തിരുവല്ല: പീഡനക്കേസ് പ്രതിയെ ലോക്കൽ കമ്മിറ്റിയിൽ തിരിച്ചെടുത്ത തീരുമാനം സിപിഎം റദ്ദാക്കി. സിപിഎം നേതാവ് സി.സി.സജിമോനെതിരെയാണ് സംസ്ഥാന നേതൃത്വത്തിന്റെ നടപടി. പാർട്ടി അംഗമായി സജിമോൻ തുടരും. ലോക്കൽ കമ്മിറ്റിയിൽ സ്ഥാനമുണ്ടാകില്ല.
2017 ലാണ് സജിമോനെതിരെയുള്ള കേസു വരുന്നത്. ഇയാളെ വീണ്ടും പാർട്ടിയിലേക്കു തിരിച്ചെടുക്കുകയും കൂടുതൽ ഉത്തരവാദിത്തങ്ങൾ നല്‍കുകയും ചെയ്തതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ സമീപിക്കുകയായിരുന്നു.
അംഗത്വം മാത്രം നൽകിയാൽ മതിയെന്നായിരുന്നു പാർട്ടി കൺട്രോൾ കമ്മിഷൻ തീരുമാനം. ഇതിനു വിരുദ്ധമായാണ് ലോക്കൽ കമ്മിറ്റിയിലേക്ക് എടുത്തത്. നിയമനം പാർട്ടിയിൽ വിവാദമായതോടെയാണ് കൺട്രോൾ കമ്മീഷൻ തീരുമാനം നടപ്പാക്കിയാൽ മതിയെന്നു സംസ്ഥാന നേതൃത്വം നിർദേശം നൽകിയത്.
വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ പാർട്ടിയിൽനിന്നും പുറത്താക്കിയശേഷം തിരിച്ചെടുത്ത സജിമോനെതിരെ തിരുവല്ലയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. വിവാഹിതയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന 2017ലെ കേസിൽ സജിമോന്റെ പാർട്ടി അംഗത്വം സസ്പെൻഡ് ചെയ്തു. കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ചതായും ആരോപണം ഉയർന്നു.
പിന്നീട് മേൽഘടകം നടപടി പിൻവലിക്കുകയും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയാക്കുകയും ചെയ്തു. കഴിഞ്ഞ സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റിയിലേക്കെത്തി. ഇതിനെതിരെ പാർട്ടിയിൽ പരാതിയുണ്ടായി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ സജിമോനെ പാർട്ടിയിൽനിന്നു പുറത്താക്കാൻ തീരുമാനിച്ചു.
നേരത്തെ കിട്ടിയ സസ്പെൻഷനു പുറമേ പുറത്താക്കലും വന്നതോടെ ഒരേ സംഭവത്തിൽ രണ്ടു നടപടിയുണ്ടായെന്നു കാണിച്ച് സജിമോൻ സിപിഎം കൺട്രോൾ കമ്മിഷനു പരാതി നൽകി. തുടർന്ന് കമ്മിഷൻ ഒരു തെറ്റിൽ രണ്ടു നടപടി വേണ്ട എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
ജില്ലാ കമ്മിറ്റി നിലപാടും സജിമോന് അനുകൂലമായി. പ്രാഥമിക അംഗത്വം വീണ്ടും നൽകിയതിനു പുറമേ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റിയിലേക്കു സ്ഥാനക്കയറ്റവും നൽകി. ഇതിനെതിരെയാണ് ലോക്കൽ കമ്മിറ്റിയിലെ ഒരുവിഭാഗം സംസ്ഥാന കമ്മിറ്റിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.