ന്യൂഡൽഹി: കേരളത്തിന് ഉരുൾപൊട്ടൽ സാദ്ധ്യതയെക്കുറിച്ച് ജൂലായി 23ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദമന്ത്രി അമിത് ഷാ. രാജ്യസഭയിലാണ് ഇക്കാര്യം പറഞ്ഞത്. വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടാകുന്നതിന് ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും സംസ്ഥാന സർക്കാർ യഥാസമയം ജനങ്ങളെ ഒഴിപ്പിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
കനത്ത മഴയെന്ന പ്രവചനം ഉണ്ടായതോടെ ഒമ്പത് എൻഡിആർഎഫ് ടീമുകളെ കേരളത്തിലേക്ക് അയച്ചിരുന്നുവെന്നും ഇതിനെത്തുർടന്ന് സംസ്ഥാന സർക്കാർ ജാഗ്രത പാലിച്ചിരുന്നെങ്കിൽ മണ്ണിടിച്ചിൽ മൂലമുള്ള മരണങ്ങൾ കുറയ്ക്കാനാവുമായിരുന്നുവെന്നും രാജ്യസഭയിൽ അമിത് ഷാ പറഞ്ഞു. പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ഏഴുദിവസം മുമ്പേ മുന്നറിയിപ്പ് നൽകാൻ കഴിയുന്ന നാല് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വയനാട്ടിലുണ്ടായ ദുരന്തം നേരിടാൻ കേരള സർക്കാരിനും ജനങ്ങൾക്കുമൊപ്പം നരേന്ദ്രമോദി സർക്കാർ ഉറച്ചുനിൽക്കുമെന്നും അമിത്ഷാ പറഞ്ഞു. ചൊവ്വാഴ്ച രാത്രിതന്നെ മന്ത്രി ജോർജ് കുര്യൻ സ്ഥലം സന്ദർശിച്ചുവെന്നും പ്രധാനമന്ത്രി സ്ഥിതിഗതികൾ സൂക്ഷ്മയമായി നിരീക്ഷിച്ചുവരികയാണെന്നും ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അമിത്ഷാ അറിയിച്ചു.
അതിനിടെ കേരളത്തിൽ ആഗസ്റ്റ് രണ്ട് വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുന മർദ്ദപാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് അടുത്ത 1 -2 ദിവസം ശക്തമായി തുടരാൻ സാദ്ധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി - മിന്നലോട് കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.