തൊടുപുഴ: നീണ്ട 61 വർഷത്തെ കായിക തപസ്യയ്ക്ക് ശേഷം ദ്രോണാചാര്യ കെ.പി.തോമസ് മാഷ് കായിക പരിശീലനം അവസാനിപ്പിച്ചു. തൊടുപുഴ യൂണിറ്റി സോക്കർ സ്‌കൂളില്‍ നടത്തിയ വിടവാങ്ങല്‍ ചടങ്ങില്‍ സ്‌പോർട്സ് രംഗത്തേത് ഉള്‍പ്പെടെയുള്ള നിരവധി പേർ പങ്കെടുത്തു.
ദ്രോണാചാര്യ പുരസ്‌കാരമടക്കം ഇതിനോടകം മാഷിനെ തേടിയെത്തിയിട്ടുണ്ട്. ഒളിമ്പ്യൻ ഷൈനി വില്‍സണ്‍, അഞ്ചു ബോബി ജോർജ്, ജിൻസി ഫിലിപ്പ്,അപർണ നായർ, മോളി ചാക്കോ, സി.എ. മുരളീധരൻ, ജോസഫ് ജി. എബ്രഹാം തുടങ്ങിയ നിരവധി പ്രമുഖർ മാഷിന്റെ ശിഷ്യരാണ്.തൊടുപുഴ വഴിത്തല സ്വദേശിയാണ് കുരിശിങ്കല്‍ ഫിലിപ്പ് തോമസ് എന്ന കെ.പി. തോമസ്. 16 വർഷം സംസ്ഥാന കായികമേളയില്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയും കോരുത്തോട് സ്കൂളും കിരീടം കരസ്ഥമാക്കിയതിന് പിന്നില്‍ മാഷിന്റെ പരിശീലനമായിരുന്നു. പിന്നീട് വിദ്യാഭ്യാസ ജില്ലാ കിരീടം മാറ്റിയപ്പോള്‍ അഞ്ചു വർഷം കോട്ടയം ജില്ലയ്ക്ക് ചാമ്പ്യൻപട്ടം നേടി കൊടുത്തു.
16 വർഷത്തെ മിലിറ്ററി സേവനത്തിനുശേഷം നാട്ടിലെത്തിയ തോമസ് മാഷ് സ്‌പോർട്സ് പരിശീലന ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. കോരുത്തോട് സി.കെ.എം.എച്ച്.എസിലായിരുന്നു അദ്ധ്യാപകനായി ആദ്യം നിയമനം ലഭിച്ചത്. സ്‌കൂളിന് 16 വർഷം കിരീടം വാങ്ങി നല്‍കി. 2005ല്‍ ഏന്തയാർ ജെ.ജെ. മർഫി സ്‌കൂളിലേക്ക് പരിശീലനം മാറ്റിയ തോമസ് മാഷ് ഇവിടെ നിന്ന് നിരവധി കുട്ടികളെ സംസ്ഥാന തലത്തിലും ചാമ്പ്യന്മാരാക്കി.
സർവീസില്‍ നിന്ന് വിരമിച്ച ശേഷമാണ് വണ്ണപ്പുറം എസ്.എൻ.എം.എച്ച്.എസ്.എസില്‍ പരിശീലകനായി എത്തുന്നത്. ഇവിടെ സ്‌പോർട്സ് അക്കാഡമി രൂപീകരിച്ചു. നിലവില്‍ പൂഞ്ഞാർ എസ്.എം.പി ഹയർ സെക്കൻഡറി സ്‌കൂളിലെ പരിശീലകനായിരുന്നു.
തൊടുപുഴ യൂണിറ്റി തൊടുപുഴ വെങ്ങല്ലൂർ സോക്കർ സ്‌കൂളില്‍ ചേർന്ന വിടവാങ്ങല്‍ യോഗത്തില്‍ സ്‌പോർട്സ് ലേഖകരായിരുന്ന രവീന്ദ്രദാസ്, സനല്‍ പി. തോമസ്, ഷാജി ജേക്കബ്, പ്രസ്‌ക്ലബ് സെക്രട്ടറി ജെയിംസ് വാട്ടപ്പിള്ളി, മുൻ സന്തോഷ് ട്രോഫി താരം പി.എ. സലിംകുട്ടി എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.