ആസിഫ് അലി-രമേശ് നാരായണൻ വിവാദത്തിൽ വെളിപ്പെടുത്തലുമായി നടി ജുവൽ മേരി

തിരുവനന്തപുരം :സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചയായ ആസിഫ് അലി-രമേശ് നാരായണൻ വിവാദത്തിൽ വെളിപ്പെടുത്തലുമായി നടി ജുവൽ മേരി. മനോരഥങ്ങൾ എന്ന ചടങ്ങിന്റെ സംഘാടനത്തിൽ പിഴവുണ്ടായെന്നാണ് പരിപാടിയുടെ അവതാരകകൂടിയായിരുന്ന ജുവൽ തുറന്നുപറഞ്ഞിരിക്കുന്നത്.

സംഘാടകർ തനിക്കുതന്ന ലിസ്റ്റിൽ രമേശ് നാരായണന്റെ പേരില്ലായിരുന്നു. ഷോ ഡയറക്ടറാണ് രമേശ് നാരായണന് ആസിഫ് അലിയെക്കൊണ്ട് ഉപഹാരം നൽകാമെന്ന് തന്നോട് പറഞ്ഞത്. രമേശ് നാരായണന് കാലിന് ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് വേദിയിലേക്ക് വിളിക്കാതിരുന്നത്. 

തരാനല്ലെങ്കിൽ പിന്നെ എന്തിനാണ് ആ മെമെന്റോ ചിരിച്ച മുഖത്തോടുകൂടി ആസിഫ് നിങ്ങള്‍ക്കു നേര നീട്ടുന്നതെന്നും വിഷമകരമായ കാഴ്ചയാണ് പിന്നീടവിടെ കാണാനായതെന്നും ജുവൽ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ പറഞ്ഞു.

ജുവൽ മേരിയുടെ വാക്കുകൾ

‘‘ഒരുപാട് സമയം ആലോചിച്ചിട്ടാണ് ചില കാര്യങ്ങൾക്ക് വ്യക്തത തരണം, ഞാൻ കണ്ട കാര്യങ്ങൾ നിങ്ങളോടു കൂടി പങ്കുവയ്ക്കണം എന്ന ചിന്തയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന മനോരഥങ്ങൾ എന്ന പരിപാടിയുടെ ലോഞ്ചിന്റെ അവതാരക ഞാനായിരുന്നു. എംടി സർ എഴുതിയ കഥകളുടെ ചലച്ചിത്രാവിഷ്കാരമായിട്ടുള്ള ഒൻപത് ചെറു സിനിമകളുെട ആന്തോളജിയാണ് ‘മനോരഥങ്ങൾ’. അതിന്റെ ട്രെയിലർ ലോഞ്ച് ആയിരുന്നു നടന്നത്. 

ഈ ഒൻപത് സിനിമകളുടെയും താരങ്ങൾ, സംവിധായകർ, സംഗീത സംവിധായകർ, മറ്റ് സാങ്കേതിക വിദഗ്ധർ അങ്ങനെ പ്രതിഭാധനരായിട്ടുള്ള ഒരുപാട് പേരുടെ വലിയ നിര അവിടെ ഉണ്ടായിരുന്നു.

പരിപാടി വളരെ ഭംഗിയായി നടന്നുകൊണ്ടിരിക്കുന്നു. ഇത്രയധികം പ്രമുഖർ ഉള്ളതുകൊണ്ടുതന്നെ ഇതില്‍ ആരൊക്കെ വരും, വരില്ല എന്നതിന്റെ കൃത്യതക്കുറവ് സംഘാടകരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. എനിക്ക് തന്ന ലിസ്റ്റിൽ പലതും അപൂർണമായിരുന്നു. 

ഇതിനിടയിൽ തന്നെ അതിനുള്ളിലുള്ള പേരുകൾ നീക്കം ചെയ്യപ്പെടുകയും ചേർക്കുകയുമൊക്കെ ചെയ്തു. ഇത് സ്വാഭാവികമാണ്. നിങ്ങളെല്ലാവരും കാണുന്നതുപോലെ ഒരുമിനിറ്റുള്ള വിഡിയോയിൽ, യഥാർഥത്തിൽ അവിടെ എന്താണ് നടന്നിട്ടുള്ളതെന്ന് മനസ്സിലാകില്ല.

ജയരാജ് സർ സംവിധാനം ചെയ്ത സിനിമയ്ക്കാണ് രമേശ് നാരായണൻ സർ സംഗീതം നൽകിയിരിക്കുന്നത്. ഈ ഒൻപത് സിനിമകളിലെയും ആളുകളുടെ ലിസ്റ്റ് നമ്മുടെ കയ്യിലുണ്ട്. അതിലുള്ള എല്ലാ ആളുകളുടെയും പേരൊന്നും കാണാതെ പഠിക്കാൻ പറ്റില്ല. ലിസ്റ്റ് നോക്കി പേരു വായിക്കുകയാണ് ചെയ്യുക. ആ ലിസ്റ്റിൽ രമേശ് നാരായണൻ സാറിന്റെ പേരില്ലായിരുന്നു. 

