ലഖ്നൗ: ഉത്തർപ്രദേശിൽ സ്കൂൾ പ്രിന്‍സിപ്പലിനെ ബലം പ്രയോഗിച്ച് പുറത്താക്കി പകരം പുതിയ പ്രിന്‍സിപ്പലിനെ സ്വീകരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പ്രയാഗ്‌രാജിലെ ബിഷപ്പ് ജോൺസൺ ഗേൾസ് സ്‌കൂളിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
യു.പി.പി.എസ്.സി. പരീക്ഷാപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സ്കൂളിൽ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണവും വിവാദവുമാണ് സംഭവത്തിന്റെ അടിസ്ഥാന കാരണമായി ദേശീയ മാധ്യമങ്ങൾ ചൂണ്ടികാണിക്കുന്നത്. ബിഷപ്പുൾപ്പെടെ നിരവധി വ്യക്തികൾ പ്രിന്‍സിപ്പലിൻ്റെ ഓഫീസിൽ അതിക്രമിച്ച് കയറുന്നതും ബലം പ്രയോഗിച്ച് ഫോൺ പിടിച്ചുവാങ്ങുന്നതും ഓഫീസിൽ നിന്ന് നീക്കം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സ്ഥാപനത്തിൻ്റെ ചെയർമാൻ്റെ നേതൃത്വത്തിൽ ഒരു കൂട്ടം സ്‌കൂൾ ജീവനക്കാർ പ്രിന്‍സിപ്പലിൻ്റെ ഓഫീസിൽ കയറി, ഉടൻ ഒഴിയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രിന്‍സിപ്പല്‍ എതിർത്തതോടെ ബലപ്രയോഗത്തിലൂടെ കസേരയിൽ നിന്ന് എഴുന്നേൽപ്പിച്ച് പുതിയ പ്രിന്‍സിപ്പല്‍ ഷെർലിൻ മാസിയെ കസേരയിൽ ഇരുത്തി കൈയടിയോടെ സ്വീകരിക്കുകയായിരുന്നു.
ഫെബ്രുവരി 11ലെ യു.പി.പി.എസ്.സി. റിവ്യൂ ഓഫീസർ-അസിസ്റ്റൻ്റ് റിവ്യൂ ഓഫീസർ (ആർഒ-എആർഒ) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി സ്കൂൾ അധികൃതർ ഉള്‍പ്പടെ നടത്തിയെന്നാണ് ആരോപണം. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്) അറസ്റ്റ് ചെയ്തവരിൽ സ്റ്റാഫ് അംഗമായ വിനീത് ജസ്വന്ത് ഉണ്ടെന്നും പ്രിന്‍സിപ്പല്‍ പരുൾ സോളമന് അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നതിൻ്റെ അടിസ്ഥാനത്തിൽ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയായിരുന്നുവെന്നും ലഖ്‌നൗ രൂപതയെ പ്രതിനിധീകരിച്ച് ബിഷപ്പ് മോറിസ് എഡ്ഗർ ഡാൻ പറഞ്ഞു.
പരുൾ സോളമനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിനെ തുടർന്ന് ഷെർലി മാസൈയെ പുതിയ പ്രിൻസിപ്പലായി നിയമിച്ചതായും തുടർന്ന് ഓഫിസിലെത്തിയപ്പോൾ ചാർജ് എടുക്കാൻ അനുവദിക്കാതിരിക്കുകയായിരുന്നുവെന്നും ബിഷപ്പ് ഡാൻ വ്യക്തമാക്കി.
പരീക്ഷ തുടങ്ങുന്നതിന് മുമ്പായി ചോദ്യ പേപ്പർ ചോർന്നിരുന്നു. സ്കൂളിലെ പരീക്ഷാ സെൻ്റർ അഡ്മിനിസ്ട്രേറ്റർ വിനീത് യശ്വന്ത് ഉൾപ്പെടെ പത്ത് പേരെ യുപി സ്പെഷ്യല് ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തിരുന്നു. പരീക്ഷ ദിവസം രാവിലെ പരീക്ഷാകേന്ദ്രത്തിൽ നിന്ന് മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് ചോദ്യപേപ്പർ ചോർത്തുകയായിരുന്നു.
പരുൾ സോളമൻ്റെ പരാതിയെ തുടർന്ന് എൻഎൽ ഡാൻ, ബിഷപ്പ് മൗറീസ് എഡ്ഗർ ഡാൻ, വിനീത, സഞ്ജീത് ലാൽ, വിശാൽ നേവൽ സിങ്, ആർകെ സിങ്, തരുൺ വ്യാസ്, അഭിഷേക് വ്യാസ് തുടങ്ങി നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റാരോപിതരായവരും വീഡിയോ ദൃശ്യങ്ങൾ പോലീസിന് സമർപ്പിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.