ബെംഗളൂരു: പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തിയതായി കർണാടകയിലെ ഭക്ഷ്യസുരക്ഷാവിഭാഗം. സുരക്ഷാ പരിശോധനയുടെ ഭാഗമായി ശേഖരിച്ച 22% പാനിപൂരി സാമ്പിളുകളും ഉപയോഗയോഗ്യമല്ലെന്നും അധികൃതർ അറിയിച്ചു.
260-ഓളം പാനിപൂരി സാമ്പിളുകൾ ശേഖരിച്ചതിൽ, 41 സാമ്പിളുകളിൽ കൃത്രിമനിറങ്ങളും കാൻസറിന് കാരണമാകുന്ന ഘടകങ്ങളും കണ്ടെത്തിയെന്ന് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം വിൽക്കുന്ന പാനിപൂരിയുടെ സുരക്ഷ സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ ശ്രീനിവാസ്.കെ. ഡെക്കാൻ ഹെറാൾഡിനോട് പറഞ്ഞു.
സംസ്ഥാനത്തെ തെരുവോര കച്ചവടശാലകളിൽ നിന്നും വിവിധ റെസ്റ്ററന്റുകളിൽ നിന്നും ശേഖരിച്ച പാനിപൂരികളുടെ സാമ്പിളുകളാണ് സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടത്. പല സാമ്പിളുകളും പഴകിയ നിലയിലും ഉപയോഗിക്കാൻ പറ്റാത്ത വിധവുമായിരുന്നു എന്ന് അധികൃതർ കണ്ടെത്തി. ബ്രില്ല്യന്റ് ബ്ലൂ, സൺസെറ്റ് യെല്ലോ, ടാർട്രാസൈൻ എന്നീ കെമിക്കലുകളും പാനിപൂരി സാമ്പിളുകളിൽ കണ്ടെത്തി.
സിന്തറ്റിക് കളറുകൾ അമിതമായി ചേർത്ത ഷവർമകൾ വിറ്റ ഭക്ഷ്യവിൽപന ശാലകൾക്കെതിരെയും അധികൃതർ നടപടിയെടുത്തിട്ടുണ്ട്. പതിനേഴ് ഷവർമ സാമ്പിളുകളിൽ എട്ടെണ്ണത്തിൽ കൃത്രിമനിറങ്ങളുടെ സാന്നിധ്യവും അമിതമായ അളവിൽ ബാക്ടീരിയയും കണ്ടെത്തി.
ബ്രില്ല്യന്റ് ബ്ലൂ, സൺസെറ്റ് യെല്ലോ എന്നീ കെമിക്കലുകൾ ഭക്ഷ്യ-സൗന്ദര്യവർധക മേഖലയിൽ ധാരാളമായി ഉപയോഗിച്ചുകാണാറുണ്ട്. ഇവയുടെ അമിതോപയോഗം ചർമത്തിൽ അലർജികൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ, കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റി എന്നിവയ്ക്ക് കാരണമാകാമെന്ന് വിദഗ്ധർ പറയുന്നു.
ടാർട്രാസൈൻ എന്ന കെമിക്കൽ ഭക്ഷണങ്ങളേയും പാനീയങ്ങളെയും കൂടുതൽ ആകർഷകമാക്കാനാണ് ഉപയോഗിക്കുന്നത്. ഇതും അലർജി പ്രശ്നങ്ങൾ, ആസ്ത്മ എന്നിവയ്ക്ക് കാരണമാകും. അമിതമായ അളവിൽ ശരീരത്തിലെത്തുന്നത് കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റിക്കും ചിലഘട്ടങ്ങളിൽ കാൻസറിനും കാരണമാകാം.
കഴിഞ്ഞയാഴ്ചയാണ് ചിക്കൻ, ഫിഷ്, വെജിറ്റബിൾ കബാബുകളിൽ കൃത്രിമനിറം ചേർക്കുന്നതിന് കർണാടക സർക്കാർ വിലക്കേർപ്പെടുത്തിയത്. ജനങ്ങളുടെ ആരോഗ്യത്തിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ് കൃത്രിമനിറങ്ങൾ എന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയത്. 2011-ലെ ഭക്ഷ്യസുരക്ഷാനിയമപ്രകാരം കബാബുകളുടെ നിർമാണത്തിൽ ഏതുതരത്തിലുള്ള കൃത്രിമനിറങ്ങളും ഉപയോഗിക്കരുതെന്ന നിർദേശമുണ്ട്.
ഈ വർഷം മാർച്ചിൽ ഗോബി മഞ്ചൂരിയൻ, കോട്ടൺ കാൻഡി എന്നിവയിൽ കൃത്രിമനിറം ചേർക്കുന്നതിനും കർണാടക സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. കുട്ടികളിൽ ഉൾപ്പെടെ ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനു പിന്നാലെയാണത്. റൊഡാമിൻ-ബി പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറങ്ങളുടെ സാന്നിദ്ധ്യം ഈ ഭക്ഷണങ്ങളിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. തമിഴ്നാടും പുതുച്ചേരിയും പഞ്ഞിമിഠായി നിരോധിച്ചതും ഇതേ കാരണത്താലായിരുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.