കല്‍പ്പറ്റ: 'വീടൊന്നും കാണാനേ ഇല്ലേ. രാത്രി വീട്ടില്‍ നില്‍ക്കുന്നത് അപകടമാണെന്ന് തോന്നിയത് കൊണ്ടാണ് അവിടെ നിന്നും മാറിയത്..അല്ലായിരുന്നെങ്കില്‍..' ചൂരല്‍മലയിലെ പുതിയ വില്ലേജ് റോഡില്‍ താമസിക്കുന്ന ശകുന്തളയുടെ വാക്കുകളില്‍ ഭയം നിറഞ്ഞു നില്ക്കുന്നു.
വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ ഭീകരത ഓരോ മണിക്കൂറ് പിന്നിടുമ്പോഴും കൂടിവരികയാണ്..മരണസംഖ്യ കുത്തനെ ഉയരുമ്പോഴും അപകടത്തില്‍പ്പെട്ട് പലയിടത്തായി കുടുങ്ങിക്കിടക്കുന്നവരും നിരവധിയാണ്.പുതിയ വില്ലേജ് റോഡിലെ താമസക്കാരിയാണ് ശകുന്തള. ഇന്നലെ രാത്രിയൊക്കെ നല്ല മഴയായിരുന്നു ശകുന്തള പറഞ്ഞു. ഇനിയും ഇവിടെ നില്‍ക്കുന്നത് അപകടമാണെന്ന് തോന്നിയത് കൊണ്ട് മുകളിലുള്ള ബന്ധുവിന്റെ വീട്ടില്‍ പോയി കിടക്കാമെന്ന് തീരുമാനിച്ചു.
മൊബൈലും ടോർച്ചും മാത്രമെടുത്താണ് വീട്ടില്‍ നിന്നിറങ്ങിയത്. ഇന്ന് വീട് നില്ക്കുന്ന സ്ഥലത്ത് പുഴപോലെ വെള്ളം ഒഴുകുകയാണ്. മരങ്ങളൊക്കെ വന്ന് അടിഞ്ഞ് കിടക്കുകയാണെന്നും ശകുന്തള പറയുന്നു.
'രാത്രി വന്നതുകൊണ്ട് മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയത്. വില്ലേജ് റോഡില്‍ പതിനഞ്ചോളം വീടുകളുണ്ട്. ഏറെക്കുറേ എല്ലാവരും ഇന്നലെ മാറിത്താമസിച്ചിരുന്നു. അതുകൊണ്ട് ആളപായം ഉണ്ടായില്ല. രാത്രി വെള്ളം കുത്തിയൊഴുകിയപ്പോള്‍ വീട് വിട്ടിറങ്ങിയവരും ഉണ്ട്'...ശകുന്തള പറയുന്നു.
മൂന്ന് നാല് മൃതദേഹങ്ങള്‍ പറമ്പില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നും ആരെക്കയോ പറയുന്നത് കേട്ടു. റോഡൊക്കെ കുത്തിയൊലിച്ചു പോയി. എല്ലായിടത്തും മണ്ണും ചെളിയുമാണ്. കറണ്ടൊന്നും ഇല്ല.. ശകുന്തള പറഞ്ഞു.
അതേസമയം, ഉരുള്‍പൊട്ടലില്‍ വയനാട്ടില്‍ മാത്രം 54 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. മലപ്പുറം ജില്ലയിലെ നിലമ്ബൂരില്‍ ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍നിന്ന് ഇതുവരെ 17 മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.
നിരവധി പേര് ഇപ്പോഴും മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കും ഇടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് എന്‍.ഡി.ആര്.എഫിന്റെ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. എയര്‍ലിഫ്റ്റിങ് നടത്താനുള്ള ശ്രമവും വിജയിച്ചിട്ടില്ല.
ദുരന്തവുമായി ബന്ധപ്പെട്ട മൊത്തം ഏകോപന ചുമതല മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി(എ.എസ്.ഡി) ആയ കാര്ത്തികേയന് ഐ.എ.എസിനെ ഏല്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുക.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി. സാംബശിവ റാവു ഐ.എ.എസ് വയനാട്ടില്‍ ക്യാംപ് ചെയ്ത് ജില്ലയിലെ രക്ഷാപ്രവര്‍ത്തനം ഏകോപിക്കും. സ്പെഷ്യല്‍ ഓഫിസറായാണ് അദ്ദേഹം പ്രവര്‍ത്തിക്കുക.
ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടി ചൂരല്‍മലയിലേക്ക് മലവെള്ളപ്പാച്ചില്‍ ഉണ്ടാവുകയായിരുന്നു. നൂറുകണക്കിന് വീടുകളും തോട്ടംതൊഴിലാളികളുടെ പാടികളും ഉള്ള മേഖലയിലാണ് ദുരന്തം നടന്നത്.
ട്രീവാലി റിസോർട്ടില്‍ ഉള്‍പ്പെടെ നൂറ്കണക്കിന് നാട്ടുകാർ കുടുങ്ങിക്കിടക്കുകയാണ്. 2019ല്‍ ഉരുള്‍പ്പൊട്ടിയ പുത്തുമലയില്‍ നിന്ന് രണ്ടുകിലോമീറ്റർ മാറിയാണ് മുണ്ടക്കൈ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.