയും ആനകള്‍ ശേഷിക്കുന്നുണ്ട്. 25,000ലേറെ ആനകള്‍ ദക്ഷിണാഫ്രിക്കൻ വനമേഖലയില്‍ ജീവിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.