തിരുവനന്തപുരം: ഭൂമി ഇടപാടിൽ ഡി.ജി.പിക്ക് വീഴ്ച ഇല്ല എന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. വില്പനക്കരാറിൽ നിന്ന് പിന്നോക്കം പോയത് ഉമർ ഷെരീഫ്. ഭൂമി വാങ്ങുന്നത് നഷ്ടമെന്ന് കണ്ട് മുൻകൂറായി നല്കിയ തുക തിരികെ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ഡി.ജി.പി. വഴങ്ങിയില്ലെന്നും വില്പനക്കരാർ രജിസ്റ്റർ ചെയ്തിട്ടില്ല എന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
ഡി.ജി.പി. ഭൂമി വില്ക്കാൻ ശ്രമിച്ചിരുന്നു. വില്പന വിവരം അറിഞ്ഞാണ് ഉമർ ഷെരീഫ് എത്തിയത്. അതിന് ശേഷം 74 ലക്ഷം രൂപയ്ക്ക് വില്പനക്കരാർ ഉണ്ടാക്കി. പിന്നീട് ഈ ഭൂമിയിൽ ഉമർ ഷെരീഫ് മതിൽ നിർമ്മിക്കുകയും ഇത് പ്രോപ്പർട്ടിയായി വില്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഉദ്ദേശിച്ച വില കിട്ടില്ല എന്ന് മനസ്സിലാക്കുകയും തുടർന്ന് ഇടപാടിൽ നിന്ന് പിന്നോട്ട് പോകാൻ ഉമർ ഷെരീഫ് തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻകൂർ നൽകിയ 30 ലക്ഷം തിരികെ ചോദിച്ചു. എന്നാൽ ഇതിന് ഡി.ജി.പി. തയ്യാറായില്ല. വില്പനയുമായിത്തന്നെ മുമ്പോട്ട് പോകണം എന്ന നിലപാടിലായിരുന്നു ഡി.ജി.പി. ഇതാണ് തർക്കത്തിലേക്കും പരാതിയിലേക്കും നീങ്ങിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഭൂമിയുടെ മേൽ ബാങ്കിൽ ബാധ്യതയുണ്ട് എന്ന് ഡി.ജി.പി. മറച്ചുവെച്ചു എന്ന് ഉമർ ഷെരീഫ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാൽ ബാങ്കിൽ നിന്നെടുത്തത് വിദ്യാഭ്യാസ വായ്പ ആയിരുന്നു. കൊളാട്രൽ സെക്യൂരിറ്റി ആയിട്ടാണ് വസ്തുവിന്റെ ആധാരം ബാങ്കിൽ നൽകിയിരുന്നത്. ഇത് എപ്പോൾ വേണമെങ്കിലും പിൻവലിക്കുകയും വില്പനയുടെ ഭാഗമായി രേഖാ നടപടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലായിരുന്നു. അതുകൊണ്ട് തന്നെ ബാധ്യതയായി കരാറിൽ ഉൾപ്പെടുത്തിയില്ലെങ്കിലും കുഴപ്പമില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.
വില്പനയുമായി ബന്ധപ്പെട്ട് പ്രാഥമിക കരാർ രജിസ്റ്റർ ചെയ്തിട്ടില്ല എന്നും സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മുൻകൂറായി അഞ്ച് ലക്ഷം രൂപ ഡി.ജി.പിക്ക് നേരിട്ട് കൈമാറി എന്നായിരുന്നു പരാതിക്കാരൻ ആരോപിച്ചിരുന്നത്. എന്നാൽ ഇക്കാര്യം ഡി.ജി.പി. നിഷേധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
മുൻ കൂറായി കൈപ്പറ്റിയ പണം തിരികെ നല്കി പ്രശ്നം പരിഹരിക്കാനുള്ള അണിയറശ്രമങ്ങൾ നടക്കുന്നതായാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.