തിരുവനന്തപുരം: ചെലവുകാശ് പോലും കിട്ടാതെ നവകേരള ബസ്. ഒരു ട്രിപ്പിന് 62,000 രൂപ കളക്ഷനും 32,000 രൂപ ലാഭവും പ്രതീക്ഷിച്ച ബസ് നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്നാണ് റിപ്പോർട്ട്.
ബസ് അവസാനമായി സർവീസ് നടത്തിയ 9ന് ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് മൂന്ന് പേരാണ് യാത്ര ചെയ്തത്. അവധി ദിവസങ്ങളില്‍ മാത്രമാണ് കെഎസ്‌ആർടിസിക്ക് ബസില്‍ നിന്ന് ലാഭം കിട്ടുന്നത്. മറ്റ് ബസുകളില്‍ 700 രൂപ നിരക്കാണെങ്കില്‍ നവകേരളയില്‍ 1240 രൂപയാണ് നിരക്ക്. നിലവില്‍ സർവീസ് നടത്തുന്ന റൂട്ടിന് പകരം കോഴിക്കോട്- തിരുവനന്തപുരം റൂട്ടില്‍ സർവ്വീസ് നടത്തണമെന്ന ആവശ്യവും ഇതോടെ ശക്തമായി.അതേസമയം, യാത്രക്കാരില്ലാത്തതിനാല്‍ സർവീസ് മുടങ്ങിയിരുന്ന നവകേരള ബസിന്റെ സർവീസ് പുനരാരംഭിച്ചു. കോഴിക്കോട് നിന്ന് 8 യാത്രക്കാരുമായാണ് ബെംഗളൂരുവിലേക്കുള്ള ബസിന്റെ യാത്ര. ചൊവ്വാഴ്ച മുതലായിരുന്നു ബസിന്റെ സർവീസ് മുടങ്ങിയത്.
സർവീസ് മുടങ്ങിയ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മറ്റ് ബസുകളില്‍ ബെംഗളൂരുവിലേക്ക് അയയ്‌ക്കുകയായിരുന്നു. തിങ്കളാഴ്ച സർവീസ് നടത്തിയെങ്കിലും ചുരുക്കം യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 14,000 രൂപയാണ് ബുധനാഴ്ചത്തെ വരുമാനം.
മേയ് അഞ്ചു മുതലാണ് കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ ബസ് സർവീസ് ആരംഭിച്ചത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്. ആധുനിക രീതിയില്‍ എസി ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്.
ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ തുടങ്ങിയവർക്ക് കയറുന്നതിനായി പ്രത്യേകം തയാറാക്കിയ, യാത്രക്കാർക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ക്രമീകരിച്ചിരുന്നു. ശുചിമുറി, വാഷ്‌ബേസിൻ, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാർജർ സംവിധാനങ്ങളുമുണ്ട്. എന്നാല്‍ ഈ സംവിധാനങ്ങളും ഉയർന്ന നിരക്കും ആളുകളെ ആകർഷിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.