കൊല്ലം∙ കെഎസ്ആർടിസി വാണിജ്യ വിഭാഗത്തിനു കീഴിൽ ആരംഭിച്ച കുറിയർ സർവീസിന് മികച്ച വരവേൽപ്. സംസ്ഥാന തലത്തിൽ ഒരു വർഷത്തിനിടയിൽ സമാഹരിച്ചത് ഏകദേശം 5 കോടിയിലേറെ രൂപ. കേരളത്തിലെ 46 കെഎസ്ആർടിസി ഡിപ്പോ കൗണ്ടറുകളിൽ നിന്ന് പ്രതിദിനം 1.75 ലക്ഷം രൂപ വരുമാനം ലഭിക്കുന്നതായി കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
കൊല്ലം ജില്ലയിലെ 4 കൗണ്ടറുകളിൽ നിന്നു മാത്രം പ്രതിദിനം ശരാശരി 25000 രൂപയാണ് വരുമാനം. കൊല്ലത്തിനു പുറമേ, കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് കുറിയർ കൗണ്ടറുകൾ. ഒരു വർഷത്തിനിടെ കൊല്ലം ജില്ലയിലെ വരുമാനം 70 ലക്ഷത്തിലേറെ രൂപയാണ്. കൊല്ലം ഡിപ്പോയിൽ നിന്നു മാത്രം പ്രതിദിനം ശരാശരി 13,000 രൂപ വരുമാനമുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂണിലാണ് കുറിയർ സർവീസ് ആരംഭിച്ചത്.ആറു ലക്ഷത്തിൽ അധികം പാഴ്സലുകളാണ് ഇതിനോടകം വിനിമയം ചെയ്തത്. നിരക്കു കുറവായതിനാൽ ജനങ്ങൾക്ക് ഇപ്പോൾ കെഎസ്ആർടിസി കുറിയറിനോട് താൽപര്യം കൂടിയെന്നാണു വിലയിരുത്തൽ.
സാധാരണയായി രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ് കുറിയർ സേവനം ലഭ്യമാകുന്നത്. എന്നാൽ, കൊല്ലം, കൊട്ടാരക്കര ഡിപ്പോകളിൽ 24 മണിക്കൂർ സേവനം ലഭ്യമാണ്.
ദിവസവും 800ൽ അധികം പാഴ്സലുകൾ ജില്ലയിലെ കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. 16 മണിക്കൂർ കൊണ്ട് കേരളത്തിൽ എവിടെയും പാഴ്സൽ എത്തുമെന്നതു കൊണ്ട് സ്വകാര്യ കുറിയർ കമ്പനികളും കെഎസ്ആർടിസിയെ ആശ്രയിക്കുന്നു.
മറ്റു കുറിയർ സർവീസുകളെ അപേക്ഷിച്ച് നിരക്കിൽ 30 ശതമാനം കുറവുണ്ട്. സ്വിഫ്റ്റ് ബസിലും പാഴ്സൽ അയയ്ക്കുന്നുണ്ട്. ഡോർ–ടു–ഡോർ ഡെലിവറി സേവനം ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും വൈകാതെ തുടങ്ങുമെന്നു അധികൃതർ പറഞ്ഞു.
കെഎസ്ആർടിസി കുറിയർ സർവീസ് ബസ് വഴിയിൽ കിടന്നാലും പാഴ്സൽ വൈകില്ല. പിന്നാലെ എത്തുന്ന ബസിൽ അവ കയറ്റിവിടും. ഉപഭോക്താക്കളെ ഫോണിൽ വിവരം അറിയിക്കും. വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, കംപ്യൂട്ടറുകൾ, കണ്ണടകൾ, കശുവണ്ടി, കരകൗശല വസ്തുക്കൾ ഉൾപ്പെടെ പരമ്പരാഗത ഉൽപന്നങ്ങൾ തുടങ്ങി നിയമ വിധേയമായ വസ്തുക്കൾ എന്തും കെഎസ്ആർടിസി കുറിയർ വഴി അയയ്ക്കാം. സാധനങ്ങളുടെ തൂക്കം അനുസരിച്ചാണ് നിരക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.