തിരുവനന്തപുരം: ഏത് കേസാണെങ്കിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ അതിക്രമം നടത്തുന്ന ഒരാളേയും സംരക്ഷിക്കില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. മുഖംനോക്കാതെ നടപടിയെടുക്കും. ഇതില്‍ സര്‍ക്കാരിന് ഒരുനിലപാടേയുള്ളൂവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ച വിഷയം സഭനിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യാന്‍ അനുമതി തേടിയുള്ള കെ.കെ. രമ എം.എല്‍.എയുടെ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.മുഖ്യമന്ത്രിയായിരുന്നു നോട്ടീസിന് മറുപടിപറയേണ്ടിയിരുന്നത്. എന്നാല്‍, നിയമസഭാ മന്ദിരത്തിലുണ്ടായിരുന്നിട്ടും മറുപടി പറയാന്‍ മുഖ്യമന്ത്രി സഭയില്‍ എത്തിയില്ല.
അരൂരില്‍ ദളിത് യുവതിക്കുനേരെയുണ്ടായ അക്രമത്തില്‍ കേസ് എടുക്കുകയും രണ്ടുപേരെ അറസ്റ്റുചെയ്യുകയും ചെയ്തെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക സി.പി.എം. നേതാക്കളായ പ്രതികളെ അനുകൂലിക്കുന്നില്ല, നടപടി എടുക്കണം എന്ന നിലപാടാണ് സ്വീകരിക്കുന്നത്.
കുസാറ്റിലെ കലോത്സവത്തിനിടെ ഗ്രീന്‍ റൂമില്‍ സിന്‍ഡിക്കേറ്റ് അംഗം യുവതിയോട് അതിക്രമം കാണിച്ച സംഭവത്തില്‍ ഇന്റേണല്‍ കംപ്ലൈയ്ന്റ്സ് കമ്മിറ്റിയുടെ അന്വേഷണം അവസാനഘട്ടത്തിലാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.
ബ്രിജ് ഭൂഷണ് കേസിലേതുപോലെയുള്ള നിലപാടല്ല സംസ്ഥാന സര്‍ക്കാര്‍ കെ.സി.എ. കോച്ചിന്റെ പീഡനക്കേസില്‍ എടുത്തത്. കോച്ചിനെ അറസ്റ്റുചെയ്തു, അയാള്‍ റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരെ ആറുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കാലടിയിലെ സംഭവത്തില്‍ പ്രതിയെ അറസ്റ്റുചെയ്തു. ഇയാള്‍ മുന്‍പും ഇത് ചെയ്തിട്ടുണ്ടോയെന്ന് അന്വേഷണം നടത്തിവരികയാണെന്നും മന്ത്രി സഭയെ അറിയിച്ചു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനിടെ കോട്ടയം കുഞ്ഞച്ചന് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടില്‍നിന്ന് സി.പി.എമ്മിലെ വനിതാനേതാക്കളേയും കുടുംബാംഗങ്ങളേയും അന്തരിച്ച പി. ബിജുവിന്റെ പത്നിയെവരെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമിച്ചുവെന്ന് മന്ത്രി ആരോപിച്ചു. അതിന്റെ ഇരയാണ് താനും. ഇതില്‍ പ്രതിപക്ഷം എന്ത് നടപടി സ്വീകരിച്ചുവെന്നും അവര്‍ ചോദിച്ചു.
സി.പി.എം. വനിതാ നേതാവിനെതിരെ അധിക്ഷേപ പോസ്റ്റിട്ടയാള്‍ക്ക് ഒരുവര്‍ഷത്തിന് ശേഷം കെ.എസ്.യു. ജില്ലാ സെക്രട്ടറിയായി സ്ഥാനക്കയറ്റം നല്കി. കേസില്‍ ജാമ്യം എടുത്തുകൊടുത്തത് കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് ചുമതലപ്പെടുത്തിയ അഞ്ച് അഭിഭാഷകരാണ്. അഭിഭാഷകരെ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ തലവന്‍ അഭിനന്ദിച്ച് പോസ്റ്റിട്ടു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ ചിത്രം മോര്‍ഫ് ചെയ്തപ്പോള്‍, ഇങ്ങനെയൊരു വീഡിയോ കണ്ടാല്‍ ആരാണ് ഷെയര്‍ ചെയ്യാത്തതെന്നായിരുന്നു പ്രശസ്തമായ ഒരു കമന്റെന്നും മന്ത്രി ഓര്‍മിപ്പിച്ചു.കെ.കെ. ശൈലജ ടീച്ചര്‍ക്കെതിരായ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണവും ആര്.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ പരാമര്‍ശവും മന്ത്രി സൂചിപ്പിച്ചു. 'തയ്യല്‍ ടീച്ചറുടെ ക്ഷണം ആര്‍ക്കെങ്കിലും കിട്ടിയെങ്കില്‍ തരുന്നവര്‍ക്ക് സമ്മാനം തരുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫെയ്സ്ബുക്കില്‍ എഴുതി.
ഇയാള്‍ക്കെതിരെ എന്ത് നടപടിയെടുത്തു? ഇയാള്‍ വടകരയിലെ തിരഞ്ഞെടുപ്പ് സാമൂഹിക മാധ്യമപ്രചാരണത്തിന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനൊപ്പം ചുക്കാന്‍ പിടിച്ച ആളാണ്. ഇതില്‍ രണ്ടുവിഷയമുണ്ട്. ഒന്ന്, അത്യന്തം നീചമായ സ്ത്രീവിരുദ്ധത. രണ്ട്, സയന്‍സ് അധ്യാപികയായിരുന്ന ടീച്ചറെ തയ്യല്‍ ടീച്ചറെന്ന് വിളിച്ചു. തയ്യല്‍ ടീച്ചര്‍ മോശമായ തൊഴിലാണോ? അധ്യാപക സമൂഹത്തെ അധിക്ഷേപിക്കുന്ന നിലപാടല്ലേ എടുത്തത്.
അതിന്റെ പൊളിറ്റിക്കല്‍ കറക്റ്റ്നെസ് എന്താണ്? എന്തുകൊണ്ട് തിരുത്തപ്പെടുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമത്തില്‍ പൊതുനിലപാട് ഉണ്ടാവണം. അതില്‍ സങ്കുചിതമായ രാഷ്ട്രീയനിലപാട് ഉണ്ടാവാന്‍ പാടില്ല. ആര് അതിക്രമം ചെയ്താലും ശക്തമായ നടപടിയുണ്ടാവണമെന്നതാണ് നിലപാട്', മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.