ചണ്ഡിഗഡ്: മോഷണവിവരം പുറത്തു പറയാതിരിക്കാനായി അയല്‍വീട്ടിലെ 9 വയസുള്ള പെണ്‍കുട്ടിയെ കൊന്ന് കർപ്പൂരമിട്ട് കത്തിച്ച കേസില്‍ 16കാരൻ അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമിലായിരുന്നു സംഭവം.
കേസില്‍ പിടിയിലായ 16കാരൻ പ്രദേശത്ത് ഇരുപതോളം കവർച്ച നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയും ഇളയ സഹോദരനും 16കാരന്റെ വീട്ടിലെത്തിയ സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പഠനാവശ്യത്തിനെന്ന പേരില്‍ പോയത്.ആ സമയത്ത് വീട്ടിലുണ്ടായിരുന്ന കുട്ടിയോട് വെള്ളം ആവശ്യപ്പെട്ട ശേഷം ഇയാള്‍ അലമാര തുറന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചു. മോഷണം കണ്ടു കൊണ്ടു കടന്നു വന്ന പെണ്‍കുട്ടിയോട് ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടെങ്കിലും കുട്ടി വിസമ്മതിച്ചു.
ഇതോടെ ഇയാള്‍ കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പൂജാമുറിയിലുണ്ടായിരുന്ന കർപ്പൂരം മൃതദേഹത്തിലിട്ട് കത്തിച്ചു. പെണ്‍കുട്ടിയുടെ അമ്മ തിരിച്ചെത്തിയപ്പോള്‍ 16കാരൻ മൃതദേഹത്തിനരികില്‍ ഇരിക്കുകയായിരുന്നു. മോഷണത്തിന് ശ്രമിച്ച സംഘം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന കള്ളക്കഥയാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ചോദ്യം ചെയ്തതോടെ സത്യം തുറന്നു പറഞ്ഞു.
16കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിനു മുന്നില്‍ ഹാജരാക്കി. ചൂതാട്ടത്തിലൂടെയുണ്ടായ കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് 16കാരന്റെ കുറ്റസമ്മതം.
ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവോയെന്ന് വ്യക്തമല്ല. മയക്കു മരുന്നു ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.