ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ സ്മൃതി ഇറാനിക്കെതിരായ സൈബർ അക്രമത്തിൽ പ്രതികരിച്ച് ലോക്സഭാ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. സ്മൃതി ഇറാനിയെ മോശം വാക്കുകൾ ഉപയോഗിച്ച് അപമാനിക്കുന്നത് നിർത്തണമെന്ന് രാഹുൽ എക്സിൽ കുറിച്ചു.
ആളുകളെ അപമാനിക്കുന്നത് ദൗർബല്യത്തിന്റെ ലക്ഷണമാണെന്നും രാഹുൽ പറഞ്ഞു.ജയവും പരാജയവും ജീവിതത്തിന്റെ ഭാഗമാണ്. സ്മൃതി ഇറാനിക്കെതിരെയോ മറ്റ് ആർക്കെങ്കിലുമെതിരെയോ ഇത്തരത്തിൽ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് നിർത്തണമെന്ന് താൻ അഭ്യർഥിക്കുന്നു. ആളുകളെ അപമാനിക്കുന്നതും നാണം കെടുത്തുന്നതും ശക്തിയല്ല, മറിച്ച് അത് ദൗർബല്യമാണ്, രാഹുൽ എക്സിൽ കുറിച്ചു.രാഹുലിനെ പല അവസരത്തിലും രൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന ബിജെപി നേതാക്കളിൽ മുൻപന്തിയിലായിരുന്നു സ്മൃതി ഇറാനി. 2019-ൽ അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെ ദേശീയ ശ്രദ്ധനേടിയ നേതാവായിമാറിയിരുന്നു ഇറാനി. തുടർന്ന് അവർ രാഹുലിനെതിരേ കടുത്ത അധിക്ഷേപങ്ങൾ ചൊരിഞ്ഞിരുന്നു.
രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർഥിത്വംമുതൽ അദ്ദേഹത്തിന്‍റെ രാജ്യസ്നേഹംവരെയുള്ള കാര്യങ്ങളിൽ സ്മൃതി ഇറാനി രാഹുലിനെതിരേ വിമർശനം ഉന്നയിച്ചിരുന്നു. 2019-ൽ രാഹുൽ ഗാന്ധി അമേഠി വിട്ട് റായ്ബറേലിയിൽ മത്സരിച്ചത് പേടികൊണ്ടാണെന്നും വയനാട്ടിൽ മത്സരിക്കുന്നത് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണയോടെയാണെന്നും അവർ പറഞ്ഞിരുന്നു. രാഹുലിന്റെ രാജ്യസ്നേഹത്തേയും 'മൊഹബത് കി ദുകാൻ' (സ്നേഹത്തിൻറെ കട) മുദ്രാവാക്യത്തേയും നിരവധി തവണ സ്മൃതി ഇറാനി പരിഹസിച്ചിരുന്നു.
ബസ്സിൽ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ സീറ്റ് പിടിക്കേണ്ടിവരുമെന്നായിരുന്നു 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സ്മൃതിയുടെ പരിഹാസം. എന്നാൽ, തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ സ്മൃതി ഇറാനി പ്രതീക്ഷിച്ച പോലെയായിരുന്നില്ല.
അനായാസ വിജയം സ്വപ്നംകണ്ടെങ്കിലും കാലിടറി. കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയോട് 1,67,196 വോട്ടുകൾക്കാണ് സ്മൃതി ഇറാനി പരാജയം ഏറ്റുവാങ്ങിയത്. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വീഴ്ചകളിൽ ഒന്നായാണ് സ്മൃതിയുടെ ഈ പരാജയത്തെ കണക്കാക്കുന്നത്.
അമേഠിയിലെ പരാജയത്തോടെയാണ് പ്രതിപക്ഷകക്ഷികളിൽനിന്ന് സ്മൃതി ഇറാനിക്കെതിരെ വലിയ തോതിൽ സൈബർ അധിക്ഷേപമുണ്ടായത്. ഈ സാഹചര്യത്തിലാണ് ഇതിനെതിരേ രാഹുൽ രംഗത്തെത്തിയത്.
യു.പിയിൽ കോൺഗ്രസ് കോട്ടയായി കണക്കാക്കിയിരുന്ന മണ്ഡലമാണ് അമേഠി. 2019-ൽ രാഹുൽ ഗാന്ധി പരാജയപ്പെടുന്നതിന് മുമ്പ് തുടർച്ചയായി മൂന്ന് തവണ അദ്ദേഹം മണ്ഡലത്തിൽനിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ മാതാപിതാക്കളായ സോണിയ ഗാന്ധിയും രാജീവ് ഗാന്ധിയും മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.