കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം; എസ്എഫ്ഐയെ പൂര്‍ണമായി ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാംപസില്‍ കെഎസ്‌യു നേതാവിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ സഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷവും. വിഷയം എം.വിൻസെന്റ് എംഎല്‍എയാണ് അടിയന്തരപ്രമേയ നോട്ടിസ് ആയി നല്‍കിയത്. എസ്എഫ്ഐയെ പൂര്‍ണമായി ന്യായീകരിക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്. എസ്എഫ്‌ഐ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തനത്തിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനമാണെന്നും അതിനെ അധിക്ഷേപിക്കാനുള്ള നടപടികളാണു നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടർന്ന് എകെജി സെന്റര്‍ ആക്രമണവും ഗാന്ധി ചിത്രം തകര്‍ത്തതും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. എസ്എഫ്‌ഐക്കാര്‍ ആയതുകൊണ്ടു മാത്രം 35 പേര്‍ കൊല്ലപ്പെട്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. കെഎസ്‌യുവിന് അത്തരം ചരിത്രം പറയാനുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. വയനാട് ഡിസിസി ഓഫിസില്‍ ഗാന്ധിചിത്രം തകര്‍ത്തത് ആരാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസംഗം ക്യാംപസുകളില്‍ അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ നല്‍കുന്ന രാഷ്ട്രീയ പിന്തുണയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിമര്‍ശിച്ചു. ഏത് ഇരുണ്ട യുഗത്തിലാണു നിങ്ങള്‍ ജീവിക്കുന്നതെന്നും സതീശന്‍ ചോദിച്ചു. എല്ലാ കോളജുകളിലും എസ്എഫ്‌ഐക്ക് ഇടിമുറികളുണ്ടെന്ന് എ.വിന്‍സെന്റ് വിമര്‍ശിച്ചു. പ്രത്യയശാസ്ത്രത്തിന്റെ അല്ല, ഇടിമുറിയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തനമെന്നും വിന്‍സെന്റ് പറഞ്ഞു. പരാതിയില്ലെന്ന് സാന്‍ജോസിനെ കൊണ്ട് എഴുതി വാങ്ങിച്ചത് റെക്കോര്‍ഡ് ചെയ്തു. പൊലീസുകാര്‍ നോക്കി നില്‍ക്കെ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും വിന്‍സെന്റ് പറഞ്ഞു. 

മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽനിന്ന് ‘‘തെറ്റായ രീതികള്‍ പ്രചരണത്തിനു വേണ്ടി നിങ്ങള്‍ ഉപയോഗിക്കാറുണ്ട്. വയനാട്ടില്‍ ഗാന്ധി ചിത്രം തകര്‍ത്തതും എകെജി സെന്റര്‍ ആക്രമണവും ഉദാഹരണം. ഇതൊക്കെ ആരാണു ചെയ്തതെന്നു പിന്നീട് ബോധ്യമായല്ലോ. ഏതാനും വര്‍ഷം മുമ്പ് ചാപ്പകുത്തല്‍ സംഭവം എസ്എഫ്‌ഐക്കെതിരെ ഉപയോഗിച്ചു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിനിടെ നിരവധി എസ്എഫ്‌ഐക്കാര്‍ കൊല ചെയ്യപ്പെട്ടു. ഇത്തരം ഒന്ന് കെഎസ്‌യുവിനു പറയാനുണ്ടോ. ധീരജ് കൊല്ലപ്പെട്ടപ്പോള്‍ ഇരന്നു വാങ്ങിയ കൊലപാതകം എന്നു പറഞ്ഞതാരാണ്. കൊലനടത്തുക. എന്നിട്ട് നിര്‍ലജ്ജം അതിനെ ന്യായീകരിക്കുകയും സംരക്ഷണം നല്‍കുകയുമാണു നിങ്ങള്‍ ചെയ്യുന്നത്. 

