മുംബൈ∙ പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് മത്സരത്തിൽ ഒത്തുകളിച്ചെന്ന ആരോപണം ഉയർന്ന രാത്രിയിൽ, ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കടുംകൈ ചെയ്യാൻ തുനിഞ്ഞതായി വെളിപ്പെടുത്തി ഉറ്റ സുഹൃത്ത്. യുട്യൂബർ ശുഭാങ്കർ മിശ്രയുടെ ‘അൺപ്ലഗ്ഡ്’ എന്ന പോഡ്കാസ്റ്റിലാണ് ഷമിയുടെ സുഹൃത്ത് ഉമേഷ് കുമാറിന്റെ വെളിപ്പെടുത്തൽ.
ഷമിക്കെതിരായ ആരോപണം അധികൃതർ അന്വേഷിക്കാൻ തീരുമാനിച്ച അന്നു രാത്രി, എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ ഷമി 19–ാം നിലയുടെ ബാൽക്കണിയിൽനിന്ന് ചാടാനൊരുങ്ങി എന്നാണ് വെളിപ്പെടുത്തൽ.
ഭാര്യ ഹസിൻ ജഹാനുമായുള്ള ദാമ്പത്യ പ്രശ്നങ്ങൾ കരിയറിന്റെ ഒരു ഘട്ടത്തിൽ മുഹമ്മദ് ഷമിയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. മകളുമായി ഭാര്യ വീടുവിട്ടത് ഷമിക്ക് വൻ തിരിച്ചടിയായിരുന്നു. ഷമിക്കെതിരെ ഗാർഹിക പീഡനക്കുറ്റം ആരോപിച്ച് ഹസിൻ ജഹാൻ പിന്നീട് പൊലീസിൽ പരാതിയും നൽകി.
ഇതോടെ ബിസിസിഐയുടെ കരാർപ്പട്ടികയിൽനിന്ന് ഷമി പുറത്തായി. ഇതിനു പുറമേയാണ്, പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഷമി ഒത്തുകളിച്ചെന്ന ആരോപണം ഉയർന്നത്.
‘‘ഷമി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. മുന്നിൽ വരുന്ന എല്ലാറ്റിനോടും പൊരുതി നിൽക്കേണ്ട അവസ്ഥ. അന്ന് എന്റെ വീട്ടിലാണ് ഷമിയെ താമസിപ്പിച്ചിരുന്നത്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഷമി ഒത്തുകളിച്ചെന്ന ആരോപണം ഉയർന്നതോടെ, ഷമി പൂർണമായും തകർന്നു. ആ രാത്രിയാണ് അത് സംഭവിച്ചത്. എല്ലാം ഞാൻ സഹിക്കും, പക്ഷേ മാതൃരാജ്യത്തെ ഒറ്റിക്കൊടുത്തെന്ന ആരോപണം സഹിക്കില്ലെന്നായിരുന്നു ഷമിയുടെ നിലപാട്.’’ – ഉമേഷ് കുമാർ വെളിപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.