തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിയ ആദ്യത്തെ ചരക്കുകപ്പല്‍ സാന്‍ ഫെര്‍ണാണ്‍ഡോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരണം നല്കി.
'അങ്ങനെ നമ്മുടെ കേരളത്തിന് അതുംനേടാനായിരിക്കുന്നു' എന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തിന് മാത്രമല്ല അയല്‍രാജ്യങ്ങള്‍ക്ക് കൂടി അഭിമാനിക്കാവുന്ന പദ്ധതിയാണ് നടപ്പിലായിരിക്കുന്നത് പറഞ്ഞ മുഖ്യമന്ത്രി എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതില്‍ വഹിച്ച പങ്ക് എണ്ണിയെണ്ണി പറയുകയും ചെയ്തു. മന്മോഹന് സിങ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നിഷേധിച്ച കാര്യം ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി പദ്ധതി കാര്യക്ഷമമായ നടപ്പാക്കിയ അദാനി ഗ്രൂപ്പിനെ പ്രശംസിക്കുകയും ചെയ്തു.
രാജ്യത്ത് ആദ്യമായി തുറമുഖ നിര്‍മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് അംഗീകരിച്ചതിനും മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രസംഗത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിക്കാതിരുന്ന പിണറായി വിജയന് തന്റെ സര്‍ക്കാരുകളില്‍ തുറമുഖ മന്ത്രിമാരായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റേയും അഹമ്മദ് ദേവര്‍കോവിലിന്റെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു.
'ദീര്‍ഘനാളത്തെ സ്വപ്നം യാഥാര്‍ഥ്യമായിരിക്കുകയാണ്. ഇത് കേരളത്തെ സംബന്ധിച്ച് ഒരു പുതിയ അധ്യായം തുറക്കപ്പെടുന്ന നിമിഷമാണ്. രാജ്യത്തിന് തന്നെ അഭിമാനകമായ മുഹൂര്‍ത്തമാണിത്. ഇത്തരം തുറമുഖങ്ങള്‍ ലോകത്ത് കൈവിരലില്‍ എണ്ണാവുന്നത് മാതമ്രേയുള്ളൂ. ലോകഭൂപടത്തില്‍ ഇന്ത്യ ഇതിലൂടെ സ്ഥാനംപിടിച്ചിരിക്കുകയാണ്.
ലോകത്തെ വന്‍കിട തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞത്ത് യാഥാര്‍ഥ്യമായിരിക്കുന്നത്. മദര്‍ഷിപ്പുകള്‍ ഇങ്ങോട്ടേക്ക് ധാരാളമായി വരാന്‍ പോകുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് ബെര്‍ത്ത് ചെയ്യാന്‍ കഴിയുന്ന ഇടമായി മാറുന്നുവെന്നതാണ് പ്രത്യേകത.
ഇത് ഒരു ട്രയല്‍ റണ്‍ ആണെങ്കിലും വിഴിഞ്ഞംതുറമുഖത്തിന്റെ ഓപ്പറേഷന് ഇതോടെ ആരംഭിക്കുകയാണ്. പോര്‍ട്ടുകളുടെ പോര്‍ട്ട് എന്ന് പറയാവുന്ന തരത്തില്‍ മദര്‍പോര്‍ട്ട് എന്ന് വിശേഷിപ്പിക്കുന്നവിധമായി ഇത് മാറുകയാണ്. അഭിമാനം പകരുന്ന നിമിഷമാണ്', മുഖ്യമന്ത്രി പറഞ്ഞു.
അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ല. ഒന്നാംഘട്ടം മാതമ്രാണ് പൂര്‍ത്തിയായിട്ടുള്ളത്. മൂന്ന് ഘട്ടം ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്. 2045-ല്‍ പൂര്‍ണ്ണ സജ്ജമാകുന്ന തരത്തിലേക്ക് മാറണമെന്നാണ് നേരത്തെ വിഭാവനം ചെയ്തിട്ടുള്ളത്. എന്നാല്‍ 17 വര്‍ഷംമുമ്പേ തന്നെ ഇത് സമ്പൂര്‍ണ്ണ നിലയിലേക്ക് മാറുന്നമെന്നാണ് കരുതുന്നത്.
