അയര്‍ലണ്ടിലെ പല രാഷ്ട്രീയക്കാര്‍ക്ക് നേരെ പരോക്ഷമായും, പ്രത്യക്ഷമായും ആക്രമണം ഉണ്ടാവുന്നുണ്ട്.
രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെ വധശ്രമങ്ങള്‍, കൊല്ലുമെന്ന് ടിക് ടോക്ക് വീഡിയോ.. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ അനധികൃത- അധികൃത കുടിയേറ്റക്കാരെ, സംരക്ഷിക്കുകയാണ് ഇപ്പോഴത്തെ മന്ത്രിസഭയെന്നത്, അയര്‍ലണ്ടിലെ സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നു.
പ്രധാനമന്ത്രി സൈമണ്‍ ഹാരീസിന്റെയും, ജസ്റ്റീസ് മന്ത്രി ഹെലന് മക് എന്ടിയുടെയും, അനധികൃത അഭയാര്‍ത്ഥികള്‍ക്ക് ശക്തമായ പിന്തുണ നല്കുന്ന ഗ്രീന്‍ പാര്‍ട്ടി മന്ത്രിമാരുടെയും വസതികള്‍ക്ക് നേരെ പോലും ആക്രമണമുണ്ടായി. ഇതേ തുടര്‍ന്ന്, മന്ത്രിമാര്‍ക്കും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കുള്ള സംരക്ഷണം നിലവില്‍ ഉണ്ട്. 15 അംഗ കാബിനറ്റിലെ ഓരോ മന്ത്രിക്കും ഒരു പ്രത്യേക ഡിറ്റക്റ്റീവ് യൂണിറ്റ് (SDU) ഉദ്യോഗസ്ഥന്റെ അകമ്പടിയോടെയാണ് സഞ്ചരിക്കുന്നത്. മന്ത്രിമാരുടെ സംരക്ഷണം ഇരട്ടിയാക്കുവാനുള്ള നീക്കം നടക്കുന്നുണ്ട്.
അയര്‍ലണ്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein-ന്റെ നേതാവ് മേരി ലൂ മക്ഡൊണാള്‍ഡ്, ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ് എന്നിവര്‍ക്ക് നേരെ ആയിരുന്നു അവസാനമായി വധഭീഷണി മുഴങ്ങിയത്. തുടർന്ന് കൊല്ലുമെന്ന് ടിക് ടോക്ക് വീഡിയോയിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ ഡബ്ലിന്‍ സ്വദേശിക്ക് ജാമ്യം നല്കാന് കോടതി വിസമ്മതിച്ചിരുന്നു.
റാത്ത്ഫര്ണ്ഹാമിലെ വൈറ്റ്ചര്ച്ച് പ്ലേസിലെ റിച്ചാര്‍ഡ് മക്ഗ്രീവി (28) ജൂലായ് 16നാണ് വിവാദ വീഡിയോ പ്രചരിപ്പിച്ചത്.. വിവാദ ടിക് ടോക്ക് വീഡിയോ വൈറലായിരുന്നു. പിന്നീട് മെറ്റയും ടിക്ക് ടോക്കും വീഡിയോ നീക്കം ചെയ്തു. മക്ഡൊണാള്‍ഡിന്റെ പരാതിയെ തുടര്‍ന്നാണ് ഗാര്‍ഡയുടെ അന്വേഷണവും അറസ്റ്റുമുണ്ടായത്. സ്പെഷ്യല്‍ ഡിറ്റക്റ്റീവ് യൂണിറ്റിലെ (SDU) ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച രാവിലെ സൗത്ത് ഡബ്ലിനിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച എല്ലാ ഉപകരണങ്ങളും ഗാര്‍ഡ പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ അറസ്റ്റ് ചെയ്ത ഇയാളുടെ മേല്‍ Non-Fatal Offences Against the Person Act, 1997-ലെ സെക്ഷന്‍ 5 കുറ്റം ചുമത്തിയിട്ടുണ്ട്.
വീഡിയോ തയ്യാറാക്കിയതിനെക്കുറിച്ച് പ്രത്യേകിച്ചൊന്നും ഇയാള്‍ ഗാര്ഡയോടോ കോടതിയോടൊ പറഞ്ഞില്ല. മസ്തിഷ്കാഘാതവും ഓര്‍മക്കുറവുമുണ്ടെന്നും തന്റെ വീഡിയോ വൈറലാകുമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നും കോടതിയില്‍ പറഞ്ഞു. എന്നാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് കോടതി പറഞ്ഞു. ക്ലോവര്‍ഹില്‍ ജില്ലാ കോടതിയില്‍ ജൂലൈ 26ന് കോടതി കേസില്‍ വാദം കേൾക്കും. ഭീഷണി ഭയപ്പെടുത്തുന്നതാണെങ്കിലും അക്കാരണത്താല്‍ രാഷ്ട്രീയം ഉപേക്ഷിക്കില്ലെന്ന് മക്ഡൊണാള്‍ഡ് വ്യക്തമാക്കിയിരുന്നു.
ഇതിനും മുൻപ് അയര്‍ലണ്ടിലെ ഫാര്‍ റൈറ്റ് ഗ്രൂപ്പുകാര്‍ മുന്‍ പ്രധാനമന്ത്രി ലിയോ വരദ്കറെ വധിക്കാനായി ഗൂഢാലോചന നടത്തിയിരുന്നു.ഏതാനം ‘വര്‍ഷങ്ങളായി ‘ ഈ ഗൂഡാലോചന തുടരുകയാണെന്നും വരദ്കര്‍ ഇപ്പോഴും ഗാര്‍ഡായുടെ അതീവജാഗ്രതാ സുരക്ഷാവലത്തിലാണെന്നും സ്ഥിരീകരണമുണ്ട്.
2022-ന്റെ തുടക്കത്തില്‍ തന്നെ ഭീഷണിയെക്കുറിച്ച് ഇന്റലിജന്‍സ് അറിഞ്ഞിരുന്നു. അക്രമം നടത്തി ‘ പരിചയ സമ്പന്നരായ’ ചില തീവ്ര വലതുപക്ഷ തീവ്രവാദികള്‍ വധശ്രമത്തിനുള്ള തോക്കുകളുമായി വരദ്കറിന് പിന്നാലെയുള്ളതായാണത്രെ ഗാര്‍ഡ കണ്ടെത്തിയത്. തീവ്ര വലതുപക്ഷ ഗ്രൂപ്പിന്റെ ‘ആസൂത്രിത ഹിറ്റ്മാന്’ ഐറിഷ് ഡിഫന്‍സ് ഫോഴ്സില്‍ നിന്നുള്ള ഒരു മുന്‍ സൈനികനല്ല, മറിച്ച് ഒരു വിദേശ സൈനിക വിഭാഗത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ആളാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വരദ്കര്‍ ആദ്യം പ്രധാനമന്ത്രിയായപ്പോള്‍ ഗാര്‍ഡ സ്പെഷ്യല്‍ ഡിറ്റക്റ്റീവ് യൂണിറ്റില്‍ നിന്നുള്ള സായുധ ഡിറ്റക്റ്റീവുകളുടെ ഒരു സംഘംതന്നെ വരദ്കറിന് സംരക്ഷണം ഒരുക്കിയിരുന്നു. പിന്നീട് ഇപ്പോഴും ഇത് തുടരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.