തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ കേസുകള്‍ കൂടുന്നു. തിരുവനന്തപുരത്ത് ഏഴുപേർക്കും കാസർകോട് ഒരാള്‍ക്കുമാണ് കോളറ സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് 14 പേർ കോളറ ലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൂടുതല്‍ പേരുടെ കോളറ പരിശോധന ഫലം ഇന്ന് പുറത്തു വന്നേക്കും.കോളറ ബാധയുടെ ഉറവിടം ഇതുവരെ ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. അതിനിടെ പകർച്ചപ്പനി ബാധിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനയുണ്ട്. ഇന്നലെ 13196 പേരാണ് പകർച്ചപ്പനി ബാധിച്ച് ചികിത്സ തേടിയത്. മൂന്ന് പനി മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഇടുക്കിയില്‍ രണ്ടുപേരും മലപ്പുറത്ത് ഒരാളുമാണ് മരിച്ചത്. 145 പേർക്ക് ഡങ്കിയും 10 പേർക്ക് എലിപ്പനിയും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. 42 പേരില്‍ എച്ച് 1 എൻ 1 ഉം 10 പേരില്‍ എലിപ്പനിയും കണ്ടെത്തി. ഈ മാസം ഇതുവരെ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം പേരാണ് പകർച്ചപ്പനിക്ക് ചികിത്സ തേടിയത്.
വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. ശ്രദ്ധിച്ചില്ലെങ്കില്‍ ഈ രോഗം പെട്ടെന്ന് പടരും. രോഗ ലക്ഷണങ്ങള്‍ മാറിയാലും ഏതാനും ദിവസങ്ങള്‍ കൂടി രോഗിയില്‍ നിന്ന് രോഗം പകരാനുള്ള സാധ്യതയുണ്ട്.സാധാരണയായി മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ 5 ദിവസത്തിനുള്ളില്‍ രോഗം വരാവുന്നതാണ്.
പെട്ടെന്നുള്ള കഠിനമായതും, വയറു വേദനയില്ലാത്തതും, വെള്ളം പോലെയുള്ള (പലപ്പോഴും കഞ്ഞിവെള്ളം പോലെയുള്ള) വയറിളക്കമാണ് കോളറയുടെ രോഗ ലക്ഷണം. മിക്കപ്പോഴും ഛര്‍ദ്ദിയുമുണ്ടായിരിക്കും. ഇതേതുടര്‍ന്ന് രോഗി പെട്ടെന്ന് തന്നെ നിര്‍ജ്ജലീകരണത്തിലേക്കും തളര്‍ന്ന് കുഴഞ്ഞ അവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ പെട്ടെന്ന് രോഗം ഗുരുതരമാകും.
രോഗം ഗുരുതരവും മരണ കാരണവുമാകുന്നത് നിര്‍ജ്ജലീകരണം കൊണ്ടാണ്. ആയതിനാല്‍ അടിസ്ഥാനപരമായി മറ്റേതൊരു വയറിളക്ക രോഗ ചികിത്സയെയും പോലെ തന്നെയാണ് കോളറാ ചികിത്സയും. ആരംഭം മുതല്‍ ഒ.ആര്.എസ്. ലായനി ഉപയോഗിച്ചുളള പാനീയ ചികിത്സയിലൂടെ ഗുരുതരാവസ്ഥ കുറയ്ക്കാനും മരണം ഒഴിവാക്കാനും സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.