തിരുവനന്തപുരം: ആമയഴിഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട തൊഴിലാളിയെ തിരയാൻ റോബട്ടുകളെ എത്തിച്ചു. തിരുവനന്തപുരം ടെക്നോപാർക്കിലെ ജെൻ റോബട്ടിക്സ് കമ്പനിയുടെ രണ്ടു റോബട്ടുകളെയാണ് എത്തിച്ചത്. ഒരെണ്ണം മാലിന്യം നീക്കുകയും മറ്റൊരെണ്ണം തിരച്ചിൽ നടത്തുകയും ചെയ്യും.
രാത്രിയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. സ്ഥലത്ത് മേയറും കലക്ടറും എത്തി. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് അടിയിലുള്ള ടണലിന്റെ മറുകരയിലും സ്കൂബ സംഘം നടത്തിയ പരിശോധന വിഫലമായതോടെയാണ് റോബട്ടുകളെ എത്തിച്ചത്. സ്കൂബ സംഘം തിരച്ചിൽ അവസാനിപ്പിച്ചു. മാരായമുട്ടം സ്വദേശി ജോയിയെയാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ കാണാതായത്.കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്.മാലിന്യം പൂർണമായി നീക്കാൻ ഇനിയുടെ മണിക്കൂറുകൾ വേണമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. തോട്ടിലും ടണലിലും മാലിന്യം നിറഞ്ഞുകിടക്കുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് പരിശോധന നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനടിയിൽക്കൂടിയാണ് തോട് ഒഴുകിപ്പോകുന്നത്. പ്ലാറ്റ്ഫോമിനടിയിലെ ടണലിലേക്ക് മാലിന്യം ഒഴുകിപ്പോകുന്നത് തടയാനും മാലിന്യം നീക്കാനുമാണ് രാവിലെ ജോയി തോടിൽ ഇറങ്ങിയത്. 140 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ളതാണ് ടണൽ.
കൂലിപ്പണിയും അതിനുശേഷം ആക്രി പെറുക്കിയും ജീവിച്ചിരുന്നയാളാണ് ജോയി. പ്രായമായ അമ്മ മെർഹി മാത്രമാണ് ജോയിക്കൊപ്പം ഉള്ളത്. ഒരു സഹോദരനും രണ്ട് സഹോദരിമാരും കൂടി ജോയിക്കുണ്ട്. രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്കൊപ്പമാണ് ജോയി തോട്ടിലിറങ്ങിയത്.
മഴ പെയ്തതോടെ മറ്റു രണ്ടുപേർ തോട്ടിൽനിന്ന് കയറിയെങ്കിലും മറുകരയിലായിരുന്ന ജോയി ഇക്കരെ വരാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെടുകയായിരുന്നു. ടണൽ വൃത്തിയാക്കേണ്ട ചുമതല റെയിൽവേയ്ക്കാണെന്നാണ് തിരുവനന്തപുരം കോർപ്പറേഷൻ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.