കൊച്ചി: കേരളത്തിൽ ആദ്യമായൊരു ട്രാൻസ്ജെൻഡർ വ്യക്തി അഭിഭാഷകയായി എൻറോൾ ചെയ്തപ്പോൾ നാടു മുഴുവൻ കയ്യടിച്ചതാണ്. മാതൃകയാക്കാവുന്ന കാര്യമെന്നു പലരും അന്നു പറഞ്ഞു.
‘‘നീതി നടപ്പിലാവുക കോടതിയിലാണെന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ ഒരഭിഭാഷകയായ എനിക്ക് നീതി നിഷേധിക്കപ്പെടുന്നതും അതേ കോടതിയിൽത്തന്നെയാണ്. ഒരു ട്രാൻസ്ജെൻഡറായ ഞാൻ നല്ല രീതിയിൽ ജോലി ചെയ്ത് ജീവിക്കുന്നതിൽ പ്രശ്നമുള്ളത് ചില അഭിഭാഷകർക്കു തന്നെയാണ്. ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറും പോലും ഒരു ട്രാൻസ്ജെൻഡറിനെ തൊഴിലിടത്ത് അപമാനിക്കുകയാണ്.
ഒരു കേസിനെപ്പറ്റി സംസാരിക്കുമ്പോൾ കോടതിക്കുള്ളിൽ വച്ചാണ് ഗവൺമെന്റ് പ്ലീഡർ അമ്മിണിക്കുട്ടി എന്നോട് മോശമായ രീതിയിൽ സംസാരിച്ചത്. കേസ് നമ്പർ ചോദിച്ചപ്പോൾ ‘ഒൻപതിന്റെ കേസല്ലേ’ എന്നാണ് അവർ എല്ലാവരുടെയും മുന്നില്‍ വച്ചു പറഞ്ഞത്. അതിനെതിരെ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ജുഡീഷ്യൽ റജിസ്ട്രാർക്കും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയനും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. എന്നാൽ തെറ്റ് ചെയ്തവർക്കെതിരെ പരാതിപ്പെട്ട ഞാൻ എല്ലാവരുടെയും മുന്നിൽ പ്രശ്നക്കാരിയായി. പലരും എന്നോട് മോശമായി പെരുമാറാൻ തുടങ്ങിയതും അന്നു മുതലാണ്. സ്ത്രീകളുടെ ശുചിമുറിയിൽ പോലും കയറരുതെന്ന് ഗവൺമെന്റ് പ്ലീഡർ എന്നോട് പറഞ്ഞിട്ടുണ്ട്. എങ്കിൽ മറ്റൊരു ശുചിമുറി വേണമെന്ന് ഞാൻ ആവശ്യപ്പെട്ടതും പലരെയും ചൊടിപ്പിച്ചു.
ഗവൺമെന്റ് പ്ലീഡർ മനു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ, അതിജീവിതയെ സഹായിച്ചതും പലരെയും ചൊടിപ്പിച്ചു. ഇടതുപക്ഷ അനുഭാവിയായ അദ്ദേഹത്തിനെതിരെ സംസാരിക്കരുതെന്നാണ് കോടതിയിലെ ചില അഭിഭാഷകർ എനിക്കു താക്കീത് നൽകിയത്. പബ്ലിക് പ്രോസിക്യൂട്ടർ സഞ്ജീവ് കൃഷ്ണൻ പോലും കേസ് നടത്തരുതെന്ന് എന്നോടു പറഞ്ഞിട്ടുണ്ട്. എന്നാൽ നീതിക്കു വേണ്ടി പോരാടുന്ന ആ കുട്ടിക്കൊപ്പം നിൽക്കാനുള്ള എന്റെ തീരുമാനത്തിനു പിന്നാലെ, സ്വന്തം വീട്ടിൽ പോലും സമാധാനത്തോടെ കഴിയാൻ പറ്റാത്ത സ്ഥിതിയാണ്.
ഒരിക്കൽ അമ്പലത്തില്‍ പോയി ഒരു ചരട് കെട്ടി, പിന്നാലെ അതിന്റെ പേരിലായി പ്രശ്നം. ഒരു ചരട് കെട്ടിയതിന്, ഞാൻ ഹിന്ദു തീവ്രവാദിയാണ് എന്നാണ് പലരും പറഞ്ഞത്.നീതി കിട്ടും എന്ന ഉറപ്പിലാണ് ഇപ്പോഴും ജീവിക്കുന്നത്. എന്നാൽ ഒരു ട്രാൻസ്ജെൻഡറായ ഞാൻ നല്ല രീതിയിൽ ജീവിക്കുന്നത് പല അഭിഭാഷകർക്കും പ്രശ്നമാണ്.
വീട്ടിൽ പോലും മനഃസമാധാനത്തോടെ ഉറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. രാത്രി പലരും വന്ന് വീടിന്റെ ജനലിന് തട്ടാറുണ്ട്. ഭയന്നു കൊണ്ടാണ് ജീവിക്കുന്നത്. എന്നാൽ എന്നെ സമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കാത്തവർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ല എന്നതാണ് ഏറെ സങ്കടകരമായ കാര്യം.
ട്രാൻസ്ജെൻഡർ സൗഹൃദപരമാണ് നമ്മുടെ സംസ്ഥാനമെന്നാണ് പലരും പറയുന്നത്. എന്നാൽ അതെല്ലാം വെറുവാക്ക് മാത്രമായി മാറുകയാണ്’’– പത്മ ലക്ഷ്മി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.