എനിക്ക് ലിസ്റ്റ് തന്ന സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് അത്. പക്ഷേ സ്റ്റേജിൽ കയറിയ ആ സിനിമയുടെ ഭാഗത്തുനിന്നുള്ളവർ അത് ശ്രദ്ധിച്ചുമില്ല. ആ ടീമിന്റെ കൂടെ ഇദ്ദേഹത്തെ ആരും ആ സമയത്ത് സ്റ്റേജിലേക്ക് വിളിച്ചുമില്ല. അത് സംഘാടകരുടെ തന്നെ വീഴ്ചയാണ്. ആ പരിപാടിയുടെ അവതാരക എന്ന നിലയിൽ ഞാനും അതിൽ ക്ഷമ ചോദിക്കുന്നു.

പെട്ടെന്നാണ് ഷോ ഡയറക്ടർ എന്റെ അടുത്ത് വന്ന് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആസിഫ് അലി തൊട്ടടുത്ത് ഇരിപ്പുണ്ട്, ആസിഫ് അലിയെക്കൊണ്ട് അദ്ദേഹത്തിന് പുരസ്കാരം കൊടുപ്പിക്കൂ എന്നു പറഞ്ഞ്, രമേശ് നാരായണൻ സാറിനെ എനിക്കു കാണിച്ചു തന്നു. പക്ഷേ പേര് അപ്പോഴും എന്നോടു പറഞ്ഞില്ല. 

പെട്ടെന്നുണ്ടായ ആ സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ പേര് എനിക്ക് അറിയാമെങ്കിലും തെറ്റായി വിളിച്ചു പോയി. ആ സമയത്ത് എന്നെ തിരുത്താൻ അവിടെ ആരും ഉണ്ടായിരുന്നുമില്ല. നിങ്ങൾക്ക് ആ വിഡിയോ കാണുമ്പോൾ മനസ്സിലാകും. സന്തോഷ് നാരായണൻ എന്ന് അനൗൺസ് ചെയ്ത ശേഷം സൈഡിലേക്കു നോക്കി ഞാൻ ചോദിക്കുന്നുണ്ട്, കൃത്യമായ പേരു പറയാൻ.

ഞാൻ പറഞ്ഞത് തെറ്റായിരുന്നുവെന്ന് എനിക്ക് അറിയാം. രമേശ് നാരായണൻ എന്ന് ആരോ വിളിച്ചു പറഞ്ഞു, പത്ത് സെക്കൻഡിന്റെ പോലും താമസമില്ലാതെ പേരു തിരുത്തി ഞാൻ വീണ്ടും അനൗൺസ് ചെയ്തു, ‘രമേശ് സാറിന് ആസിഫ് അലി സമ്മാനം കൊടുക്കുന്നുവെന്ന്’. ഇവിടെ ഉയരുന്നൊരു ചോദ്യം. എന്തുകൊണ്ട് അദ്ദേഹത്തെ സ്റ്റേജിലേക്കു വിളിച്ചില്ല എന്നാണ്. രമേശ് സാറിന് കാലിനു ബുദ്ധിമുട്ടുള്ള ആളായതിനാൽ പടികൾ കയറി സ്റ്റേജിലേക്കു വരാൻ സാധിക്കില്ലെന്ന് എന്നെ അറിയിച്ചിരുന്നു. 

ആസിഫ് അലി തൊട്ടടുത്ത് ഇരിക്കുന്നതു കണ്ടപ്പോൾ ഷോ ഡയറക്ടറാണ് പറഞ്ഞത്, പുരസ്കാരം ആസിഫ് അലിയെക്കൊണ്ട് കൊടുപ്പിക്കൂ എന്ന്.അദ്ദേഹത്തിന് നടക്കാനും സ്റ്റേജിലേക്ക് കയറിവരാനും ബുദ്ധിമുട്ടുള്ളതു കൊണ്ടും ആസിഫ് അലി തൊട്ടടുത്ത് ഇരുന്നതുകൊണ്ടുമാണ് അങ്ങനെ പറഞ്ഞത്. അതിൽ വേറൊന്നും ചിന്തിച്ചിട്ടില്ല. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. അതുകൊണ്ട് തന്നെയാണ് ഒരു സംശയവുമില്ലാതെ ആസിഫ് അലിയെ വിളിച്ചത്. 

