കോട്ടയം: പകർച്ചവ്യാധി വ്യാപനഭീഷണി നിലനിൽക്കുന്ന സംസ്ഥാനത്ത് ഒരു ഇടവേളയ്ക്കു ശേഷം കോളറ ബാധ കൂടി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് നമ്മുടെ ആരോഗ്യമേഖല. കഴിഞ്ഞ 6 മാസത്തിനിടെ 9 പേർക്കാണ് കോളറ പിടിപെട്ടത്. തിരുവനന്തപുരത്ത് ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ യുവാവ് മരിച്ചതു കോളറ മൂലമാണെന്നു സ്ഥിരീകരിച്ചതോടെ, രോഗവ്യാപനം തടയാൻ അടിയന്തര മുൻകരുതലകളെടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രവർത്തക സമിതി അംഗം ഡോ. ശ്രീജിത്ത് എൻ.കുമാർ ‘മനോരമ ഓൺലൈനി’നോടു പറഞ്ഞു. പൂർണമായ ജലശുചിത്വമാണ് കോളറയെ പ്രതിരോധിക്കാൻ വേണ്ടതെന്ന് ഡോ.ശ്രീജിത്ത് പറയുന്നു.
മഴവെള്ളമോ മലിനജലമോ കുടിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലിനജലത്തിലൂടെ പരക്കുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതര രോഗമാണ് കോളറ. ശരീരത്തിലെ ജലാംശം ഛര്‍ദിയും അതിസാരവും മൂലം നഷ്ടപ്പെട്ടു ചെറുകുടല്‍ ചുരുങ്ങുന്ന രോഗമാണ് ഇത്. മഴക്കാലമായതിനാല്‍ ശൗചാലയങ്ങളിലെ വെള്ളം കുടിവെള്ളത്തിലും ആഹാര പദാര്‍ഥങ്ങളിലും കലരാന്‍ സാധ്യതയുണ്ട്. മലിനജല കനാലുകളിലൂടെ പോകുന്ന കുടിവെള്ള പൈപ്പുകളുടെ ചോര്‍ച്ചയിലൂടെയും കോളറ ബാക്ടീരിയ കുടിവെള്ളത്തില്‍ കലരാം.
ഉത്തരേന്ത്യയിൽ വ്യാപകമായി കണ്ടുവരുന്ന രോഗം ഇതര സംസ്ഥാന തൊഴിലാളികളിലൂടെ സംസ്ഥാനത്തേക്ക് എത്താമെന്ന വാദം ശക്തമാണ്. മാത്രമല്ല, വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്ന പല ഇതര സംസ്ഥാന തൊഴിലാളികളും വ്യക്തിശുചിത്വം പാലിക്കുന്നതിൽ ശ്രദ്ധിക്കാറുമില്ല. വിബ്രിയോ കോളറെ ബാക്ടീരിയം മണ്‍സൂണ്‍ കാലത്ത് പെരുകുകയും മനുഷ്യ വിസര്‍ജ്യങ്ങളിലൂടെ അഴുക്കുചാലുകളിലും കുടിവെള്ളത്തിലും കൃഷിയിടങ്ങളിലും എത്തിച്ചേരുകയും ചെയ്യും. കുടിവെള്ളം മലിനമായാല്‍ കോളറ ഉറപ്പാണ്. സെപ്റ്റിക് ടാങ്കുകള്‍ വഴി ഭൂഗര്‍ഭ ജലസ്രോതസുകള്‍ മലിനമാകാന്‍ ഏറെ സാധ്യതയുണ്ട്. കക്കൂസ് മാലിന്യങ്ങള്‍ പുഴകളിലും ഓടകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും തള്ളുന്നതും രോഗത്തിന്റെ ആക്കം കൂട്ടുന്നു.
ആദ്യലക്ഷണങ്ങൾ
∙ഛര്‍ദി ∙ വയറിളക്കം ∙ കാലുകള്‍ക്ക് ബലക്ഷയം ∙ ചെറുകുടല്‍ ചുരുങ്ങല്‍ ∙ ശരീരത്തില്‍നിന്ന് അമിതമായി ജലാംശം നഷ്ടപ്പെടല്‍ ∙ തളര്‍ച്ച, വിളര്‍ച്ച ∙ മൂത്രമില്ലായ്മ ∙ തൊലിയും വായയും ചുക്കിച്ചുളിയുക ∙ കണ്ണീര്‍ ഇല്ലാത്ത അവസ്ഥ ∙ കുഴിഞ്ഞ കണ്ണുകള്‍ ∙ മാംസ പേശികളുടെ ചുരുങ്ങല്‍ ∙ നാഡീ മിടിപ്പില്‍ ക്രമാതീതമായ വര്‍ധന ∙ ഭക്ഷണ പദാര്‍ഥങ്ങള്‍ ദഹിക്കാതെ പുറത്തുവരുന്ന അവസ്ഥ.
കോളറ ഉണ്ടാക്കുന്നത് കോമ ആകൃതിയിലുള്ള വിബ്രിയോ കോളറെ എന്ന ബാക്ടീരിയ ആണെങ്കിലും രോഗം വരുന്നതിനു കാരണം ഈ ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന സിടിഎക്‌സ് (കോളറ ടോക്‌സിന്‍) എന്ന വിഷാംശമാണ്. ചെറു കുടലില്‍ എത്തുന്ന വിബ്രിയോ കോളറെ സിടിഎക്‌സ് വിഷം ഉൽപാദിപ്പിക്കാൻ കാരണം അവരെ ആക്രമിക്കുന്ന ഒരു തരം വൈറസ് ആണ്.
1959 ല്‍ ആണ് കോളറ ടോക്‌സിന്‍ എന്ന കോളറാജന്‍ കണ്ടെത്തുന്നത്. ചെറുകുടലിന്റെ ഭിത്തിയുമായി ചേരുന്ന സിടിഎക്‌സ് സോഡിയത്തിന്റെയും ക്ലോറൈഡിന്റെയും സാധാരണയുള്ള ചംക്രമണത്തെ തടസപ്പെടുത്തുകയും ധാരാളം ജലാംശം വയറിളക്കം മൂലം നഷ്ടപ്പെടുത്തുകയും ചെയ്യും. കക്കയിറച്ചി, വേവിക്കാത്ത പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയിലൂടെയും വിബ്രിയോ കോളറെയെന്ന രോഗാണുവിന് ശരീരത്തിലെത്താവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.