മസ്കത്ത്: മസ്കത്ത് നഗരത്തോട് ചേര്‍ന്ന് വാദീ കബീറില്‍ പള്ളിയുടെ പരിസരത്തുണ്ടായ വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. ഒരു പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് ആക്രമികളും അഞ്ച് സാധാരണക്കാരുമാണ് മരിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെട്ടതായി മസ്കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. മറ്റൊരു ഇന്ത്യക്കാരന് പരുക്കേല്‍ക്കുകയും ചെയ്തതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായും ഇവരുടെ കുടുംബത്തിന് എല്ലാവിധ സേവനങ്ങളും നല്കാന് സന്നദ്ധമാണെന്നും എംബസി പ്രസ്താവനയില്‍ പറഞ്ഞു.മരിച്ച ഇന്ത്യക്കാരന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.വെടിവയ്പ്പില്‍ വിവിധ രാജ്യക്കാരായ 28 പേര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ നാല് പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കിവരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) അറിയിച്ചു.
ആര്‍ഒപിയും മറ്റു സുരക്ഷാ വിഭാഗങ്ങളും ചേര്‍ന്ന് എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും പരുക്കേറ്റവവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു.
അതേസമയം, വാദി കബീറിലുണ്ടായ വെടിവയ്പ്പില്‍ നാല് പാക്കിസ്ഥാന് പൗരന്മാര് മരിച്ചതായി പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഗുലാം അബ്ബാസ്, ഹസന് അബ്ബാസ്, സയിദ് ഖൈസര്‍ അബ്ബാസ്, സുലൈമാന്‍ നവാസ് എന്നിവരാണ് മരിച്ചത്.
30 പാക്കിസ്ഥാനികള്‍ ചികിത്സയിലുണ്ടെന്നും പറഞ്ഞു. നേരത്തെ വാദി കബീര്‍ ഏരിയയിലേക്ക് പോകരുതെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ട് പാക്കിസ്ഥാന് അംബാസഡറും രംഗത്തെത്തിയിരുന്നു.
വാദി കബീറിലെ അലി ബിന്‍ അബി താലിബ് പള്ളിയില്‍ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് വെടിവയ്പ്പും ആക്രമണ സംഭവങ്ങളുമുണ്ടായത്. മസ്ജിദ് പരിസരത്ത് പ്രാര്‍ഥനയ്ക്കായി തടിച്ചുകൂടിയവര്‍ക്കെതിരെ ആക്രമി സംഘങ്ങള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം.
ഈ സമയം നൂറ് കണക്കിന് പേരാണ് പള്ളി കോമ്പൗണ്ടില്‍ ഉണ്ടായിരുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.