പാരിസ്: ഒളിംപിക്സ് ബാഡ്മിന്റൻ വനിതാ സിംഗിൾസിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ആധികാരിക വിജയത്തോടെ ഇന്ത്യൻ മെഡൽ പ്രതീക്ഷയായ പി.വി. സിന്ധു പ്രീക്വാർട്ടറിൽ. തികച്ചും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ എസ്തോണിയൻ താരം ക്രിസ്റ്റിൻ കുബയെയാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ: 21-5, 21-10. ആദ്യ മത്സരത്തിൽ മാലദ്വീപ് താരം എഫ്.എന്‍. അബ്ദുൽ റസാഖിനെയും സിന്ധു തോൽപ്പിച്ചിരുന്നു. 21–9, 21–9 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം.
സിന്ധുവിനു പിന്നാലെ പുരുഷവിഭാഗം ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ ഇന്ത്യയുടെ സ്വപ്നിൽ കുശാലെ ഫൈനലിൽ കടന്നു. യോഗ്യതാ റൗണ്ടിൽ ഏഴാം സ്ഥാനക്കാരനായാണ് സ്വപ്നിലിന്റെ മുന്നേറ്റം. സ്വപ്നിലിനൊപ്പം മത്സരരംഗത്തുണ്ടായിരുന്ന ഇന്ത്യൻ താരം ഐശ്വരി പ്രതാപ് സിങ് തോമർ 11–ാം സ്ഥാനക്കാരനായി ഫൈനൽ കാണാതെ പുറത്തായി. ആദ്യ എട്ടു സ്ഥാനക്കാരാണ് ഫൈനലിലേക്കു മുന്നേറുക.
ബാഡ്മിന്റനു പുറമേ ഷൂട്ടിങ്, അശ്വാഭ്യാസം, ടേബിൾ ടെന്നിസ്, ബോക്സിങ്, ആർച്ചറി എന്നീ ഇനങ്ങളിലാണ് ഇന്ന് ഇന്ത്യയ്ക്ക് മത്സരങ്ങളുള്ളത് ബാഡ്മിന്റനിൽ സിന്ധുവിനു പുറമേ ലക്ഷ്യ സെൻ, എച്ച്.എസ്. പ്രണോയ് എന്നിവർക്കെല്ലാം ഇന്ന് മത്സരമുണ്ട്.
ഷൂട്ടിങ്ങിൽ വനിതാ ട്രാപ് യോഗ്യതാ റൗണ്ട് മാത്രമാണ് ഇന്ന് മെഡൽ സാധ്യതയുള്ള ഇനം. ശ്രേയസി സിങ്, രാജേശ്വരി കുമാരി എന്നിവരാണ് കളത്തിലിറങ്ങുന്നത്.
ബോക്സിങ്ങിൽ ഇന്നലെ നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യൻ താരങ്ങൾ പരാജയപ്പെട്ടെങ്കിലും, വിജയപ്രതീക്ഷയുള്ള ലവ്‌ലിന ബോർഗോഹെയൻ ഇന്ന് റിങ്ങിൽ പോരിനിറങ്ങും.
ആർച്ചറിയിൽ വ്യക്തിഗത ഇനത്തിൽ ദീപികാ കുമാരി, തരുൺ ദീപ് റായ് എന്നിവർക്കും മത്സരമുണ്ട്. നിലവിൽ രണ്ട് വെങ്കലമെഡലുകളുമായി പോയിന്റ് പട്ടികയിൽ 33-ാം സ്ഥാനത്താണ് ഇന്ത്യ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.