ക്യാംപസുകളില്‍ വിദ്യാർഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന അവസ്ഥ തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. ഇതുണ്ടാകാന്‍ പാടില്ലായെന്ന വ്യക്തമായ അഭിപ്രായമാണു സര്‍ക്കാരിനുള്ളത്. ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി പൊലീസ് ആവശ്യമായ ഇടപെടലുകള്‍ നടത്തിവരുന്നുണ്ട്. ക്യാംപസുകളില്‍ സംഘര്‍ഷാവസ്ഥ സംജാതമാകുന്ന സ്ഥിതി ഉണ്ടാകാതിരിക്കാന്‍ വിദ്യാര്‍ഥി സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും ആവശ്യമായ പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പോടോടുകൂടി മാത്രം കണ്ടുകൊണ്ട് ഒരു പ്രത്യേക വിദ്യാര്‍ഥിസംഘടനയെ താറടിക്കാനുള്ള തത്രപ്പാടാണു പ്രശ്നങ്ങളെ ഒന്നുകൂടി വഷളാക്കുന്നത്. സംഘര്‍ഷത്തിന് ഉത്തരവാദികള്‍ ആരാണെന്നും സംഭവങ്ങളുടെ നിജസ്ഥിതി എന്താണെന്നും അന്വേഷിച്ചു കണ്ടെത്തുന്നതിനു മുമ്പുതന്നെ പക്ഷപാതപരമായ വിധിയെഴുത്തു നടത്തുന്നത് ഒഴിവാക്കപ്പെടേണ്ടതാണ്. അതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങളെ തുരങ്കംവയ്ക്കുന്ന സമീപനമാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തി ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ നല്ല ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. 'നാക്' അക്രെഡിറ്റേഷനിലും എന്‍ഐആര്‍എഫ് റാങ്കിങ്ങിലും കേരളത്തിലെ സര്‍വകലാശാലകളും കോളജുകളും മുന്‍നിരയില്‍ നില്‍ക്കുന്നു എന്ന അഭിമാനകരമായ വസ്തുതയെ തമസ്‌കരിച്ചുകൊണ്ടാണു ക്യാംപസുകളിലാകെ ഗുണ്ടാവിളയാട്ടമാണെന്ന പ്രചാരണം നടത്തുന്നത്. ഇതു മരം കണ്ടു, കാട് കണ്ടില്ല എന്ന അവസ്ഥയാണ്. ക്യാംപസിലെ സംഘട്ടനങ്ങള്‍ അപലപനീയവും അനഭിലഷണീയവുമാണ്. ഇക്കാര്യത്തില്‍ ഉത്തരവാദികളായവര്‍ നടപടികള്‍ നേരിടുകയും വേണം. പക്ഷേ, ഒരു പ്രത്യേക സംഘടനയില്‍ എല്ലാ കുറ്റങ്ങളും ചാര്‍ത്തി വസ്തുതകളെ വക്രീകരിക്കുന്ന നടപടി ഉണ്ടാകാന്‍ പാടില്ല. ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടപ്പോള്‍ ആ ചെറുപ്പക്കാരന്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥി സംഘടനയുടെ ലേബല്‍ അടിസ്ഥാനപ്പെടുത്തി ‘മരണം ഇരന്നുവാങ്ങി’താണെന്ന അഭിപ്രായം ഒരു മുതിര്‍ന്ന നേതാവ് പറയുകയുണ്ടായി. അതിനെ ചെറിയ തോതിലെങ്കിലും അപലപിക്കാന്‍ നിങ്ങള്‍ തയ്യാറായിട്ടുണ്ടോ? ഇത്തരം സമീപനങ്ങളാണ് ക്യാംപസുകളിലെ സംഘര്‍ഷങ്ങള്‍ക്കു ത്വരകമായി മാറുന്നത്. പക്ഷപാതപരമായി മാത്രം കാര്യങ്ങളെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതിനു സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാകാം. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അത്തരം ഒരു ഉദ്ദേശ്യവും അംഗീകരിക്കാന്‍ കഴിയില്ല.

വിദ്യാര്‍ഥികള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ വഴിവിട്ടു പോകാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വവും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതരും ക്രമസമാധാനപാലകരും ഒരുമിച്ചു പരിശ്രമങ്ങള്‍ നടത്തണം. അതിലൂടെ ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഗുണമേന്മയുള്ളതാക്കണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കേണ്ടത് പഠനത്തിന്റെയും പാഠ്യേതര പ്രവര്‍ത്തനങ്ങളുടെയും സുഗമമായ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. ഇതു നിലനിര്‍ത്താന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.’’

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !