ചങ്ങനാശേരി :അഞ്ചുവിളക്കിന്റെ നാടിനായിറങ്ങുന്ന ജലരാജാവിന്റെ തേര് തെളിക്കാൻ ഉശിരുള്ള പോരാളികളെ തിരഞ്ഞെടുക്കുന്നു. നെഹ്റു ട്രോഫിയിൽ മുത്തമിടാൻ ചങ്ങനാശേരിക്ക് വേണ്ടി പുന്നമടക്കായലിലേക്കിറങ്ങുന്ന ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ (സിബിസി) ആയാപറമ്പ് വലിയ ദിവാൻജി ചുണ്ടനിൽ തുഴയെറിയാനുള്ള താരങ്ങളുടെ സിലക്‌ഷൻ ക്യാംപാണ് ഇന്നലെ ആരംഭിച്ചത്.
കിടങ്ങറ സെന്റ് ഗ്രിഗോറിയസ് പള്ളി അങ്കണത്തിലാണ് ക്യാംപ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ രാവിലെ കെസി പാലത്തിനു സമീപം പമ്പയാറിന്റെ കൈവഴികളിലൂടെയാണ് തുഴച്ചിൽ താരങ്ങളുടെ സിലക്‌ഷൻ നടന്നത്. ഓട്ടം, പുഷ്അപ് തുടങ്ങിയ ശാരീരികക്ഷമതാ പരിശോധനകൾക്ക് ശേഷം ഫൈബർ വള്ളത്തിൽ താരങ്ങളെ തുഴയിച്ചു.നൂറിലധികം വരുന്ന ആളുകളെ ടീമുകളായി തിരിച്ചാണ് തുഴയിച്ചത്. പരിശോധനയ്ക്കായി ലീഡിങ് ക്യാപ്റ്റനും പരിശീലകരും വള്ളത്തിലുണ്ടായിരുന്നു. 42 പേരെ ഇന്നലെ തിരഞ്ഞെടുത്തു. ഇന്നു രാവിലെ 8നു രണ്ടാം സിലക്‌ഷൻ ക്യാംപ് നടത്തും. ഇതിൽ 150 പേരോളം പങ്കെടുക്കും.
ചങ്ങനാശേരി റേഡിയോ മീഡിയ വില്ലേജ് നേതൃത്വം നൽകുന്ന ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് വലിയ ദിവാൻജി ചുണ്ടൻ വള്ളത്തിന്റെ ഔദ്യോഗിക ട്രയൽ ഓഗസ്റ്റ് ഒന്നിനു കിടങ്ങറയിൽ നടക്കും. 28നു ചുണ്ടൻവള്ളം പരിശീലനത്തിനായി ആയാപറമ്പ് നിന്നു കിടങ്ങറയിൽ എത്തിച്ചേരും. സണ്ണി തോമസ് ഇടിമണ്ണിക്കലാണ് ക്യാപ്റ്റൻ.
ഇന്നലെ പരിശീലന പരിപാടികൾക്ക് ലീഡിങ് ക്യാപ്റ്റൻ ബൈജപ്പൻ, പരിശീലകരായ എസ്.സന്തോഷ്, കൊച്ചുമോൻ, മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ്, സിബിസി സെക്രട്ടറി വിനു ജോബ് കുഴിമണ്ണിൽ, ജോ.സെക്രട്ടറി ആർട്ടിസ്റ്റ് ദാസ്, തോമസ്കുട്ടി കൊടുപ്പുന്നക്കളം, സബ് കമ്മിറ്റിയംഗം എബി വർഗീസ്, ആയാപറമ്പ് 622ാം നമ്പർ എൻഎസ്എസ് കരയോഗം പ്രസിഡന്റ് മോഹനൻ നായർ, രാജേഷ് ഭാസ്കർ, എബി വടകര എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.