ജറുസലം: തെക്കൻ ഗാസയിലെയും മധ്യഗാസയിലെയും അഭയാർഥി താവളങ്ങൾക്കുനേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുട്ടികൾ ഉൾപ്പെടെ 40 പേർ കൊല്ലപ്പെട്ടു. നൂറോളം പേർക്കു പരുക്കേറ്റു. ഇതിനു പുറമേ ഗാസയുടെ വിവിധ മേഖലകളിലുണ്ടായ ആക്രമണങ്ങളിൽ 9 പേർ മരിച്ചതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
തെക്കൻ ഗാസ നഗരമായ ഖാൻ യൂനിസിനു പുറത്തു സുരക്ഷിത മേഖലയായി ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ച പ്രദേശത്ത് കാറിനുനേരെയുണ്ടായ ആക്രമണത്തിൽ 17 പേർ മരിക്കുകയും 26 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഗാസയുടെ മറ്റു ഭാഗങ്ങളിൽ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിനു പലസ്തീൻകാർ താമസിക്കുന്ന കൂടാരങ്ങൾ നിറഞ്ഞ മുവാസിയിലെ ഗ്യാസ് സ്റ്റേഷനു സമീപമാണ് ആക്രമണമുണ്ടായത്.
മധ്യഗാസയിലെ നുസുറത്ത് അഭയാർഥി ക്യാംപ് പ്രവർത്തിക്കുന്ന സ്കൂളിനുനേരെയുണ്ടായ ബോംബാക്രമണത്തിൽ 23 പേർ മരിച്ചു. 73 പേർക്കു പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. തെക്കൻ അതിർത്തിപ്രദേശമായ റഫയിലെ ജനവാസമേഖലയിലുണ്ടായ വ്യോമാക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലുണ്ടായ മറ്റൊരു ആക്രമണത്തിൽ 2 കുട്ടികൾ ഉൾപ്പെടെ ഒരു വീട്ടിലെ 4 പേർ മരിച്ചു.
ഇതിനിടെ, യെമനിലെ ഹൂതികൾ മെഡിറ്ററേനിയൻ സമുദ്രത്തിൽ എണ്ണക്കപ്പൽ ഉൾപ്പെടെ 3 സമുദ്രയാനങ്ങളെ ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. ഖാൻ യൂനിസിലെ ഇസ്രയേൽ ആക്രമണത്തിനു തിരിച്ചടിയായാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് യാഹ്യ സരി വെളിപ്പെടുത്തി. ചെങ്കടലിൽ എണ്ണക്കപ്പൽ ആക്രമിച്ചെങ്കിലും നാശനഷ്ടമില്ല. ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 38,713 ആയി. പരുക്കേറ്റവർ 89,166 പേർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.