നാട്ടില്‍ നിന്നും പോരുകയാണ് കോസ്‌തേപ്പും കുടുംബവും
ആലപ്പുഴ: കാനഡായിൽ സ്വന്തമായി ഒരു വീട് വാങ്ങി, വാടകയ്ക്ക് ഇത്തിരി സ്ഥലം, കൊടുക്കുകയും ഒന്ന് ശ്വാസം വിടാറായപ്പോൾ, നാട്ടിലേക്കു പോവുകയാണ് നമ്മുടെ കഥാനായകനായ കോസ്‌തേപ്പും കുടുംബവും.
പോകുന്നതിന്റെ തലേന്ന്, കൊസ്തേപ്പിന്റെ ഭാര്യ, തന്റെ വാടകക്കാരോട് ചില്ലറ സഹായം അഭ്യർത്ഥിച്ചു. അതായത് കൃഷി തോട്ടം ഒന്ന് നനയ്ക്കണം. പിന്നെ പാഴ്‌സലുകൾ കുറച്ചു വരാനുണ്ട്. അത് ഒന്ന് എടുത്ത് വെച്ചേക്കണം. അതിനൊന്നും ഒരു കുഴപ്പവുമില്ലായെന്നു അവർ തലകുലുക്കി സമ്മതിച്ചു.
പിന്നെ നാട്ടിൽ പോകുമ്പോൾ, ഞങ്ങളുടെ വീട്ടിൽ കൂടെ ഒന്ന് പോകണം. പപ്പയും മമ്മിയും നിങ്ങളെ വിളിക്കും. ഒരു ദിവസം സമയം പോലെ അങ്ങോട്ട് ഒന്ന് ചെല്ലണെ എന്ന് പറഞ്ഞപ്പോൾ ചെല്ലാമെന്നു കയറി ഏൽക്കുകയും ചെയ്‌തു.
നാട്ടിൽ പോയ അവർ, ഒരു ദിവസം വൈകുന്നേരം, തങ്ങളുടെ വാടകക്കാരുടെ പപ്പയെയും മമ്മിയെയും വിളിച്ചു ചെല്ലുന്ന തീയതിയും സമയവും അറിയിച്ചു.. ഉച്ച ഊണ് തങ്ങളുടെ വീട്ടിൽ നിന്നും തന്നെയാകണമെന്നും, വെളിയിൽ നിന്നും ഭക്ഷണവും കഴിച്ചു വരല്ലെന്നു കർശനമായി പറഞ്ഞത് കൊണ്ടും വഴിയിൽ നിന്നെങ്ങും ഭക്ഷണം കഴിക്കാതെ, ഉച്ച ഒരു രണ്ടരയോടെ വീട്ടിൽ ചെന്ന് ചേർന്നു. സ്‌നേഹോഷ്‌മളമായ വരവേൽപ്പ്. കട്ട്ലെറ്റ്, സള്ളാസും ആദ്യം വന്നു. പിന്നെ ചിക്കൻ വിങ്‌സ് വന്നു. അതിനു ശേഷം നല്ല മട്ടൻ ബിരിയാണി വന്നു. എല്ലാം മൂക്ക് മുട്ടെ തിന്നു. അവരുടെ സ്നേഹവും ആതിഥേയ മര്യാദയും കണ്ടു സത്യത്തിൽ കൊസ്‌തേപ്പും ഭാര്യയും ലജ്ജിച്ചു പോയിരുന്നു. വീട്ടിലെത്തിയ ഉടനെ തങ്ങൾ വീട്ടിൽ പോയ കാര്യങ്ങൾ , മിസ്സിസ് കൊസ്‌തേപ്പ്, വാടകക്കാരെ അറിയിച്ചു സന്തോഷം പങ്കിട്ടു.
ഏതായാലും കാനഡയ്ക്ക് തിരിക്കുന്നതിന് രണ്ടു ദിവസം മുൻപ്, പപ്പയും മമ്മിയും ഫോൺ വിളിച്ചു വീട്ടിലേക്കു വരാനുള്ള സമയം തിരക്കി. അവരുടെ സത്ക്കാരത്തിലും ഒട്ടു കുറയാത്ത രീതിയിൽ ഇവിടെയും കാര്യങ്ങൾ ക്രമീകരിച്ചു കൊസ്‌തേപ്പും ഭാര്യയും കാത്തിരുന്നു. പറഞ്ഞത് പോലെ അവർ വന്നു. ഭക്ഷണം എല്ലാം കഴിഞ്ഞു, യാത്ര പറഞ്ഞു ഇറങ്ങാൻ നേരം, പപ്പാ വെളിയിൽ ഇറങ്ങി വണ്ടിയുടെ ഡിക്കി (നാട്ടിൽ ആയതു കൊണ്ട് ഡിക്കി) തുറന്നു, രണ്ടു സാരിയും, ബ്ലൗസും അടങ്ങിയ പാക്കറ്റ് ഒന്ന്, ചിരവ, അപ്പ ചട്ടി, മീൻ ചട്ടി അടങ്ങിയ മറ്റൊരു പാക്കറ്റ്, രണ്ടു കിലോ വിവിധ ഇനം കോഴിക്കോടൻ ഹൽവകളുടെ കെട്ട് ഒന്ന് (നിങ്ങൾക്കും കൂടെ ആണേ ), അൽപം ഉപ്പേരി... (കുഞ്ഞുങ്ങൾക്ക് ഇഷ്ടമാണേ).. കുടം പുളി, വാളൻ പുളി, വീട്ടിൽ ഉണ്ടായ മഞ്ഞൾ ഉണക്കി പൊടിപ്പിച്ച മഞ്ഞൾ പൊടി... തുടങ്ങിയ സാധനങ്ങൾ വീട്ടിലേക്ക് ഇറക്കുന്നത് കണ്ടു കൊസ്‌തേപ്പും, ഭാര്യയും എന്ത് പറയും എന്ന് അറിയാതെ വായും പൊളിച്ചു നിന്ന് പോയി.
ഇനി കൊസ്തേപ്പിന്റെ സാധനങ്ങൾ ആര് കൊണ്ട് വരുമെന്ന ഉത്തരം കിട്ടാത്ത ചോദ്യവുമായി, ആലപ്പുഴയിൽ നിന്നും തന്റേതല്ലാത്ത കാരണങ്ങളാൽ ഒരു ലോഡ് സാധനങ്ങളുമായി കൊസ്തേപ്പും കുടുംബവും...
കുറിപ്പ്: കഥയില്‍ പറയുന്ന കൊസ്തേപ്പിന് ജീവിതത്തില്‍ ഉള്ള കൊസ്തേപ്പുമായി യാതൊരു ബന്ധവുമില്ല. ആരുമായും സാമ്യം തോന്നുന്നു എങ്കില്‍ അത് സ്വാഭാവികം മാത്രമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.