2028 ഓടെ സമ്പൂര്‍ണ്ണ തുറമുഖമായി ഇത് മാറുമെന്നത് അതീവസന്തോഷകരമായ കാര്യമാണ്.10000 കോടി രൂപയുടെ നിക്ഷേപത്തിന് വഴിവെച്ചാണ് ഈ വികസനം സാധ്യമാകുന്നത്.അദാനി ഗ്രൂപ്പ് പൂര്‍ണ്ണമായും സഹകരിക്കാന്‍ തയ്യാറായിട്ടുണ്ടെന്നതാണ് വസ്തുത. കരണ്‍ അദാനി നിരവധി തവണ ഇവിടെ എത്തി.
അദ്ദേഹം ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ കാണിച്ച സഹകരണത്തിനും മുന്‍കൈ എടുക്കലിനും ഈ ഘട്ടത്തില്‍ നന്ദി രേഖപ്പെടുത്തുന്നു. അയല്‍രാജ്യങ്ങള്‍ക്ക് കൂടി ഉതകുന്നതാണ് വലിയ തുറമുഖത്തിന്റെ സാന്നിധ്യം. അവര്‍ക്ക് കൂടി അഭിമാനകരമായ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'2006 സെപ്റ്റംബര്‍ 18-നാണ് ഈ തുറമുഖത്തിന്റെ പദ്ധതിക്ക് അനുമതി നേടിയെടുക്കാന്‍ ശ്രമിക്കുമെന്ന് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. അങ്ങനെയാണ് 2007 മാര്‍ച്ച് ഒമ്പതിന് പ്രീ ടെന്‍ഡര്‍ ഉത്തരവ് വരുന്നത്. 2007 ജൂലായ് 31ന് വ്യവസ്ഥകളില്‍ വേണ്ടമാറ്റം വരുത്തി ടെന്‍ഡര്‍ ക്ഷണിച്ചു.
2009- നവംബര്‍ 13-ന് പദ്ധതി പഠനത്തായി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനെ സമീപിച്ചു. 2010 ടെന്‍ഡര്‍ നടപടിയായി. അപ്പോള്‍ ചിലര്‍ കണ്ടുപിടിച്ചു അതൊരു ചൈനീസ് കമ്പനിയാണ്. അതിന്റേതായ ആക്ഷേപം ചിലര്‍ ഉയര്‍ത്തി.
അന്ന് കേന്ദ്രത്തില്‍ മന്മോഹന് സിങ് നേതൃത്വംകൊടുക്കുന്ന സര്‍ക്കാരായിരുന്നു. ആ സര്‍ക്കാര്‍ അതിന് അനുമതി നിഷേധിച്ചു.അതെല്ലാം ചരിത്രത്തിന്റെ ഭാഗമായ കാര്യം. 2012-ല്‍ ഇത് യാഥാര്‍ഥ്യമാക്കണം എന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ കണ്‍വെഷനുകള്‍ സംഘടിപ്പിക്കുകയുണ്ടായി. വിഴിഞ്ഞത്തിനായി 212 ദിവസം നീണ്ട സമരം ഇതിന്റെ നാള്‍വഴികളില്‍ സ്ഥാനം പിടിക്കും.
2013-ലാണ് പിന്നീട് ഗ്ലോബല്‍ ടെന്‍ഡര്‍ വരുന്നത്. നടപടിയായപ്പോള്‍ 2015 ആയി. 2016-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അന്ന് തുറമുഖ വകുപ്പ് കൈകാര്യം ചെയ്തത് കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഓരോ ഘട്ടവും മുന്നേറുന്നതാണ് കേരളം കണ്ടത്.
പിന്നീട് പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോയി. സ്വാഭാവികമായുള്ള പ്രയാസങ്ങളും പ്രത്യേകമായ ചില തടസ്സങ്ങളും ചില ഘട്ടത്തില്‍ ഉയര്‍ന്നുവന്നിരുന്നു. നേരത്തെ സൂചിപ്പിച്ചത് പോലെ നിര്‍മാണ കരാര്‍ ഏറ്റെടുത്ത അദാനി ഗ്രൂപ്പിന്റെ പ്രതിബദ്ധമായ പ്രവര്‍ത്തനങ്ങള്‍ നല്ലരീതിയില്‍ ഈ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സഹായിച്ചു.
അതിന്റെ ഫലമായാണ് ഇന്നത്തെ ദിവസം ഈ രീതിയില്‍ ഒരു ആഘോഷ ദിനമാക്കാന്‍ കഴിയുന്നത്', മുഖ്യമന്ത്രി പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.