കൊച്ചി: എല്ലാ മാസവും ഏഴിന് മുമ്പ് ശമ്പളം നല്‍കുമെന്ന ഉറപ്പ് ലംഘിച്ച ഇഎംആർഐ ഗ്രീൻ ഹെല്‍ത്ത് സർവീസ് കമ്ബനിക്കെതിരെ 108 ആംബുലൻസ് ജീവനക്കാരുടെ പ്രതിഷേധം പണിമുടക്കിലേക്ക്.
സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച 108 ആംബുലൻസ് സർവീസ് പൂർണമായും നിർത്തിവെച്ച് സൂചന പണിമുടക്ക് നടത്തും. കേരള മെഡിക്കല്‍ സർവീസസ് കോർപറേഷൻ ഫണ്ട് നല്‍കിയിട്ടും 108 ആംബുലൻസ് ജീവനക്കാരുടെ ജൂണ്‍ മാസത്തെ ശമ്പളം നല്‍കാൻ കരാർ കമ്പിനി തയ്യാറാകുന്നില്ല എന്ന് ആരോപിച്ചാണ് സർവീസ് നിർത്തിവെച്ചുള്ള സമരം.നിസ്സഹകരണ സമരത്തിന്‍റെ ഭാഗമായി നിലവില്‍ 108 ആംബുലൻസ് സേവനം ഉപയോഗപ്പെടുത്തുന്ന രോഗികളുടെ ഉള്‍പ്പെടെ ട്രിപ്പിന്‍റെ വിവരങ്ങള്‍ രേഖപ്പെടുത്താതെയും സിഐടിയുവിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്. ജൂണ്‍ മാസത്തെ ശമ്പളം ലഭിക്കാൻ വൈകിയതോടെയാണ് ഇക്കഴിഞ്ഞ 16 മുതല്‍ സംസ്ഥാനത്തെ ഒരു വിഭാഗം 108 ആംബുലൻസ് ജീവനക്കാർ ഭാഗികമായി നിസ്സഹകരണ സമരം നടത്തിവരികയാണ്.
സിഐടിയു ബിഎംഎസ് എന്നീ തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് നിസ്സഹകരണ സമരം ശക്തമായതോടെ കഴിഞ്ഞദിവസം കരാർ കമ്പിനിക്ക് മെഡിക്കല്‍ സർവീസ് കോർപ്പറേഷൻ 3.8 കോടി അനുവദിച്ചിരുന്നു.
എന്നാല്‍ ഈ തുക ശമ്പളം നല്‍കാൻ തികയില്ല എന്നാണ് കമ്പിനിയുടെ വാദമെന്ന് തൊഴിലാളി സംഘടന നേതാക്കള്‍ ആരോപിക്കുന്നു. ആംബുലൻസുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ഓക്സിജനും മരുന്നുകളും ഉള്‍പടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കണ്‍ട്രോള്‍ റൂം പ്രവർത്തനത്തിനും മറ്റും കുടിശ്ശികയുള്ള പണം ഈ തുകയില്‍ നിന്ന് നല്‍കാനാണ് കരാർ കമ്പിനിയുടെ നീക്കം എന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച സൂചന പണിമുടക്കിന്റെ ഭാഗമായി സർവീസ് പൂർണ്ണമായും നിർത്തിവയ്ക്കാൻ സിഐടിയു തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ സംസ്ഥാനത്ത് നിപ്പയും, പനിക്കെടുതിയും പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തില്‍ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരാശുപത്രിയിലേക്ക് രോഗികളെ മാറ്റുന്നത് തടസ്സപ്പെട്ടിട്ടും സർവീസ് പൂർണമായും മുടക്കി സമരം നടത്തും എന്ന് അറിയിപ്പ് ലഭിച്ചിട്ടും സർക്കാർ മൗനം പാലിക്കുകയാണെന്ന് ജീവനക്കാർ ആരോപിക്കുന്നു.
നിലവില്‍ സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരത്തില്‍ നിന്ന് ഒരു വിഭാഗം ജീവനക്കാർ മാറിനില്‍ക്കുകയാണ്. കൊല്ലം ജില്ലയില്‍ 108 ആംബുലൻസ് ജീവനക്കാർ പൂർണ്ണമായും വിട്ടുനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ സർവീസ് സാധാരണ നിലക്കാണ് മുന്നോട്ട് പോകുന്നത്.
108 ആംബുലൻസ് സേവനം സംസ്ഥാനത്ത് നിലച്ചാല്‍ അപകടത്തില്‍പ്പെടുന്നവർക്കും ഗർഭിണികള്‍ക്കും ഉള്‍പ്പെടെ അടിയന്തര ചികിത്സ ലഭ്യമാകേണ്ട സാഹചര്യത്തില്‍ രൂക്ഷമായ പ്രതിസന്ധി നേരിടേണ്ടി വരും.
മെഡിക്കല്‍ സർവീസ് സ്കോറേഷനില്‍ നിന്ന് ലഭിക്കാനുള്ള കുടിശ്ശികത്തുക ലഭ്യമാക്കിയാല്‍ മാത്രമേ ജീവനക്കാർക്ക് ശമ്പളം നല്‍കാൻ സാധിക്കുമെന്ന് നിലപാടാണ് കരാർ കമ്പിനിക്കെന്ന് തൊഴിലാളി സംഘടന നേതാക്കള്‍ ആരോപിക്കുന്നു.
2023 സെപ്റ്റംബർ മാസം മുതലുള്ള ഫണ്ട് കുടിശ്ശികയായ 75 കോടി രൂപ കരാർ കമ്പിനി കേരള മെഡിക്കല്‍ സർവീസസ് കോർപ്പറേഷനില്‍ നിന്ന് ലഭിക്കാനുണ്ട്.
ഇത് കരാർ കമ്പിനിക്ക് മേലുള്ള സാമ്പത്തിക ബാധ്യതകള്‍ വർദ്ധിപ്പിക്കുന്നുവെന്നും അടിയന്തരമായി മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ വിഷയത്തില്‍ ഇടപെട്ട് കുടിശിക തുക നല്‍കണമെന്നും കാട്ടി കരാർ കമ്പിനി കഴിഞ്ഞദിവസം ആരോഗ്യ മന്ത്രിക്കും മെഡിക്കല്‍ സർവീസസ് കോർപ്പറേഷൻ ഡയറക്ടർക്കും കത്ത് നല്‍കിയിരുന്നു.
ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിന്ന് ഫണ്ട് ലഭ്യമായില്ല എങ്കില്‍ വരും മാസങ്ങളിലും 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പള കാര്യത്തില്‍ പ്രതിസന്ധി തുടരുമെന്ന് നിലപാടിലാണ് കമ്പിനി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.