ആസിഫ് മെമെന്റോയുമായി പോകുന്ന സമയത്ത് അടുത്ത ആളെ വിളിക്കുന്നതിനുള്ള പേരുകൾക്കായി തയാറെടുക്കുകയാണ് ഞാനും ഷോ ഡയറക്ടറും. ഇതൊക്കെ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നടന്നുപോകുന്നത്. അടുത്ത പത്ത് സെക്കൻഡിൽ ഇരുപത് പേരുടെ പേരുകൾ കൃത്യമായി വിളിച്ചു തുടങ്ങണം. ആ സമയത്ത് ഇക്കാര്യങ്ങൾ കൊണ്ട് തിരക്കായതിനാൽ താഴെ എന്താണ് നടന്നതെന്ന് ഞാൻ കണ്ടിട്ടില്ല.

എന്നോട് ഒരുപാട് പേർ ചോദിച്ചു, ജുവല്‍ അല്ലായിരുന്നോ അവതാരക, ഇതൊന്നും കണ്ടില്ലേ എന്ന്. സത്യമായും ഞാൻ അടുത്ത അനൗൺസ്മെന്റിനുള്ള തയാറെടുപ്പിലായിരുന്നു. രാവിലെയാണ് ആ വിഡിയോ കാണുന്നത്. എനിക്കൊരുപാട് വിഷമം തോന്നി. എന്തിനായിരിക്കും അദ്ദേഹം അങ്ങനെ ചെയ്തത്. ആസിഫ് അലി അതുകൊണ്ടുവന്നപ്പോൾ അദ്ദേഹം അറിഞ്ഞില്ല പോലും അത് തരാനായി കൊണ്ടുവന്നതാണെന്ന്. 

തരാനല്ലെങ്കിൽ പിന്നെ എന്തിനാണ് സർ, ആ മെമെന്റോ ചിരിച്ച മുഖത്തോടു കൂടി ആസിഫ് നിങ്ങള്‍ക്കു നേർക്കു നീട്ടുന്നത്. വിഷമകരമായ കാഴ്ചയാണ് ഞാൻ കണ്ടത്. അദ്ദേഹത്തിന്റെ പേരു തെറ്റിച്ചുവിളിച്ചതിനാണ് ദേഷ്യമെങ്കിൽ അതെന്നോടാകാമായിരുന്നല്ലോ, എന്നെപ്പറ്റി പരാതിപ്പെടാമായിരുന്നല്ലോ. എന്തിന് ആസിഫ് ?

എന്ത് തന്നെ ആയിരുന്നാലും അങ്ങനെയൊരു അവസ്ഥ അവിടെ ഉണ്ടായതിൽ സങ്കടമുണ്ട്. രണ്ട് പേരോടും ഞാൻ സോറി പറയുന്നു. ഒരു അവതാരക എന്ന നിലയിൽ ഞാൻ ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അത് കൈകാര്യം ചെയ്യാനുള്ള കാര്യക്ഷമത കൂടി എനിക്കുണ്ടാവണമായിരുന്നു. മോശം സംഘാടനമായിരുന്നു ആ പരിപാടിയുടേതെന്ന് പറയാതിരിക്കാൻ വയ്യ. ഒരുപാട് വലിയ പ്രമുഖർ വരുന്നൊരു പരിപാടിയാണ്. 

എല്ലാ കാര്യങ്ങളിലും കൃത്യമായ ധാരണ ഉണ്ടെങ്കിൽ മാത്രമേ ഒരു പിഴവും കൂടാതെ കൃത്യമായി അത് നടത്താൻ പറ്റൂ. വേദികളിൽ സംസാരിക്കുമ്പോൾ ഒരാളെപ്പോലും വിഷമിപ്പിക്കാതെ വളരെ ചിന്തിച്ച് സെൻസിബിൾ ആയി സംസാരിക്കാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. നേരിട്ട് സാക്ഷിയല്ലെങ്കിൽപോലും അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി.

എല്ലാവരോടും പറയാനുള്ളത് ഇത് മാത്രമാണ്. ആ സമയത്ത് ആസിഫിനെക്കൊണ്ട് കൊടുപ്പിച്ചത്, ആസിഫിനോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ്. വേറൊന്നും ആലോചിച്ചിട്ടുമില്ല. അതിൽ ഒരു വലുപ്പച്ചെറുപ്പവും നോക്കിയിട്ടില്ല. അതങ്ങനെ കണ്ടിട്ടുണ്ടെങ്കിൽ വളരെ ദുഃഖകരമാണ്. അദ്ദേഹത്തെ സ്റ്റേജിലേക്കു വിളിക്കാതിരുന്നത് സംഘാടകരുടെ പ്ലാനിങ്ങിൽ പറ്റിയ പിഴവാണ്. അതിൽ ഞാൻ മാപ്പ് ചോദിക്കുന്നു. 

