അങ്കോല (കര്‍ണാടക): അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിൽ പത്താംനാളിലേക്ക് കടക്കുകയാണ്. അർജുനായി ഒരു നാടും വീടും കാത്തിരിക്കുമ്പോൾ, ദുരന്തത്തിൽ കാണാതായ മറ്റൊരു ലോറി ഡ്രൈവറായ ശരവണ(39)ന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് തമിഴ്നാട്ടിലുള്ള അദ്ദേഹത്തിന്റെ കുടുംബം.
അർജുനെ കണ്ടെത്താൻ നാട്ടിൽനിന്നുള്ളവരും ജനപ്രതിനിധികളും അടക്കം നിരവധിപേർ ദുരന്തഭൂമിയിലുണ്ട്. എന്നാൽ, ശരവണനായി ഇവിടെയുള്ളത് അദ്ദേഹത്തിന്റെ അമ്മാവനായ സെന്തിൽകുമാർ മാത്രമാണ്. എന്ത് ചെയ്യണമെന്നോ ആരോട് സംസാരിക്കണമെന്നോ അറിയാതെ നിസ്സഹായനായി ഒരു മനുഷ്യൻ.
അർജുന്റെ തിരച്ചിലിനായി ലഭിക്കുന്ന പിന്തുണ ശരവണനുംകൂടി കിട്ടണമെന്ന ആഗ്രഹമേ തനിക്കുള്ളൂവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 'നദിയിലെ വെള്ളത്തിലോ മണ്ണിനടിയിലോ ശരവണനുണ്ടാകുമോ, അതോ ഒഴുകിപ്പോയോ എന്നൊന്നും അറിയില്ല. തമിഴ്നാട് സർക്കാരിനെ ബന്ധപ്പെട്ടപ്പോൾ തിരച്ചിലിനായി അവർ സമ്മർദ്ദം ചെലുത്തി. പക്ഷെ, ഒരാളുപോലും ഇവിടേക്ക് എത്തിയില്ല.
കർണാടകയിലെ ജില്ലാ കളക്ടറും എസ്പിയുമായി സംസാരിച്ചിരുന്നു. കാണാതായ ലക്ഷ്മണനും അർജുനനും ലഭിക്കുന്ന അതേ പ്രധാന്യം ശരവണനും ഉണ്ടാകുമെന്ന് അവർ ഉറപ്പ് നൽകി. ആ വിശ്വാസത്തിലാണ് ഞാനിവിടെ നിൽക്കുന്നത്. അർജുനുമായി ബന്ധമുള്ളവരോട് അന്വേഷിച്ചാണ് എന്താണ് ഇവിടെ നടക്കുന്നതെന്ന് മനസ്സിലാക്കുന്നത്.
ദുരന്തമുണ്ടായ സ്ഥലത്ത് അന്ന് രാവിലെ 7.30-ഓടെയാണ് ലോറിയുമായി ശരവണൻ എത്തിയത്. ദാർവാഡിൽ ചരക്ക് ഇറക്കി മടങ്ങിവരികയായിരുന്നു. മംഗലാപുരത്തെത്തി ചരക്ക് കയറ്റുകയായിരുന്നു അടുത്ത ലക്ഷ്യം. എപ്പോഴും ലോറി ഇവിടെ നിർത്താറുണ്ട്. രാവിലെ 7.36-ന് ശരവണൻ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പത്തുമണിയോടെയാണ് അപകടവിവരം അറിഞ്ഞത്.
ശരവണന്റെ ഫോൺ സ്വിച്ച് ഓഫ് ആയെന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും വീട്ടുകാർ എന്നെ അറിയിച്ചു. ലോറി ഉടമയെ ഉടൻ വിവരം അറിയിക്കുകയും അദ്ദേഹം അപകടസ്ഥലത്തേക്ക് എത്തുകയും ചെയ്തു. എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് പറഞ്ഞ് ലോറി ഉടമ തിരികെപോയി.
അപകടം നടന്ന മലയ്ക്ക് താഴെ ലോറി ഉണ്ടായിരുന്നെങ്കിലും ശരവണനെ കാണാനില്ലായിരുന്നു. ഒരു പാതി ശരീരമുള്ള മൃതദേഹം ലഭിച്ചെന്ന് അധികൃതർ അറിയിച്ചിരുന്നു. ഡിഎൻഎ പരിശോധനയ്ക്കായി ശരവണന്റെ അമ്മ പിന്നീട് ഇവിടേക്ക് വന്ന് മടങ്ങി.
ശരവണന് ആറ് വയസ്സുള്ള ഒരു മകനുണ്ട്. ലോറി ഓടിച്ചാണ് കുടുംബം നോക്കുന്നത്. വേറെ സാമ്പത്തിക മാർഗം ഒന്നുമില്ല. അവനെ എങ്ങനെയെങ്കിലും തിരികെകിട്ടണം', നിറകണ്ണുകളോടെ സെന്തിൽകുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.