ന്യൂഡൽഹി: നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ സൂത്രധാരനെന്ന് കരുതുന്നയാളും രണ്ട് എം.ബി.ബി.എസ് വിദ്യാർഥികളും അടക്കം മൂന്ന് പേരെ സി.ബി.ഐ അറസ്റ്റുചെയ്തു. സംഭവത്തിന്റെ സൂത്രധാരനും ജംഷേദ്പുർ എൻ.ഐ.ടിയില്‍നിന്നുള്ള ബി ടെക് ബിരുദധാരിയുമായ ശശികാന്ത് പസ്വാൻ ആണ് സി.ബി.ഐയുടെ വലയിലായത്.
നേരത്തേ അറസ്റ്റിലായ കുമാർ, റോക്കി എന്നിവരുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. രാജസ്ഥാനിലെ ഭരത്പുരിലുള്ള എം.ബി.ബി.എസ്. രണ്ടാംവർഷ വിദ്യാർഥികളായ കുമാർ മംഗലം, ദിപേന്ദ്ര ശർമ എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേർ.
പരീക്ഷ നടന്ന മേയ് അഞ്ചിന്, ചോദ്യപേപ്പർ ചോർന്ന ഝാർഖണ്ഡിലെ ഹസാരിബാഗിൽ കുമാർ മംഗലവും ദിപേന്ദ്ര ശർമയും ഉണ്ടായിരുന്നു എന്ന് സി.ബി.ഐ. വൃത്തങ്ങൾ അറിയിച്ചു.
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ജൂലായ് 18-ന് പട്‌ന എയിംസിലെ നാല് എം.ബി.ബി.എസ്. വിദ്യാര്‍ഥികളെ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നാലുപേരെയും കോടതി സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആറ് കേസുകളിൽ ഇതുവരെ ആകെ 21 പേരെയാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തിരിക്കുന്നത്.
റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(റിംസ്)ലെ ആദ്യവര്‍ഷ വിദ്യാര്‍ഥിനി സുരഭി കുമാരിയെ വെള്ളിയാഴ്ച സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. ഹോസ്റ്റലിലും സി.ബി.ഐ. ഓഫീസിലുമായി മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് വിദ്യാര്‍ഥിനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.