ആസിഫിനോട് ഒരുപാട് ഒരുപാട് സ്നേഹം. അങ്ങനെയൊരു വേദന അനുഭവിക്കാന്‍ തക്കതൊന്നും ആസിഫ് ചെയ്തിട്ടില്ല. എല്ലാവരുടെയും മുന്നിൽവച്ച് അവഗണിക്കപ്പെട്ടതിൽ ഒത്തിരി വിഷമമുണ്ട്. ഉള്ളിൽ നിന്നും ക്ഷമ ചോദിക്കുന്നു. ഈ സംഭവം നടന്നിട്ട് ഇത്ര സമയം കഴിഞ്ഞിട്ടാണോ ഇങ്ങനെ മറുപടി പറയുന്നതെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും.

എനിക്ക് ഇതിന്റെ വസ്തുതകൾ അറിയണമായിരുന്നു. എന്റെ കാഴ്ചപ്പാട് കൃത്യമായിരിക്കണം എന്ന നിർബന്ധമുണ്ടായിരുന്നു. ഇതിൽ ഞാൻ പലരെയും വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. വിഡിയോ ഒരുപാട് കണ്ടു. അതിനു ശേഷമാണ് ഈ മറുപടി തരുന്നത്. ആരെയും ദ്രോഹിക്കണമെന്നു കരുതി ഒന്നും ചെയ്തിട്ടില്ല. ഇങ്ങനെയുളള ലൈവ് ഷോ പരിപാടികളിൽ വരുന്ന ഒരു വ്യക്തിയെപ്പോലും വേദനിപ്പിക്കരുത്, അവഹേളിക്കരുത്, വെറുപ്പിക്കരുത് എന്ന് നിർബന്ധബുദ്ധിയോടു കൂടി ചിന്തിക്കുന്ന ആളാണ് ഞാൻ. 

ഇതിനു മുമ്പ് ഒരിക്കലും ഇതുപോലുള്ള പിഴവുകൾ വന്നിട്ടില്ല. അബദ്ധങ്ങൾ പറ്റും, അവതരണം അത്ര എളുപ്പമുള്ള പണിയല്ല.എന്നിരുന്നാൽപോലും ഏത് സ്റ്റേജിൽ കയറുമ്പോഴും പ്രാർഥിച്ചാണ് കയറുന്നത്, എന്റെ നാവിൽ നിന്നും അപകടമൊന്നും വീഴരുതെന്ന്. എന്നാലും ചിലപ്പോൾ സംഭവിക്കും. ഇഷ്ടംപോലെ തെറ്റുകൾ പറ്റും. എന്ത് കാര്യമാണ് ചൊടിപ്പിച്ചതെങ്കിലും ആസിഫ് അലിയോട് അവഗണന കാണിക്കരുതായിരുന്നു. അത് ആ വിഡിയോയിൽ വളരെ വ്യക്തമാണ്. 

എനിക്ക് അദ്ദേഹത്തിന്റെ പാട്ടുകളൊക്കെ വളരെ ഇഷ്ടമാണ്. പക്ഷേ ഈ ചെയ്തതിനെ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. ഒരു മനുഷ്യനെ വല്ലാത്തൊരു വേദനയുടെ അവസ്ഥയിൽ നിർത്തി. ആ നിമിഷത്തിൽ എനിക്കിടപെടാൻ പറ്റിയില്ല എന്നതിൽ വ്യക്തിപരമായി ഏറെ വിഷമമുണ്ട്. അത് കണ്ടിരുന്നെങ്കിൽ ഒരു സംസാരം കൊണ്ടുപോലും അത് അവിടെ ക്ലിയർ ചെയ്യാമായിരുന്നു. ആസിഫിനെ അങ്ങനെയൊരു അവസ്ഥയിൽ എത്തിക്കാതിരിക്കാൻ പറ്റുമായിരുന്നു.

ഇതൊരിക്കലും നടന്നതിനെ ന്യായീകരിക്കുകയല്ല. നടന്നത് എന്തൊക്കെയെന്നും ആ സാഹചര്യമെന്തെന്നും വ്യക്തമാക്കി തന്നു എന്നു മാത്രം. എനിക്കു മനസ്സിലായതും എന്റെ ഭാഗത്തുനിന്നും സംഘാടകരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചകളുമൊക്കെയാണ് ഞാൻ ഇവിടെ പറഞ്ഞത്. 

അബദ്ധങ്ങളും തെറ്റുകളും പറ്റും, കുറവുകളുണ്ടാകും, ക്ഷമ പറയാൻ പഠിക്കുക, നമ്മുടെ വീഴ്ചകളെ അംഗീകരിക്കുക, വീണ്ടും പരിശ്രമിച്ചു മുന്നോട്ടുപോകുക. കരുണയുള്ളവർ ആയിരിക്കുക, നമ്മളെല്ലാവരും ഒരുപോലെ തന്നെയാണ്.’’

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !