തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കാതെ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് ഉത്തരവിട്ടു.
കൊട്ടിഘോഷിച്ച് കമ്മിറ്റിയെ വെച്ച് ഇടത് സര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നാലര വര്‍ഷത്തോളമായി പൂഴ്ത്തിവെക്കുകയായിരുന്നു. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തുവിടണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
നടിമാരടക്കം സിനിമാമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളും നേരിട്ട ദുരനുഭവങ്ങളുമായിരുന്നു കമ്മിറ്റി പഠിച്ചത്. മുന്‍കിട നായികമാര്‍ മുതല്‍ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വരെ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. പല പ്രമുഖര്‍ക്കുമെതിരെ വരെ പരാതി ഉണ്ടെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയായിരുന്നു സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിയത്.
വ്യക്തികള്‍ക്കെതിരെ മൊഴി ഉണ്ടെന്ന സൂചനകള്‍ ശരിവെച്ചുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നുള്ള വിവരാവകാശ കമ്മീഷന് ഉത്തരവ്. 49 ആം പേജിലെ 96 ആം പാരഗ്രാഫ്, 81 മുതല്‍ 100 വരെയുള്ള പേജുകളിലെ 165 മുതല്‍ 196 വരെയുള്ള ഭാഗങ്ങളും അനുബന്ധവും പുറത്തുവിടരുതെന്നാണ് ഉത്തരവ്. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഡബ്ളുസിസി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതോടെയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി ഉണ്ടാക്കിയത്.
ഇന്ത്യയില്‍ തന്നെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള ആദ്യ കമ്മിറ്റി. അത് വലിയ നേട്ടമായി ഇടത് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടി. പക്ഷെ 2019 ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പുറത്തുവിടാതെ പൂഴ്ത്തിവെക്കാനായിരുന്നു സര്‍ക്കാറിന്റെ ശ്രമം. ഡബ്ല്യുസിസിയും വനിതാ സംഘടനകളും പലവട്ടം ആവശ്യപ്പെട്ടിട്ടും സ്വകാര്യതാ പ്രശ്നം ഉയര്‍ത്തി സര്‍ക്കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.